‘ഗുരുവായൂര്‍ അമ്പലനടയില്‍’ റിലീസ് മെയ് 16ന്; അടിമുടി ചിരിപ്പടവുമായി ബേസില്‍ ജോസഫും പൃഥ്വിരാജും; കൂടെ നിഖില വിമലും അനശ്വര രാജനും
ജയ ജയ ജയ ജയഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഗുരുവായൂര്‍ അമ്പലനടയില്‍. പൃഥ്വിരാജ്, ബേസില്‍ ജോസഫ്, നിഖില വിമല്‍, അനശ്വര രാജന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മെയ് 16ന് തിയറ്ററുകളില്‍ എത്തും. സിനിയുടെ ടീസർ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
പോസ്റ്ററില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാഹ ചടങ്ങില്‍ നിന്നുള്ള താരങ്ങളുടെ ചിത്രമായിരുന്നെങ്കില്‍ ആ വിവാഹത്തിന്റെ കോലാഹലങ്ങളാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. ഒരു മിനിറ്റ് അന്‍പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ നിന്ന് ഗുരുവായൂര്‍ അമ്പലനടയില്‍ അടിമുടി എന്റര്‍ടെയ്‌നര്‍ ആണെന്ന് വ്യക്തം. ബേസില്‍ ജോസഫും അനശ്വര രാജനുമാണ് ചിത്രത്തിലെ വധൂവരന്മാര്‍. പൃഥ്വിരാജിന്റെ ഭാര്യാ കഥാപാത്രമായാണ് നിഖില വിമല്‍ എത്തുന്നത്. അനശ്വര പൃഥ്വിയുടെ അനിയത്തിയും.
തമിഴ് താരം യോഗി ബാബുവും ഈ സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബൈജു സന്തോഷ്, സിജു സണ്ണി, ജഗദീഷ്, രേഖ, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്. ബേസില്‍ ജോസഫും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ബാനറില്‍ സുപ്രിയ മേനോന്‍, മുകേഷ് ആര്‍ മെഹ്ത, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ഗുരുവായൂര്‍ അമ്പലനടയില്‍ നിര്‍മിക്കുന്നത്. കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് ആണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here