തൃശൂർ ജിഎസ്ടി റെയ്ഡിലൂടെ വരുമാനം വെറും രണ്ടുകോടി; 700 ജീവനക്കാർ ആറുമാസം അധ്വാനിച്ചതിൻ്റെ ഫലം!! പലതും മറയ്ക്കാനുള്ള പ്രഹസനമായി നീക്കം
എഴുനൂറോളം ജീവനക്കാർ, ആറുമാസത്തെ ഇൻ്റലിജൻസ് വിവരശേഖരണം… ഇങ്ങനെയെല്ലാം തയ്യാറെടുപ്പുകളോടെ ആയിരുന്നു തൃശൂരിൽ കഴിഞ്ഞ ദിവസം ജിഎസ്ടി ഇൻ്റലിജൻസ് വിഭാഗം സ്വർണവ്യാപാര കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയത്. കിട്ടിയത് കണക്കിൽപെടാത്ത 104 കിലോ സ്വർണം. “ഇൻ്റലിജൻസ് വിഭാഗം ഇൻ്റലിജൻസ് രീതിയിൽ തന്നെ പ്രവർത്തിച്ചത് കൊണ്ടാണ് റെയ്ഡ് ഇത്ര വലിയ വിജയമായത്”- എന്നാണ് നേതൃത്വം നൽകിയ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാൾ നടപടികൾക്കിടെ മാധ്യമങ്ങൾക്ക് മുന്നിലെത്തി പറഞ്ഞത്. ബ്രേക്കിങ് ന്യൂസുകളെല്ലാം ഒടുങ്ങിയ സാഹചര്യത്തിൽ ഇനി പരിശോധിക്കാം, റെയ്ഡ് എത്ര വലിയ വിജയമായിരുന്നു.
ഒരുകിലോ സ്വർണത്തിന് ശരാശരി 70 ലക്ഷം രൂപയാണ് വില. 100 കിലോയ്ക്ക് 70 കോടി രൂപ. സ്വർണ്ണത്തിൻ്റെ നികുതി നിരക്ക് മൂന്ന് ശതമാനം. അതായത് 70 കോടി വിലയുള്ള സ്വർണത്തിൽ നിന്നും നികുതിയായി കിട്ടാൻ പോകുന്നത് രണ്ടുകോടി 10 ലക്ഷം രൂപയാണ്. പരമാവധി പെനാൽറ്റി കൂടി അടച്ചാൽ ഒരു 30 ലക്ഷം വേറെയും സർക്കാരിന് കിട്ടാം. അങ്ങനെ ആകെ രണ്ടുകോടി 40 ലക്ഷം രൂപയാണ് സർക്കാരിന് കിട്ടുക. ഉദ്യോഗസ്ഥരെ കാര്യക്ഷമമായി ഫീൽഡിലിറക്കി പണിയെടുപ്പിച്ചാൽ വെറും രണ്ടു ദിവസം കൊണ്ട് പിഴയായി ഇതിലും ഉയർന്ന തുക സർക്കാരിന് സമാഹരിക്കാൻ കഴിയുന്നതേയുള്ളൂ എന്നതാണ് ഇത്തരം ഉഡായിപ്പ് ഷോകളുടെ ബാക്കിപത്രം!!
