‘ഗുരുവായൂരമ്പല നടയില്‍’ ഹോട്ട്‌സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക്; ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
മലയാള സിനിമയിലെ ഈ വര്‍ഷത്തെ തുടര്‍ച്ചയായ വിജയ ചിത്രങ്ങളുടെ പട്ടികയില്‍ എഴുതിച്ചേര്‍ത്ത മറ്റൊരു പേരാണ് വിപിന്‍ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിന്റേത്. പൃഥ്വിരാജ് സുകുമാരനും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ആഗോള ബോക്‌സോഫീസില്‍ ഇതുവരെ 90 കോടിയിലധികം കളക്ഷന്‍ നേടി.ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റിലീസ്.
പൃഥ്വിരാജ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 27 മുതലാണ് ചിത്രം ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളില്‍ ഗുരുവായൂരമ്പല നടയില്‍ ലഭ്യമാകും.
വിപിന്‍ ദാസിനും ബേസില്‍ ജോസഫിനുമൊപ്പം പൃഥ്വിരാജ് ആദ്യമായി കൈകോര്‍ത്ത ഫാമിലി എന്റര്‍ടെയ്നര്‍ ആണ് ഗുരുവായൂരമ്പല നടയില്‍. ആനന്ദന്‍ എന്ന കഥാപാത്രമായി പൃഥ്വിരാജും വിനു രാജമന്ദ്രനായി ബേസില്‍ ജോസഫുമെത്തിയപ്പോള്‍, നായികമാരായ പാര്‍വ്വതി, അഞ്ജലി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് നിഖില വിമലും അനശ്വര രാജനുമായിരുന്നു. തിയറ്ററുകളില്‍ ചിരിപ്പൂരമൊരുക്കിയ ചിത്രത്തില്‍ ബൈജു, ജഗദീഷ്, രേഖ, ഇര്‍ഷാദ്, കോട്ടയം രമേശ്, അജു വര്‍ഗീസ് തുടങ്ങിയ നീണ്ട താരനിര തന്നെയുണ്ടായിരുന്നു. തമിഴ് നാടന്‍ യോഗി ബാബു ഗസ്റ്റ് റോളിലെത്തിയ ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here