ഗുജറാത്ത് കലാപത്തിലെ ജീവിക്കുന്ന രക്തസാക്ഷി; സാകിയ ജാഫ്രി ഓര്‍മയായി

മുൻ കോൺഗ്രസ് എംപി ഇഹ്സാൻ ജാഫ്രിയുടെ വിധവയും ഗുജറാത്ത് കലാപത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയുമായിരുന്ന സാകിയ ജാഫ്രി (86) അന്തരിച്ചു. 2002 ഫെബ്രുവരി 27ന് ഗോധ്ര ട്രെയിൻ കത്തിച്ച സംഭവത്തെ തുടർന്നുണ്ടായ ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയുടെ ദൃക്സാക്ഷിയായിരുന്നു സാകിയ.

ഗുൽബർഗ് കൂട്ടക്കൊലയെ തുടര്‍ന്ന് 2006 മുതൽ ഗുജറാത്ത് സർക്കാരിനെതിരെ നീണ്ട നിയമപോരാട്ടം നടത്തിയത് സാകിയയായിരുന്നു. ഇതിനെ തുടര്‍ന്ന് ഗുജറാത്ത് കലാപത്തിലെ നീതിക്കായുള്ള പോരാട്ടത്തിൻ്റെ മുഖമായി അവര്‍ മാറിയിരുന്നു. ഗുൽബർഗ് സൊസൈറ്റിക്കുള്ളിൽ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട 68 പേരിൽ ഇഹ്സാൻ ജാഫ്രിയും ഉൾപ്പെട്ടിരുന്നു.

ഗുജറാത്ത് കലാപത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിക്കും മറ്റ് നിരവധി പേർക്കും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ക്ലീൻ ചിറ്റ് നൽകിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി 2022ൽ സുപ്രീം കോടതി തള്ളിയിരുന്നു.

ഗോധ്​രയിൽ 2002 ഫെബ്രുവരി 27ന് ആണ് സബർമതി എക്സ്പ്രസിനു തീവയ്ക്കപ്പെട്ടത്. 59 കർസേവകർ കൊല്ലപ്പെട്ടതിന് തൊട്ടടുത്ത ദിവസമാണ് ഗുൽബർഗ് സൊസൈറ്റിയിൽ കൂട്ടക്കൊല നടന്നത്. 2006ലാണ് സാകിയ മുഖ്യമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്കെതിരെ ഗൂഢാലോചന ആരോപിച്ചു പരാതിയുമായി മുന്നോട്ടുവന്നത്.

2008 മാർച്ചിൽ സിബിഐ ഡയറക്ടറായിരുന്ന ആർ.കെ.രാഘവന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) സുപ്രീംകോടതി നിയോഗിച്ചു. തെളിവ് ഇല്ലെന്ന് വ്യക്തമാക്കി മോദി ഉൾപ്പെടെ 64 പേർക്ക് എസ്ഐടി 2012 ൽ ക്ലീൻ ചിറ്റ് നൽകി.

ഇതിനെതിരെ സാകിയ മെട്രോപ്പൊലിറ്റൻ മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചു. എന്നാൽ, എസ്ഐടി റിപ്പോർട്ട് 2013ൽ മജിസ്‌ട്രേട്ട് കോടതി ശരിവച്ചു. 2017ൽ ഗുജറാത്ത് ഹൈക്കോടതിയും വിധി ശരിവച്ചു. ഇതേ തുടർന്നാണ് 2018ൽ സാകിയ സുപ്രീം കോടതിയെ സമീപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top