ഗൾഫ് മലയാളികൾക്ക് കപ്പലിൽ നാട്ടിലെത്താം, 10,000 രൂപ മുടക്കിയാൽ മതി
തിരുവനന്തപുരം: പ്രവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനു ദുബായിൽ നിന്നും കപ്പൽ സർവീസ് ആരംഭിച്ചേക്കും. തുടക്കത്തിൽ ദുബായിൽ നിന്നും കൊച്ചിയിലേക്കും ബേപ്പൂരിലേക്കുമാകും സർവീസ്. മൂന്നു ദിവസം കൊണ്ട് നാട്ടിലെത്താൻ വെറും 10,000 രൂപ മാത്രമാണ് ചെലവ്. അതിനു പുറമെ 200 കിലോ ലഗേജും കൊണ്ടുവരാം. ഒരു ട്രിപ്പിൽ 1250 പേർക്കുവരെ യാത്ര ചെയ്യാവുന്ന കപ്പലാണ് ഒരുക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ സർവീസ് ആരംഭിക്കുകയുള്ളുവെന്ന് മലബാർ ഡവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. വർഷങ്ങളായി പ്രവാസികൾ വിമാന കമ്പനികൾക്ക് അമിത നിരക്ക് നൽകിയാണ് നാട്ടിലേക്ക് എത്തുന്നത്. ഇതൊരു പരിഹാരം എന്നനിലയിലാണ് കപ്പൽ സർവീസ് നടത്താൻ ഒരുങ്ങുന്നത്.
ഇന്ത്യൻ അസോസിയേഷൻ ഷാർജയും ആനന്ദപുരം ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് ലിമിറ്റഡും തമ്മിൽ ഒരു കൺസോർഷ്യം രൂപീകരിക്കാൻ തീരുമാനമായിട്ടുണ്ട്. ആറുമാസത്തേയ്ക്ക് ഒരു പാസഞ്ചർ കപ്പൽ ചാർട്ടർ ചെയ്തുകൊണ്ട് സർവീസ് ആരംഭിക്കാനാണ് ആലോചിക്കുന്നതെന്ന് ചാക്കുണ്ണി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഡിസംബറിൽ ആദ്യ പരീക്ഷണ യാത്ര നടത്തും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here