മരണമൊഴിയായി ഫോണിൽ വീഡിയോ; യുവതി ജീവനൊടുക്കിയതിൽ വട്ടംകറങ്ങി പോലീസ്; വിടാതെ ബന്ധുക്കളും

യുവതിയുടെ ആത്മഹത്യയിൽ ദുരൂഹതയുണർത്തി അവസാനം ഫോണിൽ പകർത്തിയ വീഡിയോ. ഗുജറാത്തിലെ ബനസ്‌കന്ത സ്വദേശി രാധാ താക്കൂർ (27) മരിക്കുന്നതിന് തൊട്ടു മുമ്പെടുത്ത വീഡിയോയാണ് ബന്ധുക്കളെയും പോലീസിനെയും ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുന്നത്. മരണത്തിന് മുമ്പ് പകർത്തിയ വീഡിയോയിൽ കാമുകനോട് ക്ഷമ ചോദിക്കുന്നതായിട്ടാണുള്ളത്.

മറ്റൊരു വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കണമെന്നാണ് വീഡിയോയിൽ രാധ തൻ്റെ കാമുകനോട് ആവശ്യപ്പെടുന്നത്. ‘നിങ്ങൾ സന്തോഷമായിരുന്നാലേ തൻ്റെ ആത്മാവിന് ശാന്തി ലഭിക്കുകയുള്ളൂ. നിങ്ങളുടെ സന്തോഷത്തിന് വേണ്ടിയാണ് ഞാൻ ജീവനൊടുക്കുന്നത്. ഞാൻ മരിച്ചതായി കരുതരുത്. ചോദിക്കാതെ ചെയ്യുന്ന ഈ പ്രവർത്തിക്ക് ക്ഷമ ചോദിക്കുന്നു” – എന്നാണ് വീഡിയോയിൽ യുവതി പറയുന്നത്.

വീഡിയോയിൽ അഭിസംബോധന ചെയ്യുന്ന ആളിനോട് ഒരു ഫോട്ടോയും രാധ ചോദിക്കുന്നുണ്ട്. “ഏഴു മണിക്ക് ഫോട്ടോ കിട്ടിയില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് കാണാം” – എന്നും അവസാനം പകർത്തിയ വീഡിയോയിൽ പറയുന്നു. ഈ ദൃശ്യങ്ങളും ഫോണും സഹോദരി പോലീസിന് കൈമാറിയിരിക്കുകയാണ്. ഇങ്ങനെയൊരു കാമുകനോ സുഹൃത്തോ രാധയ്ക്ക് ഇല്ലെന്നാണ് സഹോദരി അൽക്ക പറയുന്നത്. മരണശേഷം ഫോണിൽ നിന്നും കണ്ടെടുത്ത ഈ വീഡിയോകളാണ് ദുരൂഹത ഉണർത്തുന്നത്.

വീഡിയോയിൽ പറയുന്ന ആളിന് മരണവുമായി ബന്ധമുള്ളതായി സംശയിക്കുന്നതായി പോലീസിന് നൽകിയ പരാതിയിൽ സഹോദരി ചൂണ്ടിക്കാട്ടി. യുവതി ആത്മഹത്യ ചെയ്‌തതിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അതിനായി ആദ്യം ഇങ്ങനെയൊരു സുഹൃത്ത് യുവതിക്ക് ഉണ്ടായിരുന്നോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഫോൺ കോളുകളും സോഷ്യൽ മീഡിയ സന്ദേശങ്ങളും പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top