മഹാത്മാവേ മാപ്പ്; മദ്യനിരോധനമുള്ള ഗുജറാത്തില്‍ ഓരോ നാല് സെക്കന്റിലും അനധികൃതമദ്യം പിടിച്ചെടുക്കുന്നു; നാട് ഭരിക്കുന്നത് ബിജെപി

മഹാത്മാഗാന്ധിയുടെ ജന്മനാടിന്റെ ദുരവസ്ഥ കണ്ണു തുറന്നു കാണുക. 1960 മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന ഗുജറാത്തില്‍ ഓരോ നാല് സെക്കന്റിലും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടിച്ചെടുക്കുന്നുവെന്ന് പോലീസ്. കഴിഞ്ഞ വര്‍ഷം മാത്രം 144 കോടി രൂപയുടെ 82 ലക്ഷം മദ്യക്കുപ്പികള്‍ പിടിച്ചെടുത്തെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ 438407 കുപ്പികള്‍ പിടികൂടിയത് തലസ്ഥാനമായ അഹമ്മദാബാദിലും സമീപപ്രദേശങ്ങളില്‍ നിന്നുമാണ്. മൂന്ന് പതിറ്റാണ്ടിലധികമായി ഗുജറാത്തില്‍ ഭരണത്തിലിരിക്കുന്നത് ബിജെപിയാണ്. വലിയ സാംസ്‌കാരിക- ധാര്‍മ്മികത പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മസ്ഥലമെന്ന പ്രത്യേകതയും സംസ്ഥാനത്തിനുണ്ട്.
അനധകൃതമദ്യത്തിന്റെ ചെറിയ അളവു മാത്രമാണ് സംസ്ഥാനത്ത് നിന്ന് പോലീസിന് പിടിച്ചെടുക്കാന്‍ കഴിയുന്നത്. മദ്യ കടത്ത് ലോബി ബിജെപി ഭരണകാലത്ത് സംസ്ഥാനം മുഴുവന്‍ പടര്‍ന്നു പന്തലിച്ചു കഴിഞ്ഞു എന്നാണ് പോലീസിന്റെ ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം വഡോദര റൂറലിലെ ഒരു ട്രക്കില്‍ നിന്ന് 9.8 കോടി രൂപയുടെ മദ്യം പിടിച്ചെടുത്തു. സമാന തുകയുടെ മദ്യം സൂററ്റില്‍ നിന്നും പോലീസ് പിടികൂടിയിരുന്നു.
അനധികൃത മദ്യലോബിയെ തകര്‍ക്കാന്‍ നിലവില്‍ പോലീസിന് കഴിയില്ലെന്ന് വിരമിച്ച ഡിജിപി മാധ്യമങ്ങളോട് ഏറ്റുപറഞ്ഞിരുന്നു. അത്രമേല്‍ ശക്തമാണ് മദ്യ ലോബി. മദ്യനിരോധനം കടലാസില്‍ മാത്രം ഒതുങ്ങുന്ന സങ്കല്പമാണെന്നാണ് ഗുജറാത്ത് ഓരോ സെക്കന്റിലും തെളിയിക്കുന്നത്. അതിലുപരി രാജ്യത്ത് ഏറ്റവും കൂടുതല്‍ കരള്‍ രോഗികള്‍ ഉള്ള സംസ്ഥാനമെന്ന പ്രത്യേകതയും ഗുജറാത്തിനുണ്ട്. സംസ്ഥാനത്തെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായ ഗുജറാത്ത് സമാചാറിന്റെ 2023ലെ റിപ്പോര്‍ട്ട് പ്രകാരം കരള്‍ രോഗങ്ങള്‍ക്ക് 60 ശതമാനം വര്‍ദ്ധനവുണ്ടായി. മദ്യ നിരോധനം നിലനില്‍ക്കുന്ന സംസ്ഥാനത്താണ് മദ്യപാനം മൂലമുള്ള കരള്‍ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത്.
കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഗുജറാത്തിലെ ആശുപത്രികളിലെ നിത്യ സംഭവമായി മാറിക്കഴിഞ്ഞു. മദ്യപാനം ജനങ്ങള്‍ക്കിടയില്‍ അത്രമേല്‍ രുക്ഷമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന കരള്‍ മാറ്റല്‍ ശസ്ത്രക്രിയകളില്‍ 30 മുതല്‍ 40 ശതമാനം വരെ മദ്യപാനം കൊണ്ടുണ്ടാകുന്ന കരള്‍ രോഗം നിമിത്തമാണെന്ന് 2023 ജൂലൈ 10 ലെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
1960 മെയ് ഒന്ന് മുതലാണ് ഗുജറാത്തില്‍ നിയമം മൂലം മദ്യനിരോധനം നടപ്പാലാക്കിയത്. നിയമ വിരുദ്ധമായി മദ്യ നിര്‍മ്മാണമോ വിതരണമോ നടത്തിയാല്‍ വധശിക്ഷ വരെ ലഭിക്കുമെന്ന കുറ്റം നിലവിലുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് ഗുജറാത്ത്. അവിടെയാണ് ഓരോ നാല് സെക്കന്റിലും അനധികൃത മദ്യം പിടിച്ചെടുക്കുന്നത്.
2023 ഡിസംബര്‍ 22 മുതല്‍ ഗുജറാത്ത് – ഗാന്ധി നഗറിലെ ബിസിനസ് കേന്ദ്രമായ ഗിഫ്റ്റ് സിറ്റി (Gujarat International Finance Tec-City – GIFT City) യില്‍ മദ്യ നിരോധനം എടുത്തു കളഞ്ഞിരുന്നു. വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ ബിസിനസിന് അനുയോജ്യമായ സാഹചര്യം ഒരുക്കി നല്‍കുന്ന ഗിഫ്റ്റ് സിറ്റി ദുബായ്ക്കും സിംഗപ്പൂരിനും പകരമായി ഇന്ത്യ ഉയര്‍ത്തിക്കൊണ്ടുവരുന്ന രാജ്യാന്തര ബിസിനസ് ഹബ് ആണ്. മദ്യ നിരോധനം നിലനില്‍കുന്ന സംസ്ഥാനത്തേക്ക് വിദേശ വ്യവസായികള്‍ വരില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാണ് ബിജെപി സര്‍ക്കാര്‍ ഈ പ്രത്യേക വ്യവസായ മേഖലയില്‍ മദ്യ വ്യാപാരം അനുവദിച്ചത്. പുറത്തുള്ളവര്‍ക്ക് മദ്യം വില്‍ക്കാന്‍ അനുവാദമില്ല. ഗിഫ്റ്റ് സിറ്റിയിലെ ഹോട്ടലുകളിലും ക്ലബുകളിലും മാത്രമാണ് മദ്യ വില്‍പന അനുവദിച്ചിരിക്കുന്നത്. ഗിഫ്റ്റ് സിറ്റിയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും വിദേശ – ഔദ്യോഗിക വ്യവസായ പ്രതിനിധികള്‍ക്കുമാണ് ഗിഫ്റ്റ് സിറ്റിക്കുള്ളില്‍ മദ്യപിക്കാന്‍ അനുവാദമുള്ളത്.
886 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഗിഫ്റ്റ് സിറ്റിയിലെ ഇന്റര്‍നാഷനല്‍ ഫിനാന്‍സ് സര്‍വീസസ് സെന്ററാണ് വിദേശത്തെയും രാജ്യത്തിലെയും ഐടി, സാമ്പത്തിക കമ്പനികളുടെ ഹബ് ആയി പ്രവര്‍ത്തിക്കുന്നത്. ഭാവിയില്‍ 3000 ഏക്കറിലേക്ക് പദ്ധതി വ്യാപിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളിലേക്കു കടക്കുകയാണ് 9 വര്‍ഷം പിന്നിടുന്ന വേളയില്‍ ഗിഫ്റ്റ് സിറ്റി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here