ടൂറിസ്റ്റ് ബസ് വാടകയ്ക്ക് എടുത്ത് തീർത്ഥാടകരായും സഞ്ചാരികളായും വേഷംമാറി എത്തിയ ജിഎസ്ടിക്കാർ വെള്ളിയാഴ്ച പുലർച്ചെ വടക്കുന്നാഥന്റെ സന്നിധിയിൽ സംഗമിച്ച ശേഷമാണ് കാൽനടയായും ഓട്ടോറിക്ഷയിലും നികുതിവെട്ടിപ്പുകാരുടെ സങ്കേതങ്ങളിൽ എത്തിയത്. വൻകിടക്കാരായ മലബാർ ഗോൾഡ്, ഭീമ, ജോസ്കോ, ജോയി ആലുക്കാസ്, കല്യാൺ, ചെമ്മണ്ണൂർ ബോബി തുടങ്ങി ഏതെങ്കിലുമൊരു സ്ഥാപനത്തിൻ്റെ പടിക്കലെങ്കിലും ഇവരാരും പോയതായി വിവരമില്ല. 700 ഉദ്യോഗസ്ഥരെ അണിനിരത്തി ഒറ്റദിവസം നടത്തിയ ഈ റെയ്ഡിൽ വൻകിടക്കാരെ പൂർണമായി ഒഴിവാക്കിയതിലൂടെ കേരളത്തിലെ വൻകിട ജ്വല്ലറി ഗ്രൂപ്പുകളെല്ലാം മര്യാദക്കാരാണെന്നും, ചെറുകിടക്കാരാണ് നികുതി വെട്ടിപ്പുകാരെന്നും ഉള്ള പ്രതീതി ഉണ്ടാക്കാൻ ജിഎസ്ടിക്ക് കഴിഞ്ഞു. പരസ്യദാതാക്കളായ വൻകിടക്കാർക്ക് ക്ഷീണമുണ്ടാകില്ലെന്ന് ഉറപ്പിച്ചതോടെ മുഖ്യധാരാ മാധ്യമങ്ങളും റെയ്ഡിന് പരമാവധി പബ്ലിസിറ്റി കൊടുത്തു.
അതേസമയം വൻകിടക്കാരെയാകെ ഒഴിവാക്കിയതിലൂടെ ബൈ ഇലക്ഷൻ ഫണ്ട് പിരിവാണ് സർക്കാർ ലക്ഷ്യം വെച്ചതെന്ന വിമർശനം ഉയർന്നു കഴിഞ്ഞു. സർവീസിലിരിക്കെ നിരവധി കൈക്കൂലി കേസുകളിൽ നടപടി നേരിട്ട ഒരു ഉദ്യോഗസ്ഥനെ വിരമിച്ച ശേഷം ജിഎസ്ടി വകുപ്പിൽ പുനഃപ്രതിഷ്ഠിച്ച് 48 മണിക്കൂർ തികയും മുമ്പാണ് തൃശൂർ ലക്ഷ്യമിട്ട് സംഘം നീങ്ങിയത്. മാത്രവുമല്ല, കഴിഞ്ഞ 21 മുതൽ കൊച്ചിയിലെ ഷെറാട്ടൺ ഹോട്ടലിൽ സംഘടിപ്പിച്ചിരുന്ന ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ പഞ്ചനക്ഷത്ര പരിശീലനം വിവാദമാകുമെന്ന ഘട്ടമെത്തിയപ്പോൾ തട്ടിക്കൂട്ടിയതാണ് റെയ്ഡ് പ്രഹസനമെന്ന് ജീവനക്കാർക്കിടയിൽ തന്നെ ആക്ഷേപമുണ്ട്. 46.6 ലക്ഷം മുടക്കിയാണ് കൊച്ചി കാക്കനാട്ടെ, ‘ഫോർ പോയിൻ്റ്സ് ബൈ ഷെറാട്ടൺ’ എന്ന നക്ഷത്രഹോട്ടലിൽ പരിശീലനം ഒരുക്കിയത്. ചിലവ് ചുരുക്കാനുള്ള സർക്കാർ മാർഗനിർദേശങ്ങൾക്കും വിരുദ്ധമാണിത്. എന്നാൽ പരമാവധി രണ്ടരക്കോടി പിരിഞ്ഞുകിട്ടാനുള്ള ഒറ്റ റെയ്ഡോടെ എല്ലാ ആക്ഷേപങ്ങൾക്കും തടയിടാൻ കഴിഞ്ഞു.
