ഗിഫ്റ്റ് സിറ്റിയില്‍ ഇനി മദ്യവിലക്കില്ല !! ബിസിനസുകാരെ ആകര്‍ഷിക്കാന്‍ വേണ്ടുവോളം ഇളവുകള്‍ പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍

ഗാന്ധിജിയുടെ നാട്ടില്‍ പോലും കച്ചവടം നടക്കണമെങ്കില്‍ മദ്യനിരോധനവും മദ്യവിരുദ്ധതയും പറഞ്ഞാലൊന്നും കാര്യമില്ലെന്ന തിരിച്ചറിവിലാണ് ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍. വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ ബിസിനസിന് അനുയോജ്യമായ സാഹചര്യം ഒരുക്കി നല്‍കുന്ന ഇടമാണ് ഗിഫ്റ്റ് സിറ്റി (Gujarat International Finance Tec-City – GIFT city) . ദുബായ്ക്കും സിംഗപ്പൂരിനും പകരമായി ഇന്ത്യ ഉയര്‍ത്തിക്കൊണ്ടുവരുന്ന രാജ്യാന്തര ബിസിനസ് ഹബ് ആണിത്. ഇവിടെ മദ്യവില്‍പന ഇല്ലാത്തതു കൊണ്ട് വിദേശ കമ്പനികള്‍ വേണ്ടത്ര താല്‍പര്യം കാണിക്കാതെ വന്നപ്പോഴാണ് സര്‍ക്കാര്‍ ഗിഫ്റ്റ് സിറ്റിയില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്.
ഗിഫ്റ്റ് സിറ്റിയിലെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ക്ലബ്ബുകളിലും വൈന്‍ ആന്‍ഡ് ഡൈന്‍ സൗകര്യം അനുവദിച്ചു കൊണ്ടാണ് കഴിഞ്ഞ വര്‍ഷം മാറ്റത്തിന് തുടക്കം കുറിച്ചത്. മദ്യം വിളമ്പാമെങ്കിലും കുപ്പി മൊത്തമായി വില്‍ക്കാന്‍ പാടില്ല എന്നായിരുന്നു അന്നത്തെ തീരുമാനം. ഗസ്റ്റ്കള്‍ക്ക് മാത്രം വെള്ളമടിക്കാം എന്നായിരുന്നു ആദ്യ തീരുമാനങ്ങളിലൊന്ന്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇളവുകളില്‍ ഗിഫ്റ്റ് സിറ്റിയിലെ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കൊപ്പം ഇരുന്ന് വെള്ളമടിക്കാം, ചീയേഴ്‌സ് പറയാം. മദ്യവില്‍പനയ്ക്ക് ഒട്ടേറെ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിലൂടെ വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.
ഗിഫ്റ്റ് സിറ്റിയില്‍ ജോലി ചെയ്യുന്നവരും മദ്യം കുടിക്കാന്‍ പെര്‍മിറ്റുള്ളവരുമായവര്‍ക്ക് അഞ്ച് സന്ദര്‍ശകര്‍ക്കൊപ്പമിരുന്ന് മദ്യം സേവിക്കാം. 1960 മുതല്‍ സമ്പൂര്‍ണ മദ്യനിരോധനം നിലവിലുള്ള ഗുജറാത്തില്‍ മദ്യനിര്‍മാണവും ഉപയോഗവും കൈവശംവയ്ക്കലുമെല്ലാം കുറ്റകരമാണ്. സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ ഗുജറാത്ത് ഇന്റര്‍നാഷനല്‍ ഫിനാന്‍സ് ടെക്-സിറ്റിയിൽ മദ്യനിരോധനത്തിന് ഇളവ് നല്‍കിയുള്ള പുതിയ മാറ്റം സംസ്ഥാനത്ത് ഭാവിയില്‍ പലയിടങ്ങളിലും നടപ്പാക്കാന്‍ സാധ്യതയുണ്ട്.
നിലവില്‍ 886 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഗിഫ്റ്റ് സിറ്റിയിലെ ഇന്റര്‍നാഷനല്‍ ഫിനാന്‍സ് സര്‍വീസസ് സെന്ററാണ് വിദേശത്തെയും രാജ്യത്തിലെയും ഐടി, സാമ്പത്തിക കമ്പനികളുടെ ഹബ് ആയി പ്രവര്‍ത്തിക്കുന്നത്. ഭാവിയില്‍ 3000 ഏക്കറിലേക്ക് പദ്ധതി വ്യാപിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളിലേക്കു കടക്കുകയാണ് ഗിഫ്റ്റ് സിറ്റി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here