പഠിക്കാന്‍ മിടുക്കി; പ്രായവും കുറവ്; ശിക്ഷ കുറയ്ക്കാന്‍ ഗ്രീഷ്മയുടെ വാദങ്ങള്‍; ചെകുത്താന്റെ സ്വഭാവമെന്ന് പ്രോസിക്യൂഷന്‍

പാറശാല ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതിയായ ഗ്രീഷ്മ മൂന്നാം പ്രതി നിര്‍മലകുമാരന്‍ നായര്‍ എന്നിവരുടെ ശിക്ഷാ വിധി മറ്റന്നാള്‍. ഇന്ന് ശിക്ഷാ വിധിയില്‍ കോടതി പ്രത്യേകം വാദം കേട്ടു. ശിക്ഷ പരമാവധി കുറയ്ക്കാനുളള നീക്കങ്ങള്‍ ഗ്രീഷ്മ നടത്തിയപ്പോള്‍ വധശിക്ഷ തന്നെ ഉറപ്പിക്കാനാണ് പ്രോസിക്യൂഷൻ ശ്രമിച്ചത്. പ്രായം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളാണ് ഗ്രീഷ്മ പ്രധാനമായും ഉന്നയിച്ചത്.

കേസ് പരിഗണനയ്ക്ക് എടുത്തപ്പോള്‍ പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. മറുപടിയായി ഒരു കത്താണ് ഗ്രീഷ്മയുടെ അഭിഭാഷകന്‍ നല്‍കിയത്. വിദ്യാഭ്യാസം തുടരണമെന്നും തനിക്ക് 24 വയസ്സ് മാത്രമാണ് പ്രായമെന്നതും പരിഗണിക്കണം. എംഎ ലിറ്ററേച്ചര്‍ ഡിസ്റ്റിങ്ഷനോടെയാണ് പാസായത്. രക്ഷിതാക്കള്‍ക്ക് ഏക മകളാണെന്നും ചൂണ്ടികാട്ടി. കത്തിനൊപ്പം ബിരുദ സര്‍ട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറി.

ഈ വാദങ്ങളെ ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷന്‍ ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്ന് വാദിച്ചു. കൊല്ലപ്പെട്ട ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയിലുണ്ട്. ഇന്റര്‍നെറ്റിലൂടെ ഇത്രയും വേദനയും ബുദ്ധിമുട്ടും ഉണ്ടാകും എന്ന് പഠിച്ച ശേഷമാണ് കൊലപാതകം നടത്തിയത്. ഒരു ചെറുപ്പക്കാരന്റെ സ്‌നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. ക്രൂരനായ ഒരു കുറ്റവാളിക്ക് മാത്രമേ ഇങ്ങനെ ഒരു കുറ്റകൃത്യം ചെയ്യാന്‍ കഴിയുകയുള്ളൂ എന്നും അതിനാല്‍ പരമാവധി ശിക്ഷ വേണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് കേസ് വിധി പറയാനായി മാറ്റിയത്.

സൈനികനുമായി വിവാഹം ഉറപ്പിച്ചതോടെയാണ് നാലു വര്‍ഷമായി പ്രണയത്തിലായിരുന്നു കാമുകനെ ഗ്രീഷ്മ കൊന്നത്. കഷായത്തില്‍ കീടനാശിനി കലക്കി നല്‍കിയായിരുന്നു കൊലപാതകം. 2022 ഒക്ടോബര്‍ 14ന് ലൈംഗിക ബന്ധത്തിനെന്ന് പറഞ്ഞ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കുകയായിരുന്നു. ഒക്ടോബര്‍ 25ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top