തലസ്ഥാന നഗരമധ്യത്തില്‍ KSRTC തടഞ്ഞ് അതിക്രമം കാട്ടിയവരുടെ ഉദ്ദേശ്യമെന്ത്? വ്യക്തതയില്ലാതെ പോലീസ്

തിരുവനന്തപുരം: നഗരമധ്യത്തില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് അതിക്രമം അഴിച്ചുവിട്ട നാലംഗ സംഘത്തിനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് കേശവദാസ പുരത്ത് അതിക്രമം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മല്ലപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസ് തടഞ്ഞാണ് ജീവനക്കാര്‍ക്ക് നേരെ ആക്രമണം നടന്നത്.

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മര്‍ദ്ദനമേറ്റതിന്റെ പേരിലാണ് പോലീസ് കേസ്. അക്രമികള്‍ വന്ന ക്വാളിസ് കാര്‍ കസ്റ്റഡിയിലെടുത്തെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പേരൂര്‍ക്കട പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.

കാറിലുള്ളവര്‍ അതിക്രമം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്ന വീഡിയോയിലുള്ളത്. കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ ക്വാളിസ് കാര്‍ നിരന്തരം മാര്‍ഗതടസം സൃഷ്ടിക്കുകയാണ്. ബസ് ഡ്രൈവര്‍ ക്വാളിസിനെ മറികടന്ന് പോകാന്‍ ശ്രമിക്കുന്നെങ്കിലും ഇടം നല്‍കാത്ത രീതിയിലാണ് പോകുന്നത്. ബസ് തൊട്ടടുത്ത് എത്തുമ്പോള്‍ സഡന്‍ ബ്രേക്കിടുന്നതും കാണാം. പ്രകോപനം തുടര്‍ന്നപ്പോള്‍ ഡ്രൈവര്‍ ബസ് ഒതുക്കിയിടുന്നു.

ബസിന് കുറച്ചപ്പുറം കാര്‍ നിര്‍ത്തിയാണ് സംഘം ഇറങ്ങുന്നത്. ബസില്‍ നിന്നും ഇറങ്ങി വന്ന കണ്ടക്ടറോടും അടുത്തുള്ളവരോടും ഇവര്‍ തട്ടിക്കയറുന്നത് കാണാം. ഒടുവില്‍ സംഘത്തിലെ ഒരാള്‍ ബസില്‍ കയറുന്നതും ബഹളം വയ്ക്കുന്നതും കാണാം. ഒടുവില്‍ ഇയാള്‍ പുറത്ത് വന്ന് ഡ്രൈവറോട് കയര്‍ക്കുന്നതും കാണാം. ഈ വീഡിയോ നോക്കിയാണ് പ്രതികളെ തിരിച്ചറിയാന്‍ പോലീസ് ശ്രമിക്കുന്നത്.

ക്വാളിസ് കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായുള്ള അന്വേഷണത്തിലാണ്- പേരൂര്‍ക്കട പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. എന്താണ് പ്രകോപനകാരണമെന്ന് അറിയില്ല. ഒരു പ്രശ്നവും ക്വാളിസ് കാര്‍ ഓടിച്ചവരുമായി ഉണ്ടായിട്ടില്ലെന്നാണ് ഡ്രൈവര്‍ അറിയിച്ചത്-കെഎസ്ആര്‍ടിസി അധികൃതര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top