ഗുരുവായൂര്‍ ആനക്കോട്ടയില്‍ സംഭവിക്കുന്നതെന്ത്? പാപ്പാന്മാരെ അടിക്കടി മാറ്റുന്നോ? രതീഷ്‌ ആനപ്പകയ്ക്ക് ഇരയായോ?

എം.മനോജ്‌ കുമാര്‍

തൃശൂര്‍: ഇക്കഴിഞ്ഞ ദിവസം ചന്ദ്രശേഖരനെന്ന കൊമ്പനാന പാപ്പാന്‍ രതീഷിനെ കുത്തിക്കൊന്നതോടെയാണ് ഗുരുവായൂര്‍ ആനക്കോട്ട വീണ്ടും ചര്‍ച്ചയില്‍ സ്ഥാനം പിടിക്കുന്നത്. 41 ആനകളും 100-ലധികം പാപ്പാന്മാരുമുള്ളതാണ് പുന്നത്തൂര്‍കോട്ട. ഒരാനയെ പരിപാലിക്കാൻ പല പാപ്പാന്മാര്‍ നിയോഗിക്കുന്നുവെന്ന പരാതി ഇവിടെ മുന്‍പേ തന്നെയുണ്ട്‌. രതീഷിൻ്റെ ദാരുണ മരണത്തോടെ ഈ ആക്ഷേപങ്ങൾ വീണ്ടും ഉയരുകയാണ്. വെള്ളം കൊടുക്കുന്ന പാപ്പാനെ ആന ആക്രമിച്ച് കൊല്ലുന്നത് അപൂര്‍വമാണ്. രതീഷിൻ്റെ കാര്യത്തിൽ ഇതെങ്ങനെ സംഭവിച്ചു എന്നാണ് ചോദ്യമാണ് ആന പ്രേമികളും ആന പരിപാലന വിദഗ്ധരും ഉയര്‍ത്തുന്നത്.

കേരളത്തിലെ മറ്റൊരിടത്തും ഇല്ലാത്ത വിധമുള്ള സങ്കീര്‍ണ്ണമായൊരു പ്രശ്നം ഗുരുവായൂരിലെ പാപ്പാന്മാര്‍ നേരിടുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഒരാനയെ നോക്കാൻ പല പാപ്പാന്മാരെ നിയോഗിക്കുന്നു. അതായത്, പാപ്പാന്മാരെ ഇടക്കിടെ മാറ്റുന്നു. ഇത് ആനക്ക് ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. ഒരാളെയും അയാളുടെ മണവും ശീലിച്ചുകഴിഞ്ഞ ആന മറ്റൊരാളോട് ഇണങ്ങാൻ എളുപ്പമല്ല. അങ്ങനെ പലരെ എളുപ്പത്തിൽ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. ഇങ്ങനെ പുതുതായി എത്തുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ചെറിയ പ്രശ്നം പോലും ആന സഹിക്കില്ല. എളുപ്പത്തിൽ പ്രകോപിതനാകും. ഇതാണ് ഗുരുവായൂരിൽ കഴിഞ്ഞ ദിവസം ഉണ്ടായത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഗുരുവായൂരില്‍ കൊല്ലപ്പെട്ടത് രണ്ടാം പാപ്പാനാണ്. ഒന്നാം പാപ്പാന്‍‌ അവധിയിലായതിനെ തുടര്‍ന്നാണ് രണ്ടാം പാപ്പാനായ രതീഷിനു ചുമതല നല്‍കിയത്. അത്യന്തം അപകടകാരിയായതിനാല്‍ 28 വര്‍ഷം ചങ്ങലയില്‍ തന്നെ നിര്‍ത്തിയ ആനയാണ് ചന്ദ്രശേഖരന്‍. കഴിഞ്ഞയാഴ്ചയാണ് അഴിച്ച് പുറത്തിറക്കാൻ തുടങ്ങിയത്. ഒന്നാം പാപ്പാനോടാണ് ആനയ്ക്ക് അടുപ്പമുള്ളത്. രണ്ടാം പാപ്പാനായിരുന്ന രതീഷ്‌ ആനപ്പകയ്ക്ക് ഇരയായോ എന്ന സംശയം ഉയര്‍ത്തുന്നവര്‍ നിരവധിയാണ്. എന്നാൽ പാപ്പാന്മാരെ അങ്ങനെ മാറ്റാറില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

“ആനക്കോട്ടയിലെ ആനകള്‍ അസ്വസ്ഥരാണ്. സ്ഥിരമായി ഒരു പാപ്പാനെ തന്നെ ആനയുടെ കാര്യങ്ങള്‍ക്ക് നിയോഗിക്കണം. അങ്ങനെയാകുമ്പോള്‍ പാപ്പാനെ ആക്രമിക്കാനുള്ള സാധ്യത വിരളമാണ്. ഇത് മനസിലാക്കേണ്ടത് ഗുരുവായൂര്‍ ദേവസ്വമാണ്‌. അവര്‍ അത് മനസിലാക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട് ” -ഹെറിറ്റേജ് അനിമല്‍ ടാസ്ക് ഫോഴ്സ് കേരള സെക്രട്ടറി വി.കെ. വെങ്കിടാചലം മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

സമീപകാലത്തൊന്നും ഗുരുവായൂര്‍ ആനക്കോട്ടയില്‍ ഇത്തരമൊരു അനിഷ്ട സംഭവമുണ്ടായിട്ടില്ല എന്നാണ് അധികൃതര്‍ പറയുന്നത്. കൊമ്പന്‍ ചന്ദ്രശേഖരന്റെ ആക്രമണത്തില്‍ രണ്ടാം പാപ്പാന്‍ പാലക്കാട് കോങ്ങാട് സ്വദേശി ഒ.എ.രതീഷാണ് (45) ഇക്കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. വെള്ളം കൊടുക്കാനായി രതീഷ്‌ ആനയുടെ സമീപത്ത് എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി തുമ്പിക്കൈകൊണ്ട് രതീഷിന്റെ മേല്‍ ആഞ്ഞടിച്ചത്. കാലിനും വയറിനും നെഞ്ചത്തുമാണ് പ്രഹരമേറ്റത്. തൃശൂര്‍ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രതീഷിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top