അടിച്ചുപിരിയുന്ന മധ്യവയസ്കരുടെ എണ്ണം കൂടുന്നു; ‘ഗ്രേ ഡിവോഴ്സ്’ ഒരു യാഥാർത്ഥ്യമാണ്; കൊല്ലത്തെ പാപ്പച്ചൻ വധത്തിൽ സംഭവിച്ചതും അറിയണം

സ്വകാര്യ ബാങ്കിൽ ലക്ഷങ്ങൾ നിക്ഷേപം ഉണ്ടായിരുന്ന കൊല്ലത്തെ മുൻ ബിഎസ്എൻഎൽ എഞ്ചിനീയർ പാപ്പച്ചൻ്റെ (82) കൊലപാതകത്തിൻ്റെ പിന്നിലെ വസ്തുതകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ദീർഘകാലമായി കുടുംബവുമായി വേർപിരിഞ്ഞ് ഒറ്റക്കായിരുന്നു താമസം. ഭാര്യ കോട്ടയത്തും മകൻ കുവൈറ്റിലും മകൾ ലക്നൗവിലും. ഇങ്ങനെ കുടുംബത്തിൻ്റെ തുണയില്ലാതെ ജീവിച്ച പാപ്പച്ചൻ്റെ ലക്ഷങ്ങളുടെ നിക്ഷേപത്തുക തട്ടിയെടുക്കാൻ അത് ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടിരുന്ന ധനകാര്യ സ്ഥാപനത്തിലെ മാനേജർ നടത്തിയ ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്.

സ്വന്തം ഭാര്യയും മകളുമടക്കം കുടുംബത്തിലുള്ളവരോട് സംസാരിക്കുന്നതിലധികം മിനി മുത്തൂറ്റ് നിധി ലിമിറ്റഡിലെ ജീവനക്കാരോടാണ് പാപ്പച്ചൻ എല്ലാ കാര്യങ്ങളും പങ്കുവച്ചിരുന്നത്. ഇപ്പോൾ കൊലക്കേസിൽ പ്രധാന പ്രതിയായിരിക്കുന്ന ബ്രാഞ്ച് മാനേജർ സരിത വീട്ടിലെ നിത്യ സന്ദർശകയുമായിരുന്നു. ആദ്യം 14 ലക്ഷം നിക്ഷേപിച്ചതിന് പിന്നാലെ നേരിട്ടെത്തി പാപ്പച്ചനെ നിർബന്ധിച്ചാണ് മറ്റ് ബാങ്കുകളിൽ ഇട്ടിരുന്ന തുകയും ഇവിടേക്ക് എത്തിച്ചത്. വീട്ടുകാരുമായി പാപ്പച്ചന് അടുപ്പമില്ലെന്ന് മനസിലാക്കി തന്നെയായിരുന്നു ഇവരുടെ ഇടപാടുകളെല്ലാം. നിക്ഷേപത്തെക്കുറിച്ച് വീട്ടിലാർക്കും അറിയില്ലെന്ന് ഉറപ്പുവരുത്തി. പാപ്പച്ചൻ മരിച്ചാൽ അത് ചോദിച്ച് ആരും വരില്ലെന്നും മനസിലാക്കി. തുടർന്നാണ് ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകി എൺപതുകാരൻ്റെ സൈക്കിളിലേക്ക് കാറിടിച്ച് കയറ്റി കൊന്നത്.

മധ്യവയസ് കഴിഞ്ഞ് കുടുംബവുമായി പിരിഞ്ഞ് താമസിക്കുന്നവർ നേരിടുന്ന നിരവധി പ്രശ്നങ്ങളുണ്ട്. സ്വത്തവകാശം പിൻഗാമികളിൽ ആർക്കെന്ന് പോലും രേഖകളിൽ കാണിക്കാത്തതിൻ്റെ ദുരന്തമാണ് പാപ്പച്ചൻ്റെ കാര്യത്തിൽ സംഭവിച്ചത്. മധ്യവയസ് കഴിഞ്ഞ ദമ്പതികളുടെ വിവാഹമോചനങ്ങൾ ലോകവ്യാപകമായി വലിയ ചർച്ചാ വിഷയമാണ്. ഇന്ത്യയിലും ഇത് ഗൗരവമേറിയ സാമൂഹ്യപ്രശ്നമായി വളർന്നു കഴിഞ്ഞു.

