ഗുകേഷ് ലോക ചാംപ്യനായപ്പോള്‍ കീശനിറയുക ആദായനികുതി വകുപ്പിന്റേത്; ആ കോടികളുടെ കണക്കിങ്ങനെ…

ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യന്‍ വസന്തമാണ് ദൊമ്മരാജു ഗുകേഷ്. നിലവിലെ ചാംപ്യനായ ചൈനയുടെ ഡിങ് ലിറനെ തോല്‍പ്പിച്ച് ലോക ജേതാവായപ്പോള്‍ ഗുകേഷിനെ തേടിയെത്തിയിരിക്കുന്നത് കോടികളുടെ സമ്മാനത്തുകയാണ്. ഇതോടൊപ്പം തന്നെ വന്‍ നികുതിയുടെ ബാധ്യതയും ഗുകേഷിനെ കാത്തിരിപ്പുണ്ട്. ഇന്ത്യയിലെ ആദായ നികുതി നിയമം അനുസരിച്ച് സമ്മാനമായി ലഭിച്ചതിന്റെ 42 ശതമാനവും ഗുകേഷ് നികുതിയായി നല്‍കേണ്ടി വരുന്ന സ്ഥിതിയാണ്.

ലോക ചാംപ്യനായതോടെ 11.45 കോടി രൂപയോളമാണ് നിലവില്‍ ഗുകേഷിന് ലഭിക്കുക. ചാംപ്യന്‍ഷിപ്പിലെ സമ്മാനത്തുക ഏതാണ്ട് 21.20 കോടി രൂപയാണ്. 14 ഗെയിമുകളില്‍ ഓരോ ഗെയിം ജയിക്കുമ്പോഴും ജേതാവിന് 1.69 കോടിയോളം രൂപ സമ്മാനത്തുകയായി ലഭിക്കും. ലോക ചാംപ്യന്‍ഷിപ്പില്‍ ഡിങ് ലിറനെ മൂന്നുവട്ടമാണ് ഗുകേഷ് പരാജയപ്പെടുത്തിയത്. ഇതിലൂടെ 5.07 കോടി രൂപ സമ്മാനമായി ലഭിക്കും. രണ്ടു ജയം നേടിയ ഡിങ് ലിറന് 3.38 കോടി രൂപയും ലഭിക്കും. ബാക്കിയുള്ള സമ്മാനത്തുക ഇരുവര്‍ക്കുമായി തുല്യമായി വീതിച്ച് നല്‍കുകയും ചെയ്യും. ഈ കണക്കുകള്‍ പ്രകാരം ഗുകേഷിന് 1.35 മില്യന്‍ യുഎസ് ഡോളര്‍ അതായത് ഏതാണ്ട് 11.45 കോടി രൂപയോളം സമ്മാനമായി ലഭിക്കും. ഇതുകൂടാതെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സമ്മാനമായി അഞ്ച് കോടി രൂപയും പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതില്‍ ഭൂരിഭാഗവും നികുതിയായി നല്‍കേണ്ടിവരുന്നതാണ് ഇന്ത്യയിലെ നികുതി നിയമം . 15 ലക്ഷം രൂപയ്ക്കു മുകളിലുള്ള വരുമാനത്തിന് 30 ശതമാനമാണ് നികുതി. പ്രതിഫലം അഞ്ച് കോടിക്കു മുകളിലാണെങ്കില്‍ 37 ശതമാനം വരെ അധിക നികുതിയും 4 ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസും നല്‍കണം. മുഴുവന്‍ കണക്കും നോക്കുമ്പോള്‍ 42 ശതമാനമാകും ഗുകേഷ് നല്‍കേണ്ട നികുതി. 17 കോടി ലഭിക്കുകയാണെങ്കില്‍ 7.1 കോടി രൂപ നികുതിയായി മാത്രം ഗുകേഷ് നല്‍കേണ്ടി വരും.

ഈ കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് ഗുകേഷ് ലോക ചെസ് ചാംപ്യനായതില്‍ ഏറ്റവും കൂടുതല്‍ സന്തോഷം ആദായനികുതി വകുപ്പിനാണെന്ന വിമര്‍ശനം സത്യമാകുന്നത്. കണക്കുകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സര്‍ക്കാരിന് ഒറ്റ ഉത്തരവിലൂടെ ഈ നികുതി മുഴുവന്‍ ഒഴിവാക്കി നല്‍കാനും കഴിയും. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ ഗുകേഷിന് ഈ ആനുകൂല്യം മോദി സര്‍ക്കാര്‍ നല്‍കുമോ എന്നാണ് ഇനി അറിയേണ്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top