രാമക്ഷേത്ര പ്രതിഷ്ഠയില്‍ പങ്കെടുത്തത് ശരിയായില്ല; മതത്തേയും രഷ്ട്രീയത്തേയും രണ്ടായി കാണണം; പ്രധാനമന്ത്രിക്ക് കത്തെഴുതി മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍
ഡല്‍ഹി : മതപരമായ കാര്യങ്ങളില്‍ ഭരണാധികാരികള്‍ നേരിട്ട് ഇടപെടുന്നതില്‍ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി 65 മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഇന്റലിജന്‍സ് ബ്യൂറോ മുന്‍മേധാവി എ.എസ്.ദൗലത്ത്, വിദേശകാര്യ സെക്രട്ടറി സുജാത സിങ്, ഇറ്റലിയിലെ മുന്‍ അംബാസിഡര്‍ കെ.പി.ഫാബിയാന്‍, മഹാരാഷ്ട്ര പോലീസ് മേധാവി ജൂലിയോ റെബീറോ, തുടങ്ങിയ പ്രമുഖരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
മതവും മതപരമായ ചടങ്ങുകളും വ്യക്തികളുടെ സ്വകാര്യതയില്‍പെട്ടതാണ്. ഭരണഘടന അനുസരിച്ച് പൗരന് ഇഷ്ടമുളള മതത്തില്‍ വിശ്വസിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ പൊതുപ്രവര്‍ത്തകരായ ഭരണ നേതാക്കള്‍ വിശ്വാസവും രാഷ്ട്രീയവും വേര്‍തിരിച്ച് നിര്‍ത്തുന്നതില്‍ ശ്രദ്ധാലുക്കളാകണം. ഉന്നതമായ ഭരണഘടനാ പദവിയിലിരിക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തത് മതനിരപേക്ഷതയ്ക്ക് നിരക്കുന്നതല്ല. പ്രധാനമന്ത്രി എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ട വിശ്വാസികളുടേയും പ്രതിനിധിയാണെന്ന് ഓര്‍ക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടികലര്‍ത്തുന്നത് ശരിയല്ല. ജനങ്ങളുടെ വികാരം പ്രധാനമന്ത്രിയെ അറിയിക്കേണ്ട ഉത്തരവാദിത്വം ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. അതിനാലാണ് ഇത്തരമൊരു കത്ത് ബ്യൂറോക്രാറ്റുകള്‍ എഴുതിയതെന്ന് മലയാളിയായ കെ.പി.ഫാബിയാന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
പുതുക്കി പണിത സോമനാഥ ക്ഷേത്രത്തിന്റെ ഉദ്ദ്ഘാടനത്തില്‍ പങ്കെടുത്ത അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ.രാജേന്ദ്ര പ്രസാദിനെ മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറു രൂക്ഷമായി വിമര്‍ശിച്ച കാര്യവും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ വിഭാഗീയതയും സാമുദായിക സംഘര്‍ഷങ്ങളും ഉണ്ടാകുന്നത് തടയാന്‍ നടപടി വേണം. ഹിന്ദു-മുസ്ലീം സമുദായങ്ങള്‍ പരസ്പര സൗഹൃദത്തിലും സഹകരണത്തിലും പ്രവര്‍ത്തിക്കാന്‍ ഭരണാധികാരികള്‍ നടപടിയെടുക്കണം. ആരാധനാലയങ്ങളുടെ പേരില്‍ ജനങ്ങള്‍ തമ്മില്‍ പരസ്പരം വിദ്വേഷമുണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന് ഭരണകൂടവും ഭരണാധികാരികളും മാറി നില്‍ക്കണം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വം വിശ്വാസവും രാഷ്ട്രീയവും തമ്മില്‍ വേര്‍തിരിച്ച് നിര്‍ത്തുകയെന്നതാണ്. ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അത് ഓര്‍ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here