‘ഗുജറാത്ത് മോഡൽ’ കടലാസില്‍ മാത്രം; പട്ടിണിയും ദാരിദ്ര്യവും ഏറെ; സഭാ രേഖകള്‍ തന്നെ സത്യം വെളിവാക്കുമ്പോൾ

തിരുവനന്തപുരം: ഇന്ന് രാജ്യമൊട്ടാകെ പ്രചരിച്ചിരിക്കുന്ന ഒരു പ്രയോഗമാണ് ‘ഗുജറാത്ത് മോഡൽ’. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ബിജെപിയുടെ 6 മുഖ്യമന്ത്രിമാരുടെ ഭരണം കൊണ്ട് ഗുജറാത്തിൽ ഉണ്ടായിരിക്കുന്ന വികസനത്തെ സൂചിപ്പിക്കാനാണ് ചിലർ ഇന്നും ആ പ്രയോഗം ഉപയോഗിക്കുന്നത്. എന്നാൽ ഗുജറാത്തിന്റെ സകല മേഖലയും ഏറെ പിന്നിലാണ്‌ എന്നാണ് കേന്ദ്ര സർക്കാരിൻ്റെ തന്നെ കണക്കുകൾ സൂചിപ്പിക്കുന്നത്.

വിദ്യാഭ്യാസ്യം, ആരോഗ്യം, തൊഴിൽ, വേതനം തുടങ്ങിയ അടിസ്ഥാന മേഖലകൾ ദേശീയ ശരാശരിക്ക്‌ അടുത്തുപോലും എത്തുന്നില്ല എന്നതാണ് വസ്തുതകൾ. നിതി ആയോഗിന്റെ വിവിധ റിപ്പോർട്ടുകളിൽ പിന്നോക്ക സംസ്ഥാനങ്ങളുടെ പട്ടികയിലാണ്‌ ഗുജറാത്ത്‌. കടുത്ത പട്ടിണിയും ദാരിദ്ര്യവും കൊണ്ട് വലയുന്ന കോടിക്കണക്കിന് ജനങ്ങൾ ഉള്ള സംസ്ഥാനമാണ് ഇന്നും ഗുജറാത്ത് എന്നാണ് ഗ്രാമവികസന മന്ത്രി തന്നെ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്. ഇത് വെളിവാക്കുന്നത് ഗുജറാത്ത് മോഡലിലെ പൊള്ളത്തരങ്ങളാണ്.

വരുമാനപരിധി താഴ്‌ത്തി നിശ്ചയിച്ചിട്ടും ഗുജറാത്തിൽ ജനസംഖ്യയുടെ മൂന്നിലൊരാൾ ദാരിദ്ര്യരേഖക്ക് താഴെയാണ് എന്നാണ് മന്ത്രി ബച്ചുഭായ്‌ മഗൻഭായ്‌ പറഞ്ഞത്. അതായത് ഗുജറാത്തിൽ 31.61 ലക്ഷം (31,61,316) കുടുംബങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ഇതിൽ 16.28 ലക്ഷം (16,28,744)കുടുംബങ്ങൾ അതിദാരിദ്ര്യത്തിലാണ്‌. പ്രതിദിന വരുമാനം ഗ്രാമങ്ങളിൽ 26 രൂപയിലും നഗരങ്ങളിൽ 32 രൂപയിലും താഴെയുള്ളവരെയാണ് ഗുജറാത്തിൽ ബിപിഎല്ലായി കണക്കാക്കുന്നത്. ഒരു കുടുംബത്തിൽ ശരാശരി ആറുപേർ എന്ന കണക്കെടുത്താൽ 1.89 കോടി പേർ ബിപിഎല്ലിലാണെന്ന്‌ സാമ്പത്തിക ശാസ്‌ത്രജ്ഞൻ ഹേമന്ത്‌ കുമാർ ഷാ സംസ്ഥാന മന്ത്രിയുടെ വാക്കുകൾ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടുന്നു. വർഷം തോറും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്നവരുടെ എണ്ണവും ഓരോ വർഷം വർദ്ധിക്കുകയാണ് എന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. 2020-21ൽ 1047 കുടുംബങ്ങൾൾ കൂടി ദാരിദ്ര്യരേഖയ്ക്ക്‌ താഴെയായി. ദാരിദ്ര്യരേഖക്ക് മുകളിലേക്ക് കയറിയത് 14 കുടുംബങ്ങൾ മാത്രം.എന്നാൽ 2021–22 വർഷത്തിൽ ബിപിഎല്ലിലേക്ക് എത്തിയ കുടുംബങ്ങളുടെ എണ്ണം 1751 ആയി ഉയർന്നു. കരകയറിയത് രണ്ടു കുടുംബം മാത്രം.