കേൾക്കുമ്പോൾ ഞെട്ടൽ തോന്നുണ്ടോ? ‘ഗ്രേ ഡിവോഴ്സ്’ (Grey Divorce) എന്നാൽ തലനരച്ച ശേഷമുള്ള ഡിവോഴ്സ് എന്നർത്ഥം. ലോകവ്യാപകമായി അമ്പത് വയസ് കഴിഞ്ഞ ദമ്പതികളുടെ വിവാഹ മോചനങ്ങൾ ക്രമാതീതമായി വർദ്ധിക്കുകയാണ്. എന്തിനധികം പറയുന്നു, വിവാഹബന്ധങ്ങൾ ജീവിതാവസാനം വരേയ്ക്കും തുടരണമെന്ന് ശാഠ്യം പിടിച്ചിരിക്കുന്ന നമ്മുടെ രാജ്യത്തും ചെറുപ്പക്കാരുടെ വിവാഹ മോചനക്കേസുകളുടെ എണ്ണം കൂടുന്നതു പോലെ തന്നെ പ്രായമായവരുടെ വേർപിരിയലും കൂടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ദമ്പതികൾ വേർപിരിയുമ്പോൾ സ്വർഗം കരയുമെന്ന് പഴഞ്ചൊല്ലുണ്ട്. കാരണം വളരെ അപൂർവമായി സംഭവിച്ചിരുന്ന കാലത്ത് പറഞ്ഞിരുന്ന നാട്ടുവർത്തമാനം ആയിരുന്നു അത്. ഇന്നിപ്പോൾ സ്വർഗത്തിന് കരയാനൊന്നും നേരമില്ലെന്നാണ് മനശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും പറയുന്നത്. വിവാഹമോചനം ഇന്നൊരു സാമൂഹ്യ യാഥാർത്ഥ്യമായി മാറിക്കഴിഞ്ഞു. ഒരുമിച്ച് താമസിക്കാൻ കഴിയാതാവുമ്പോൾ വേർപിരിയാൻ ഇഷ്ടപ്പെടുന്നവരുടെ എണ്ണം കുത്തനെ കൂടുകയാണ്.

ഇന്ത്യൻ സാഹചര്യങ്ങളിൽ എത്ര പൊരുത്തക്കേടുകൾ ഉണ്ടെങ്കിലും മിക്കവരും അങ്ങ് ‘അഡ്ജസ്റ്റ്‌’ ചെയ്തുപോകയാണെന്ന് പറയാറുണ്ട്. സാമൂഹ്യ സമ്മർദ്ദങ്ങളാണ് ഇത്തരം അഡ്ജസ്റ്റ് മെൻ്റിന് കാരണം. എന്നാൽ ഇന്ന് ആ അവസ്ഥകൾ മാറിമറിഞ്ഞു എന്നാണ് സ്ഥിതിവിവരകണക്കുകൾ സൂചിപ്പിക്കുന്നത്.

