ജിഎസ്ടി മറ്റൊരു ഇഡിയും സിബിഐയും ആയാൽ… മോദി സർക്കാരിൻ്റെ ശക്തിയും ദൗർബല്യവും വെളിപ്പെടുത്തി ചിദംബരം

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിൻ്റെ ഏറ്റവുംപ്രധാനപ്പെട്ട നേട്ടങ്ങളും കോട്ടങ്ങളും ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരം. ഭരണഘടനാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയുടെ പിടിച്ചെടുക്കൽ, അന്വേഷണ ഏജൻസികളുടെ ദുരുപയോഗം, പക്ഷപാതപരമായ വികസന സമീപനങ്ങൾ എന്നിവയാണ് മോദി സർക്കാരിൻ്റെ ഏറ്റവും തെറ്റായ നിലപാടുകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ നേട്ടം കൊയ്യാൻ പാവപ്പെട്ടവർക്ക് കഴിയുന്നില്ലെന്നും ചിദംബരം ചൂണ്ടിക്കാട്ടി. ദേശീയ പാതകളുടെ ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് എൻഡിഎ സർക്കാരിനെ മുതിർന്ന കോൺഗ്രസ് നേതാവ് പ്രശംസിച്ചു.

അടൽ ബിഹാരി വാജ്‌പേയിയുടെ സുവർണ്ണ ചതുർഭുജ പദ്ധതിയിൽ നിന്നാണ് ഹൈവേ വികസനം ആരംഭിച്ചത്. യുപിഎ സർക്കാർ അത് വളരെയധികം മെച്ചപ്പെടുത്തി. മോദി സർക്കാരിന് കഴിഞ്ഞ ‘ 10 വർഷക്കാലവും മികച്ച രീതിയി അത് മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞതായും ചിദംബരം പറഞ്ഞു. ഇന്ത്യയിലെ നാലു പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയ പാതകളുടെ ശൃംഖലയാണു സുവർണ ചതുഷ്‌കോണം എന്നറിയപ്പെടുന്നത്.

രാജ്യത്ത് ഡിജിറ്റൽ പണമിടാപാടുകൾ മികച്ച രീതിയിൽ നടക്കുമെന്ന് അംഗീകരിച്ച മുൻ ധനമന്ത്രി ഇന്ത്യ കറൻസി രഹിത (പണരഹിത) സമൂഹത്തിലേക്ക് നീങ്ങുകയാണെന്ന കേന്ദ്രത്തിൻ്റെ അവകാശവാദത്തെ രൂക്ഷമായി വിമർശിച്ചു. ജർമനി ഉൾപ്പെടെയുള്ള യുറോപ്യൻ രാജ്യങ്ങൾ പോലും പണരഹിത സമൂഹമല്ല. നോട്ട് നിരോധന സമയത്ത് 17 ലക്ഷം കോടി രൂപയായിരുന്നു വിനിമയത്തിൽ ഉണ്ടായിരുന്നത്. ഇന്നത് 34 ലക്ഷം കോടിയായിമാറി. ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾക്കും അല്ലാതെയും പണം വേണം. അതിനാൽ കറൻസി രഹിത സമൂഹം സൃഷ്ടിക്കാൻ കഴില്ലെന്നും ചിദംബരം തറപ്പിച്ച് പറഞ്ഞു.

മോദി സർക്കാരിൻ്റെ അന്വേഷണ ഏജൻസികളുടെ ദുരുപയോഗം സാമ്പത്തിക വളർച്ചയെ പിടിച്ചുനിർത്തുന്നുവെന്നും കോൺഗ്രസ് നേതാവ് വിമർശിച്ചു. ജിഎസ്ടി വകുപ്പ്‌ ഇപ്പോൾ മറ്റൊരു ഇഡിയും സിബിഐയുമായി മാറുകയാണ്. അർദ്ധരാത്രിയിൽ ആരെങ്കിലും തങ്ങളുടെ വാതിലിൽ മുട്ടുമെന്ന് വ്യവസായികൾക്ക് ഭയമുണ്ട്. ജിഎസ്ടി അധികാരികൾ ഇപ്പോൾ ആളുകളെ പിടികൂടി ഭീഷണിപ്പെടുത്തുകയാണ്. ജിഎസ്ടി മറ്റൊരു ഇഡിയും സിബിഐയും ആകാൻ പോകുകയാണെങ്കിൽ… പൂർത്തിയാക്കാതെ ചിദംബരം നിർത്തി. അത് വലിയ പ്രത്യാഘാതങ്ങൾ സൃഷിക്കുമെന്ന ആശങ്കയും മുൻ ധനമന്ത്രി പ്രകടിപ്പിച്ചു. മുംബൈയിൽ നടന്ന ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top