28 വര്‍ഷം ചങ്ങലയില്‍ കിടന്ന കൊമ്പന് സ്വാതന്ത്ര്യം കിട്ടിയയുടൻ പാപ്പാനെ അടിച്ചുകൊന്നു; ഗുരുവായൂര്‍ ദേവസ്വത്തെ ഞെട്ടിച്ച് രതീഷിന്റെ മരണം

എം.മനോജ്‌ കുമാര്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചത് ഗുരുവായൂര്‍ ദേവസ്വത്തെ ഞെട്ടിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗുരുവായൂര്‍ ആനക്കോട്ടയില്‍ ഇത്തരമൊരു അനിഷ്ട സംഭവമുണ്ടാകുന്നത്. കൊമ്പന്‍ ചന്ദ്രശേഖരന്റെ ആക്രമണത്തില്‍ രണ്ടാം പാപ്പാന്‍ പാലക്കാട് കോങ്ങാട് സ്വദേശി ഒ.എ.രതീഷാണ് (45) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വെള്ളം കൊടുക്കാനാണ് രതീഷ്‌ അടുത്തെത്തിയത്. അപ്രതീക്ഷിതമായി ആന തുമ്പിക്കൈകൊണ്ട് രതീഷിന്റെ മേല്‍ ആഞ്ഞടിക്കുകയായിരുന്നു. കാലിനും വയറിനും നെഞ്ചത്തുമാണ് പ്രഹരമേറ്റത്. തൃശൂര്‍ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രതീഷിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

തീര്‍ത്തും അപകടകാരിയായ ആനയായതിനാല്‍ കൊമ്പന്‍ ചന്ദ്രശേഖരനെ 28 വര്‍ഷങ്ങളായി ചങ്ങലയില്‍ തളച്ചിരിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ആദ്യമായി പുറത്തേക്ക് എത്തിച്ച് ഗുരുവായൂരപ്പനെ തൊഴുവിച്ചത്. ഇത് വാര്‍ത്തയാവുകയും ചെയ്തിരുന്നു. കൊമ്പനെ നോക്കിയിരുന്ന ഒന്നാം പാപ്പാന്‍‌ ഇന്ന് എത്തിയിരുന്നില്ല. അതിനാല്‍ രണ്ടാം പാപ്പാനായ രതീഷാണ് ആനയെ പരിചരിച്ചത്. ഒന്നാം പാപ്പാനെല്ലാതെ മറ്റാരും അടുത്തെത്തുന്നത് ആനയ്ക്ക് ഇഷ്ടമായിരുന്നില്ല. ഇതറിയാവുന്ന ആള്‍ തന്നെയായിരുന്നു രതീഷ്‌ എന്നാണ് ദേവസ്വം വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ആനയുമായി ഗുരുവായൂരിലെത്തിയതാണ് രതീഷ്‌. അന്ന് പാപ്പാന്റെ ഒഴിവുള്ളതിനാല്‍ ഇവിടെ പാപ്പാനായി നിയമനം കിട്ടുകയായിരുന്നു. രതീഷിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. പുന്നത്തൂര്‍ ആനക്കോട്ടയില്‍ സുപരിചിതനായിരുന്നതിനാല്‍ മരണം ജീവനക്കാര്‍ക്കും ആഘാതമായി.

‘അപ്രതീക്ഷിത സംഭവമാണ് നടന്നതെന്ന് ആനക്കോട്ടയുടെ ചുമതലയുള്ള ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ കെ.എസ് മായാദേവി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ആന അപകടകാരിയായിരുന്നു. ഉടന്‍ തന്നെ രതീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഈ അടുത്ത കാലത്തൊന്നും ഈ രീതിയില്‍ സംഭവങ്ങളില്ല-മായ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top