അനീതിക്ക് വേണ്ടി പോരാടിയവരെ കൊന്നു; ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ച് ഗ്രോ വാസു

കോഴിക്കോട്: തെറ്റ് ചെയ്തിട്ടില്ലെന്ന വാദത്തിൽ ഉറച്ച് ഗ്രോ വാസു. കരുളായി വനമേഖലയിൽ മാവോവാദിനേതാക്കൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയാണ്. കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ട് , ജാമ്യം എടുക്കാത്തത് മനപൂർവം. ഭരണവർഗത്തിന്റെ ഫാസിസ്റ്റ് ചിന്താഗതി മാറണം. രാജ്യത്തെ അനീതിക്ക് വേണ്ടി പോരാടിയവരെയാണ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നത്. ഇതിന് ഉത്തരം ലഭിക്കണമെന്നും ഗ്രോ വാസു പറഞ്ഞു. 45 ദിവസത്തിന് ശേഷമാണ് ജയിൽ മോചിതനാകുന്നത്.

2016 ൽ നടന്ന ഏറ്റുമുട്ടലിൽ മരിച്ച മാവോവാദി കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണഗിരി ചെട്ടിയാന്‍പടി അംബേദ്കര്‍ കോളനി സ്വദേശി കുപ്പുസ്വാമി എന്ന ദേവരാജന്‍, ചെന്നൈ സ്വദേശിനി അജിത പരമേശന്‍ എന്നിവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ പരിസരത്ത് ഗതാഗതതടസ്സമുണ്ടാക്കിയെന്നതായിരുന്നു കേസ്. വാറന്റു പുറപ്പെടുവിച്ചതിനെത്തുടർന്ന് ഈ വർഷം ജൂലൈ 29നാണ് വാസു അറസ്റ്റിലായത്. കേസിലെ കൂട്ടുപ്രതികളെല്ലാം 200 രൂപ പിഴയടച്ച് കോടതി നടപടികൾ അവസാനിപ്പിച്ചപ്പോൾ ഗ്രോ വാസു അതിന് തയ്യാറായില്ല.

കൂടെയുള്ളവർക്ക് കുടുംബവും കുട്ടികളും ഉള്ളതിനാലാണ് അവർ ജാമ്യം എടുത്തത്. കുടുംബത്തെ പട്ടിണിക്കിടാൻ സാധിക്കില്ല. എന്നിട്ടും അനീതിക്കെതിരെ പ്രതിഷേധിക്കാൻ ഇത്രയും ദൂരം അവർ സഞ്ചരിച്ചു. നീതിക്കായുള്ള പോരാട്ടം ഇനിയും തുടരുമെന്നും ഗ്രോ വാസു പറഞ്ഞു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top