സ്വർണ വില്പനയിൽ നിന്നുള്ള നികുതി ശോഷണത്തെക്കുറിച്ച് ചോദിക്കുമ്പോൾ ധനമന്ത്രി ഉയർത്തുന്ന പ്രതിരോധം “വാറ്റ് കാലത്ത് സ്വർണത്തിൻ്റെ നികുതി നിരക്ക് 5% ആയിരുന്നത് ജിഎസ്ടി വന്നപ്പോൾ 3% ആയെന്നും ഇതിൽ പകുതി കേന്ദ്രവുമായി പങ്കിട്ട് എടുക്കണമെന്നും” ഒക്കെയാണ്. എന്നാൽ വാറ്റ് കാലത്ത് 5% നികുതി നിരക്ക് ആയിരുന്നെങ്കിലും സ്വർണ വ്യാപാരത്തിൽ നിലനിന്ന പ്രത്യേക കോമ്പോസിഷൻ സ്കീമിൽ ബാധകമായ നികുതി നിരക്ക് വെറും 1.25% ആയിരുന്നു. 90%ത്തിലധികം സ്വർണ വ്യാപാരികളും അക്കാലത്ത് കോമ്പൗണ്ടിംഗിൻ്റെ ഭാഗമായി 1.25% നികുതിയാണ് അടച്ചിരുന്നത്. സ്വർണത്തിൻ്റെ നികുതി നിരക്ക് ജിഎസ്ടി വന്നതോടെ യഥാർത്ഥത്തിൽ ഇരട്ടിയിലധികം ആയെന്നും മുമ്പ് ലഭിച്ചതിൻ്റെ മൂന്നിരട്ടി വരുമാനമെങ്കിലും നിലവിൽ ലഭിക്കണം. ഇക്കാലയളവിനിടെ സ്വർണ്ണവില മൂന്നിരട്ടിയാവുകയും കച്ചവടക്കാരുടെ എണ്ണം ഇരട്ടിയിലധികം വർദ്ധിക്കുകയും ചെയ്തു. എന്നിട്ടും നികുതി വരുമാനം 2016ലേതിന് സമാനമാണ് എന്ന വസ്തുത നികുതി വകുപ്പിൻ്റെ ഒത്തുകളിയുടെയും അനാസ്ഥയുടെയും നേർസാക്ഷ്യമാണ്.
മുമ്പ് വ്യാജ രേഖകൾ ചമച്ച് ജിഎസ്ടി രജിസ്ട്രേഷൻ എടുത്ത് ഇൻപുട്ട് ടാക്സ് വെട്ടിക്കുന്ന ആക്രി കച്ചവടക്കാരെ ലക്ഷ്യമിട്ട് നടത്തിയ വ്യാപക റെയ്ഡിൽ കോടികളുടെ വെട്ടിപ്പ് കണ്ടെത്തി എന്നായിരുന്നു വകുപ്പിൻ്റെ അവകാശവാദം. അന്ന് ജിഎസ്ടി വകുപ്പ് ഇത്തരത്തിൽ നടത്തിയ റെയ്ഡിലും അറസ്റ്റിലും കോടികളുടെ കണക്ക് ആദ്യം പുറത്തു പറഞ്ഞിരുന്നു. എന്നാൽ ഒന്നിലും തുടർ നടപടികളുണ്ടായില്ല. ഹോട്ടൽ മേഖലയിൽ നടത്തിയ റെയ്ഡ്, സിനിമാ ലൊക്കേഷൻ -താരങ്ങളുടെ ഓഫീസ് റെയ്ഡ്, ആക്രി , കമ്പി, പ്ലൈവുഡ്, ഹൗസ് ബോട്ട് തുടങ്ങിയ പലവിധ മേഖലകളിൽ നടത്തിയ റെയ്ഡുകളിലും വാർത്തയ്ക്കപ്പുറം തുടർ നടപടികളുണ്ടായില്ല. 5 കോടിക്ക് മുകളിൽ വെട്ടിപ്പ് കണ്ടെത്തിയാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടതാണ്. അറസ്റ്റ് നടപടികളിലേക്ക് ജിഎസ്ടി വകുപ്പ് കടന്നതായ വാർത്തകളൊന്നും ഇതുവരെ വന്നിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here