‘ആവേശം’ വീണു; ഓപ്പണിങ് ഡേ കളക്ഷനില്‍ ‘ഗുരുവായൂര്‍ അമ്പലനടയില്‍’ മുന്നില്‍; പൃഥ്വിരാജ്, ബേസില്‍ ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍

ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആണ് ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം. വിഷു റിലീസ് ആയെത്തിയ ആവേശം ബോക്‌സ് ഓഫീസില്‍ 150 കോടിയിലധികം രൂപ നേടിയാണ് ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചത്. ഓപ്പണിങ് ഡേ കളക്ഷനില്‍ മൂന്നരക്കോടി രൂപയാണ് ആവേശം സ്വന്തമാക്കിയത്. ഇപ്പോഴിതാ ആവേശത്തെ വീഴ്ത്തി പൃഥ്വിരാജ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ വിപിന്‍ദാസ് സംവിധാനം ചെയ്ത ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രം മുന്നിലെത്തിയിരിക്കുന്നു. കേരള ബോക്‌സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം 3.8 കോടിയാണ് നേടിയിരിക്കുന്നത്. ആഗോളതലത്തില്‍ വിപിന്‍ദാസ് ചിത്രത്തിന്റെ കളക്ഷന്‍ 7.5 കോടിയാണ്.

ഈ വര്‍ഷത്തെ ഓപ്പണിങ് ഡേ കളക്ഷന്‍ പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ഗുരുവായൂര്‍ അമ്പലനടയില്‍. ഒന്നാം സ്ഥാനത്ത് മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ ആണ്. 5.85 കോടിയാണ് വാലിബന്റെ ആദ്യ ദിന കളക്ഷന്‍. രണ്ടാം സ്ഥാനത്തുള്ളത് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതവും. ആടുജീവിതം ആദ്യ ദിവസം കേരള ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത് 5.83 കോടിരൂപയാണ്.

പൃഥ്വിരാജും ബേസിലും ആദ്യമായി ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന സിനിമയ്ക്കുണ്ട്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിഖില വിമലും അനശ്വര രാജനുമാണ് നായികമാര്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top