ആയുർദൈർഘ്യം കൂടുന്നതും, സാമ്പത്തിക സുരക്ഷിതത്വവും, വ്യക്തിസ്വാതന്ത്ര്യ ബോധവുമൊക്കെ മധ്യവയസ്കരുടെ വേർപിരിയലിന് കാരണമാകുന്നുണ്ട്. സാമ്പത്തിക സുരക്ഷിതത്വം ഉള്ളവരാണ് ഈ പ്രായത്തിലും ഡിവോഴ്സിന് തയ്യാറാവുന്നത്. പരാശ്രയമില്ലാതെ കഴിയാമെന്ന ഉറച്ച വിശ്വാസമാണ് അസ്വസ്ഥമായ കുടുംബ ജീവിതത്തിൽ നിന്ന് പുറത്തുചാടാൻ മിക്കവരേയും പ്രേരിപ്പിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിനും സന്തോഷത്തിന്നും പണ്ടത്തേക്കാൾ ദമ്പതികൾ പ്രാധാന്യം നൽകുന്ന കാലമാണിത്. അതുകൊണ്ട് തന്നെ സദാ ‘ചൊറിയുന്ന ഭാര്യയെ / ഭർത്താവിനെ’ ഉപേക്ഷിക്കുന്നത് പതിവാണ്. സ്വകാര്യതയിൽ അനാവശ്യമായി ഭാര്യയോ / ഭർത്താവോ കൈകടത്തുന്നതും പലരും ‘സഹിച്ചു’ നിൽക്കാറില്ല.

ചെറുപ്പക്കാരുടെ വിവാഹ മോചനക്കേസുകൾ പോലെ ഇവിടെ കാര്യങ്ങൾ അത്ര എളുപ്പമല്ല എന്നതൊരു വസ്തുതയാണ്. സ്വത്തുവിഭജനം, പെൻഷൻ ആനുകൂല്യങ്ങൾ, ജോയിൻ്റ് അക്കൌണ്ടിലെ തുകകൾ തുടങ്ങിയവയെല്ലാം തമ്മിൽ ചർച്ച് ചെയ്ത് യോജിച്ച പരിഹാരം കണ്ടെത്തേണ്ട വിഷയങ്ങൾ തന്നെയാണ്. ഇതിനെല്ലാം ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ട്. എല്ലാ ജാതി- മത വിഭാഗങ്ങൾക്കും വിവാഹ മോചന നിയമങ്ങൾ നിലവിലുണ്ടെങ്കിലും മധ്യവയസ്കരുടെ ഡിവോഴ്സ് കീറാമുട്ടിയാണ് എന്നാണ് നിയമരംഗത്തുള്ളവർ പറയുന്നത്. നഷ്ടപരിഹാരം ചോദിക്കുന്നതിലെ തർക്കങ്ങളാണ് ഗ്രേ ഡിവോഴ്‌സ് നീണ്ടുപോകാനുള്ള പ്രധാന കാരണം.

സിനിമാ താരങ്ങളായ കമലഹാസൻ – സരിക ദമ്പതികൾ 2004ൽ പിരിഞ്ഞെങ്കിലും അവർ തമ്മിലുണ്ടായ സ്വത്ത് വിഭജന തർക്കം ഏറെക്കാലം നീണ്ടുനിന്നു. അതുപോലെ തന്നെ മൈക്രോസോഫ്റ്റ് ഉടമ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡാ ഗേറ്റ്സും തമ്മിൽ 25 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021ൽ പിരിഞ്ഞു. അവർ തമ്മിലും സ്വത്ത് വിഭജിക്കുന്നതിൽ തർക്കമുണ്ടായിരുന്നു.

ഇന്ത്യയിലെ നിയമ നടപടികളിലെ കാലതാമങ്ങളും നൂലാമാലകളും മധ്യവയസിൽ പിരിയുന്ന ദമ്പതികളെ മാനസികമായി വീണ്ടും അസ്വസ്ഥമാക്കുന്ന സ്ഥിതിയിലേക്ക് തള്ളിവിടാറുണ്ട്. ഗ്രേ ഡിവോഴ്സ് ഒരു സാമൂഹ്യ യാഥാർത്ഥ്യമാണെന്ന് തിരിച്ചറിഞ്ഞ് അതിന് അനുയോജ്യമായ വിധത്തിൽ നിയമ വ്യവസ്ഥകളിലും സാമൂഹ്യപദ്ധതികളിലും മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചുവെന്നാണ് പുതിയ ട്രെൻഡ് സൂചിപ്പിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top