ചീയേഴ്‌സ് പറയാന്‍ വകുപ്പില്ല, ‘ഡ്രീം സിറ്റി’ തുറക്കാൻ വൈകുന്നു; ഗുജറാത്തില്‍ മദ്യനിരോധനം പിന്‍വലിക്കാന്‍ ബിജെപി സര്‍ക്കാര്‍

മദ്യനിരോധനം കൊണ്ട് ബിസിനസ് പച്ച പിടിക്കുന്നില്ലെന്ന് തിരിച്ചറിവുമായി ബിജെപി ഭരിക്കുന്ന ഗുജറാത്ത് സര്‍ക്കാര്‍. ലോകത്തെ ഏറ്റവും വലിയ ഓഫീസ് കോംപ്ലക്‌സായ ഗിഫ്റ്റ് സിറ്റി (ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക് സിറ്റി – Gujrat International Finance Tec- City ) ഗാന്ധിനഗറില്‍ കെട്ടിപ്പൊക്കിയിട്ടും ഉദ്ദേശിച്ചതുപോലെ ബിസിനസ് നടക്കുന്നില്ല. രണ്ടെണ്ണം വീശണമെന്ന് ആഗ്രഹിക്കുന്ന ബിസിനസുകാര്‍ക്കും വ്യവസായികള്‍ക്കും മദ്യനിരോധനം വലിയ കുരിശായി മാറിയെന്ന തിരിച്ചറിവാണ് സര്‍ക്കാരിനെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡയമണ്ട് ബിസിനസ് നടക്കുന്ന സൂറത്ത് ഡ്രീംസിറ്റിയിലെ അവസ്ഥയും ശോകമാണ്. ഡയമണ്ട് വ്യാപാരം വര്‍ദ്ധിപ്പിക്കാനായി ഡയമണ്ട് റിസര്‍ച്ച് ആന്റ് മെര്‍ക്കന്റയില്‍ സിറ്റി (Diamond Research and Mercantile City) സൂറത്തില്‍ സ്ഥാപിച്ചിട്ടും കച്ചവടം മന്ദഗതിയില്‍ തന്നെ. ബിസിനസ് ഉദ്ദേശിച്ചതുപോലെ ക്ലച്ച് പിടിക്കാത്തതിന് പ്രധാന കാരണമായി ഡയമണ്ട് വ്യവസായികളും വ്യാപാരികളും പറയുന്നത് മദ്യനിരോധനമാണ്. ഡ്രീം സിറ്റിയില്‍ മദ്യവില്‍പനയും ഉപഭോഗവും നിയന്ത്രണങ്ങളില്ലാതെ നടപ്പാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഡയമണ്ട് വ്യാപാരത്തിനായി മാത്രം ആരംഭിച്ചതും 2000 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഡ്രീം സിറ്റിയില്‍ 4500 ഓഫീസുകളുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഉദ്ഘാടനം കഴിഞ്ഞ ഡ്രീം സിറ്റിയുടെ പ്രവര്‍ത്തനം ഇനിയും ആരംഭിച്ചിട്ടില്ല. മദ്യം കിട്ടാനുള്ള വകുപ്പുണ്ടായാല്‍ മാത്രമേ കച്ചവടം നടക്കൂ എന്നാണ് വ്യാപാരികളുടെ നിലപാട്.

അന്താരാഷ്ട നിലവാരമുള്ള വ്യാപാര കേന്ദ്രം പണിഞ്ഞതു കൊണ്ട് മാത്രം ബിസിനസ് നടക്കില്ലെന്നാണ് വ്യവസായ സമൂഹം പറയുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ എത്തുമ്പോള്‍ മദ്യം കിട്ടാത്ത അവസ്ഥ ഉണ്ടാവുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. അമേരിക്കയിലെ പെന്റഗണ്‍ വ്യാപാര സമുച്ചയത്തേക്കാള്‍ വലിയ വ്യവസായ – വ്യാപാര കേന്ദ്രമാണ് ഡ്രീം സിറ്റിയിലേത്. ഏതാണ്ട് ആറരലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വ്യാപാര – വാണിജ്യകേന്ദ്രമാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ മദ്യനിരോധനത്തില്‍ തീരുമാനമുണ്ടാക്കും എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യവസായികള്‍ക്ക് ഇപ്പോള്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്.

ഗാന്ധിജിയുടെ ജന്മനാട് ആയതിനാലാണ് സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ ഗുജറാത്തില്‍ മദ്യനിരോധനം നടപ്പിലാക്കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top