യാത്രക്കാരുടെ ശ്രദ്ധക്ക്; മദ്യവുമായി പറക്കാൻ ഒരുങ്ങുന്നവർ അറിയേണ്ട കാര്യങ്ങൾ

ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് മദ്യം കൊണ്ടുപോകാനാവുമോ, എത്ര ലിറ്റർ വരെ ഒരാൾക്ക് കൊണ്ടുപോകാനാവും, ക്യാബിൻ ബാഗിൽ മദ്യം കൊണ്ടുപോകാമോ എന്നുവേണ്ട വിമാനയാത്രയും മദ്യവുമായി ബന്ധപ്പെട്ട് ഒരുപിടി സംശയങ്ങൾ യാത്ര ചെയ്യുന്നവർക്കും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഉണ്ട്. മിക്കവർക്കും ഇതേക്കുറിച്ച് വേണ്ടത്ര വിവരങ്ങൾ അറിയില്ല എന്നാണ് യാത്രക്കാരിൽ ബഹുഭൂരിപക്ഷവും പറയുന്നത്. മദ്യം കൊണ്ടുപോകുന്നവർ താഴെപ്പറയുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.

  1. ചെക്ക് ഇൻ ബാഗേജുകളിൽ മാത്രമേ മദ്യം കൊണ്ടുപോകാനാകൂ. ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് വാങ്ങിയതാണെങ്കിലും അവ ചെക്ക് ഇൻ ബാഗേജിലാണ് കൊണ്ടുപോകേണ്ടത്.
  2. ചെക്ക് ഇൻ ബാഗേജിൻ്റെ തൂക്കം കുറയ്ക്കുന്നതിൻ്റെ ഭാഗമായി ചിലരൊക്കെ ഗ്ലാസ് കുപ്പികളിലെ മദ്യം പ്ലാസ്റ്റിക് കുപ്പികളിലാക്കി ചെക്ക് ഇൻ ബാഗേജിലാക്കാറുണ്ട്. മദ്യം ഒറിജിനൽ കുപ്പിയിൽത്തന്നെ കൊണ്ടുപോകണമെന്നാണ് ചട്ടം.
  3. ഡ്യൂട്ടി ഫ്രീയിൽ നിന്ന് വാങ്ങുന്ന മദ്യം ചെക്ക് ഇൻ ബാഗേജിൽ മാത്രമേ കൊണ്ടുപോകാൻ അനുവദിക്കുകയുള്ളു. ആഭ്യന്തര വിമാനത്താവളങ്ങളിൽ നിന്ന് വാങ്ങിയ മദ്യമാണെങ്കിലും ഹാൻഡ് ബാഗിൽ (ക്യാബിൻ ബാഗ്) കൊണ്ടുപോകാൻ പാടില്ല.
  4. സീൽചെയ്ത അടച്ച ബോട്ടിലുകൾ മാത്രമേ ചെക്ക് ഇൻ ബാഗേജിൽ വയ്ക്കാവൂ. ചോർച്ചയുണ്ടെങ്കിൽ ചെക്ക് ഇൻ ബാഗേജിൽ മദ്യം കൊണ്ടുപോകാൻ പാടില്ല.
  5. പ്രായപൂർത്തിയായ ഒരാൾക്ക് അഞ്ച് ലിറ്റർ മദ്യം ചെക്ക് ഇൻ ബാഗേജിൽ കൊണ്ടു പോകാം.
  6. ചെക്ക് ഇൻ ബാഗേജിൽ കൊണ്ടുപോകുന്ന മദ്യക്കുപ്പികൾ നന്നായി പായ്ക്ക് ചെയ്തതാവണം. ലീക്കേജ് ഉണ്ടാവാൻ പാടില്ല.

ഇതൊക്കെയാണെങ്കിലും കൊണ്ടുപോകുന്ന മദ്യത്തിൽ ആൽക്കഹോളിൻ്റെ അളവ് 70 ശതമാനത്തിൽ കൂടാൻ പാടില്ല. അതിൽ കൂടുതലായാൽ ഒരു ബാഗേജിലും കൊണ്ടുപോകാൻ അനുവദിക്കില്ല. മദ്യത്തിൽ ആൽക്കഹോളിൻ്റെ അളവ് 24 ശതമാനത്തിൽ താഴെയാണെങ്കിൽ എത്ര കുപ്പി വേണമെങ്കിലും കൊണ്ടുപോകാം. പെട്ടിക്ക് അധിക ഭാരമുണ്ടെങ്കിൽ അതിൻ്റെ തൂക്കത്തിന് അനുസരിച്ച തുക ഒടുക്കേണ്ടി വരും. ബാഗേജ് തുറന്ന് പരിശോധിക്കേണ്ടി വന്നാൽ ഇത്തരം കാര്യങ്ങൾ തിരിച്ചറിയാനാണ് ഒറിജിനൽ കുപ്പിയിലേ കൊണ്ടുപോകാൻ പാടുള്ളൂവെന്ന് പറയുന്നത്.

വിദേശത്തു നിന്ന് വരുന്ന യാത്രക്കാർ അവർ അവിടെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് വാങ്ങിയ മദ്യം ക്യാബിൻ ബാഗിൽ കൊണ്ടുവരാറുണ്ട്. ഈ യാത്രക്കാർ കണക്ഷൻ ഫ്ലൈറ്റായി ആഭ്യന്തര വിമാനയാത്ര നടത്തുകയാണെങ്കിൽ മദ്യക്കുപ്പികൾ ചെക്ക് ഇൻ ബാഗേജിൽ തന്നെ സൂക്ഷിക്കണം. കുടിവെള്ളമല്ലാതെ മറ്റൊരു തരത്തിലുള്ള പാനീയമോ, ദ്രവരൂപത്തിലുള്ള സാധനങ്ങളോ ക്യാബിൻ ബാഗേജിൽ കരുതാൻ പാടില്ല. എല്ലാത്തിലുമുപരി ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. ആഭ്യന്തര വിമാനയാത്രയിൽ ഒരിടത്തും മദ്യപിച്ചവരെ വിമാനത്തിൽ കയറ്റില്ല. ഇക്കാര്യം കണ്ടെത്താൻ പതിവായി പരിശോധനകൾ ഉണ്ടാകാറില്ല. എന്നാൽ പരിശോധിക്കേണ്ടതായ സാഹചര്യം സൃഷ്ടിച്ചാൽ പണിയാകുമെന്ന് ചുരുക്കം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top