രാജ്യത്തെ തന്നെ വിദ്യാഭ്യാസ രംഗത്തിന് നാണക്കേടുണ്ടാക്കുന്നതാണ് പ്രധാനമന്ത്രിയുടെ സംസ്ഥാനത്തെ വിദ്യാഭ്യാസം ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണം. ഗുജറാത്തിൽ സെക്കണ്ടറി തലത്തിൽ പഠനം ഉപേക്ഷിച്ച് പോകുന്നവരുടെ നിരക്ക് 2021-22 ലെ ദേശീയ ശരാശരിയായ 12.6 ശതമാനത്തേക്കാൾ കൂടുതലാണ്. 17.85 ശതമാനമാണ് ഗുജറാത്തിൽ സ്കൂൾ പഠനം ഉപേക്ഷിക്കുന്നവരുടെ നിരക്ക് എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ 2023-24 വർഷത്തേക്കുള്ള “സമഗ്ര ശിക്ഷ” പരിപാടിയുടെ ഭാഗമായി തയാറാക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. 2021 സെപ്തംബർ 11 ന് സർദാർധാം ഭവൻ ഉദ്ഘാടനം ചെയ്യവേ ഗുജറാത്തിലെ സ്കൂൾ കൊഴിഞ്ഞുപോക്ക് നിരക്ക് ഒരു ശതമാനത്തിൽ താഴെയായി കുറഞ്ഞുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തെ പൊളിക്കുന്നതാണ് കേന്ദ്ര സർക്കാറിൻ്റെ തന്നെ കണക്കുകൾ. ഇത്തരത്തിൽ നുണകൾ കൊണ്ട് കെട്ടിയുയർത്തിയിരിക്കുന്നതാണ് ഗുജറാത്ത് മോഡൽ എന്ന പേരിൽ ചൂണ്ടിക്കാട്ടുന്ന ഓരോ അവകാശവാദവും.

സംസ്ഥാനത്തിലെ ആരോഗ്യരംഗവും വളരെ മോശമായ അവസ്ഥയിലാണ് തുടരുന്നത്. ഗ്രാമങ്ങളിലെ 1,474 പ്രാഥമികആരോഗ്യകേന്ദ്രങ്ങളിൽ 21 ശതമാനം മാത്രമാണ്‌ കാര്യക്ഷമമായി പ്രവർത്തിക്കുന്നത്‌. സ്‌പെഷ്യലിസ്‌റ്റുകൾ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ സേവനം പേരിന്‌ മാത്രം. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിലും ഇവ വളരെ പിന്നിലാണ്. ആരോഗ്യപരിപാലനത്തിലെ ശോചനീയാവസ്ഥ കാരണം ജനങ്ങൾക്ക് അഹമ്മദാബാദ്‌, വഡോദര, രാജ്‌കോട്ട്‌ നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. ഗുജറാത്തിൽ ഒരോവർഷവും 43,200 കുഞ്ഞുങ്ങൾ ജനിച്ച ഉടനെ മരിക്കുന്നുവെന്നാണ്‌ കണക്ക്‌. പോഷകാഹാരക്കുറവ് കാരണം മരണപ്പെടുന്ന (5വയസിൽ താഴെ) കുട്ടികളുടെ നിരക്കും ഇപ്പോഴും സംസ്ഥാനത്ത് ആശങ്കാജനകമാണ്. ഗ്ലോബൽ ഹംഗർ റിപ്പോർട്ട്, നാഷണല് ഫാമിലി ഹെല്‍ത്ത് സര്‍വേ, യുനിസെഫ് എന്നി സംഘടനകളുടെ റിപ്പോർട്ടുകൾ എല്ലാം ആവർത്തിച്ച് സൂചിപ്പിക്കുന്ന ഒരു കാര്യം പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ജനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്ന് ഗുജറാത്താണ്.

ഗുജറാത്ത് മുഖ്യമന്ത്രിയായി മാത്രം അറിയപ്പെട്ടിരുന്ന നരേന്ദ്ര മോദിക്ക് ദേശീയ തലത്തിൽ ശ്രദ്ധ കിട്ടാൻ വേണ്ടി ഉണ്ടാക്കിയ ഒരു അജണ്ടയുടെ ഭാഗമായിട്ടാണ് ഗുജറാത്ത് മോഡൽ എന്ന പ്രയോഗമുണ്ടായത് എന്ന് പറഞ്ഞാലും അതിശയോക്തിയില്ല. കാരണം 2014ൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി നേരിട്ട ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷത്തിന് മുമ്പാണ് ഗുജറാത്ത് മോഡൽ എന്ന വാക്ക് വ്യാപക പ്രചാരം നേടുന്നത്. എന്നാൽ അത് സാധൂകരിക്കുന്ന തെളിവുകൾ ഗുജറാത്ത് നിയമസഭയിൽ 2015 മാർച്ച് 31 ൽ സമർപ്പിച്ച സിഎജി റിപ്പോർട്ട് തന്നെ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ വിവിധ സാമൂഹ്യ-സാമ്പത്തിക സൂചികകളെകുറിച്ചുള്ള സിഎജി റിപ്പോർട്ട് ഗുജറാത്ത് വികസന മാതൃക തട്ടിപ്പാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ, സ്ത്രീ ശാക്തീകരണം, ശിശുക്ഷേമം എന്നിവയിലൊക്കെ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലം സംസ്ഥാനം വളരെ പിന്നിലാണെന്ന് കൂടി വസ്തുതകളും കണക്കുകളും സഹിതം സിഎജി റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ അവകാശ നിയമം കാര്യക്ഷമമായി നടപ്പാക്കിയില്ലെന്നും ഉച്ചഭക്ഷണ പദ്ധതി പോലും വളരെ മോശമായാണ് നടപ്പാക്കിയതെന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ ഓരോ മേഖകളിൽ നിന്നും പുറത്ത് വരുന്ന കണക്കുകളും വികസന കാര്യത്തിൽ ഗുജറാത്ത് മറ്റ് സംസ്ഥാനങ്ങൾക്ക് ഒരിക്കലും മാതൃകയല്ല എന്നു തന്നെയാണ് അടിവരയിടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top