തോന്നിയപോലെ നിയമനം പറ്റില്ല, കുഞ്ഞുങ്ങളെ പരിഗണിക്കണം; ശിശുക്ഷേമ സമിതികളെ നേര്‍വഴി നടത്താന്‍ ഹൈക്കോടതി

കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവരെ മാത്രമേ ശിശുക്ഷേമ സമിതികളില്‍ (Child Welfare council) അംഗങ്ങളായി നിയമിക്കാവു എന്ന ഹൈക്കോടതി വിധി സംസ്ഥാനത്ത് ദൂരവ്യാപക ചലനങ്ങള്‍ സൃഷ്ടിച്ചേക്കാം. ശിശുവിനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയ്ക്കു പുറമെ ദലിത് പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി പോലും കേരളത്തിലെ ശിശുക്ഷേമ സമിതികളില്‍ അംഗത്വം നേടിയിട്ടുണ്ട്. കൊല്ലം ശിശുക്ഷേമ സമിതിയിലേക്ക് ശിശുസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പരിചയമില്ലാത്ത അലന്‍ എം അലക്‌സാണ്ടര്‍ എന്ന വ്യക്തിയെ നിയമിച്ചത് റദ്ദാക്കികൊണ്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് തലവേദനയാകും.

പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി അംഗമായിരിക്കെയാണ് അഡ്വക്കറ്റ് എസ് കാര്‍ത്തിക ആറു വയസുകാരനായ കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ നാലാം പ്രതിയായത്. ഇവരുടെ ഭര്‍ത്താവ് അര്‍ജുന്‍ ദാസാണ് ഒന്നാം പ്രതി. മലയാലപ്പുഴ പോലീസ് കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. അര്‍ജുന്‍ ദാസും ഭാര്യ കാര്‍ത്തികയും സഹോദരന്‍ അരുണ്‍ ദാസും ഉള്‍പ്പെടുന്ന സംഘം മലയാലപ്പുഴയിലെ സിപിഎം അംഗമായ രാജേഷിന്റെ വീട്ടിലെത്തി കുട്ടിയുടെ കഴുത്തിന് നേരെ വടിവാള്‍ പോലുള്ള മാരകായുധം ഓങ്ങി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ കാര്‍ത്തികയെ ശിശുക്ഷേമ സമിതിയില്‍ നിന്ന് പുറത്താക്കി.

പത്തനംതിട്ട ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ നിലവിലെ പ്രസിഡന്റ് അഡ്വക്കറ്റ് എന്‍ രാജീവാകട്ടെ, എസ്‌സി – എസ്ടി ആക്ട് പ്രകാരം തിരുവല്ല പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ്. വള്ളംകുളം ക്ഷീരോല്പാദന സംഘത്തിലെ അഴിമതിയെക്കുറിച്ച് പരാതി നല്‍കിയ ടി ടി പ്രസാദിനെ ആക്രമിച്ച കേസിലാണ് ജാമ്യമില്ലാത്ത വകുപ്പില്‍ രാജീവ് പ്രതിയായത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് ക്ഷീരസംഘത്തില്‍ പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരെ തടയുകയും, അവരുടെ സാന്നിധ്യത്തില്‍ പരാതിക്കാരനെ ആക്രമിക്കുകയും ജാതിപ്പേര് വിളിക്കുകയും ചെയ്‌തെന്നാണ് കേസ്. ഇത്ര ഗുരുതര കേസില്‍ ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടുമില്ല, സര്‍ക്കാര്‍ തലത്തില്‍ മറ്റ് നടപടികളും ഉണ്ടായിട്ടില്ല.

വാളയാറിലെ ഇരട്ട സഹോദരിമാരുടെ ദുരൂഹമരണത്തിനിടയായ കേസിലെ പ്രതികള്‍ക്കു വേണ്ടി പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ എന്‍ രാജേഷ് കോടതിയില്‍ ഹാജരായത് വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തായിരുന്നു ഇത്. വിവാദമായതിനെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി. ഭാവിയില്‍ കുട്ടികളുമായി ബന്ധപ്പെട്ട സമിതികളിലേക്ക് ഇയാളെ തെരഞ്ഞെടുക്കില്ലെന്ന് സംസ്ഥാന നീതി വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാളയാര്‍ കേസിന് പുറമേ നിര്‍ഭയ ഹോമിലെ പെണ്‍കുട്ടിയുടെ കേസിലും ഇദ്ദേഹം പ്രതിക്കൊപ്പം നിന്നുവെന്ന് സാമൂഹിക നീതി വകുപ്പിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here