പ്രൊമോഷനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജിഎസ്ടി ഉദ്യോഗസ്ഥന്‍; വിശ്വാസ വഞ്ചനക്ക് കേസെടുത്ത് പോലീസ്
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജിഎസ്ടി വകുപ്പില്‍ സ്ഥാനക്കയറ്റം നേടിയ ഉദ്യോഗസ്ഥനെതിരെ കേസ്. എറണാകുളത്തെ ജിഎസ്ടി ഓഫീസില്‍ സ്റ്റേറ്റ് ടാക്‌സ് ഓഫീസറായി ജോലി ചെയ്യുന്ന എസ്ബി അനില്‍ ശങ്കര്‍ ഉദ്യോഗക്കയറ്റം ലഭിക്കാനായി എംജി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള വ്യാജ ബികോം ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എന്നാണ് പോലീസ് കേസ്.
എറണാകുളം സെന്‍ട്രല്‍ പോലീസ് ഇയാള്‍ക്കെതിരെ വ്യാജരേഖ ചമച്ചതിനും വിശ്വാസ വഞ്ചനയ്ക്കും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ മാസം 24നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 406, 468, 471 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ചരക്ക് സേവന നികുതി വകുപ്പില്‍ ഇന്‍സ്‌പെക്ടറായി സ്ഥാനക്കയറ്റം ലഭിക്കാന്‍ വകുപ്പ് തല പരീക്ഷകള്‍ പാസ്സാകണം. അല്ലെങ്കില്‍ തത്തുല്യമായ ബികോം ബിരുദം പാസ്സായാലും മതി. ഇയാള്‍ ഹാജരാക്കിയ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ സുതാര്യത പരിശോധന യൂണിവേഴ്‌സിറ്റി നടത്തിയപ്പോഴാണ് വ്യാജ ബിരുദമാണെന്ന് തെളിഞ്ഞത്.
അനില്‍ ശങ്കര്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റിലെ രജിസ്റ്റര്‍ നമ്പര്‍ പ്രകാരം ഇയാള്‍ പരീക്ഷ എഴുതിയിട്ടില്ലെന്നും ബിരുദം നല്‍കിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി സര്‍വ്വകലാശാല എറണാകുളം ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണറെ രേഖാമൂലം അറിയിച്ചിരുന്നു. ഇതോടെയാണ് ജിഎസ്ടി വകുപ്പ് പോലീസിന് പരാതി നല്‍കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here