അമൃത ആശുപത്രിയുടെ പേരില്‍ പോലും വ്യാജരേഖ; ആക്രിവ്യാപാരി വെട്ടിച്ചത് 30 കോടി
കോടികളുടെ നികുതിവെട്ടിപ്പ് നടത്തിയ ആക്രി വ്യാപാരി പിടിയില്‍. പാലക്കാട് ഓങ്ങല്ലൂര്‍ പാലക്കുറിശ്ശി പുത്തന്‍പീടിക വീട്ടില്‍ നാസറിനെയാണ് ജിഎസ്ടി വകുപ്പ് അറസ്റ്റ് ചെയ്തത്. ഏകദേശം 200 കോടിയുടെ ഇടപാടികളിലൂടെ 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് ഇയാള്‍ നടത്തിയത്. കൊച്ചിയിലെ ജിഎസ്ടി ഓഫീസില്‍ എത്തിച്ച് ചോദ്യംചെയ്യുകയാണ്.
വ്യാജരേഖകള്‍ ചമക്കുന്നതില്‍ റെക്കോര്‍ഡ് ഉണ്ടാക്കിയാണ് നികുതിവെട്ടിപ്പ് നടത്തിയത്. ഇടപ്പള്ളിയിലെ അമൃത ആശുപത്രി സ്ഥലത്തിന്റെ പേരില്‍ പോലും വ്യാജരേഖകള്‍ ചമച്ച് രജിസ്ട്രേഷനുകള്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയിട്ടുണ്ട്. എണ്‍പതോളം വ്യാജ രജിസ്ട്രേഷനുകള്‍ നിര്‍മ്മിച്ച് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിയെടുത്താണ് നികുതി വെട്ടിച്ചിരുന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായി പാലക്കാട് ഓങ്ങല്ലൂരിലുള്ള മൂന്ന് സ്ഥാപനങ്ങള്‍ ജിഎസ്ടിയുടെ നിരീക്ഷണത്തിലായിരുന്നു. ഇന്ന് പുലര്‍ച്ചെ നാസറിന്റെ വസതിയില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് അറസ്റ്റ്. അതേസമയം, സമാനമായ നാലോളം കേസുകള്‍ ഇതിന് മുമ്പും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാലക്കാട് ഓങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് സമാനമായ തട്ടിപ്പ് നടത്തിയ ആക്രിവ്യാപാരി ഓങ്ങല്ലൂര്‍ സ്വദേശിയായ ഉസ്മാനെ ജിഎസ്ടി ഇന്റലിജന്‍സ് മുന്‍പ് പിടികൂടിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here