ദ ഹിന്ദു അസി.എഡിറ്റര്‍ ജിഎസ്ടി തട്ടിപ്പില്‍ അറസ്റ്റില്‍; വ്യാജ ബില്ലുണ്ടാക്കി കോടികള്‍ തട്ടി

കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയ ദ ഹിന്ദു ദിനപത്രത്തിലെ മുതിര്‍ന്ന മാധ്യപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഹിന്ദു അസിസ്റ്റന്റ് എഡിറ്ററും അഹമ്മദബാദ് ലേഖകനുമായ മഹേഷ് ലാങ്കയാണ് അറസ്റ്റിലായത്. ഇയാളെ 10 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മഹേഷ് ലാങ്കയുടെ പേര് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത 20 ലക്ഷം രൂപയുടെ സ്‌ത്രോതസ് വെളിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ലാങ്കയുടെ ഭാര്യയും അടുത്ത ബന്ധുവും പാര്‍ട്ണറായ ഡിഎ എന്റര്‍പ്രൈസ് എന്ന സ്ഥാപനത്തിലൂടെയാണ് കോടികളുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയത്. വ്യാജബില്ലുകള്‍ ഉപയോഗിച്ച് ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് (ഐടിസി) ഇടപാടിലൂടെ കോടികളുടെ വെട്ടിപ്പ് നടത്തിയെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി കണ്ടെത്തിയത്. വ്യാജ രേഖകളുണ്ടാക്കി 220ലധികം ബിനാമി സ്ഥാപനങ്ങളുടെ പേരിലാണ് നികുതി വെട്ടിപ്പ് നടത്തിയത്. അഹമ്മദബാദ് ഡിറ്റക്ഷന്‍ ഓഫ് ക്രൈം ബ്രാഞ്ചാണ് മഹേഷ് ലാങ്ക, അജാസ് ഇക്ബാല്‍ ഹബീബ് മല്‍ദാര്‍, അബ്ദുല്‍ ഖാദര്‍ സമദ് കാദ്രി, ജ്യോതിഷ് മഗന്‍ ഗോന്താ ലിയ എന്നിവരെ അറസ്റ്റ് ചെയ്തത്.
മഹേഷ് ലാങ്കയുടെ അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവില്ലെന്ന് ദ ഹിന്ദു എഡിറ്റര്‍ സുരേഷ് നമ്പത്ത് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസിന്റെ മറ്റ് വിവരങ്ങള്‍ അറിവായിട്ടില്ല. മഹേഷ് ലാങ്ക എഴുതിയിട്ടുള്ള വാര്‍ത്തകളുടെ പേരില്‍ അല്ല അറസ്റ്റുണ്ടായത്. അദ്ദേഹത്തിന്റെ തൊഴില്‍പരമായ ജോലികള്‍ നന്നായി നിര്‍വഹിച്ചിട്ടുണ്ട്. നീതിനിഷ്ഠമായ വിധത്തില്‍ അന്വേഷണം നടക്കുമെന്ന പ്രതീക്ഷയുണ്ടെന്നും സുരേഷ് നമ്പത്ത് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here