നടപന്തല്‍ കേക്ക് മുറിക്കാനുള്ള ഇടമല്ലെന്ന് ഹൈക്കോടതി; വീഡിയോഗ്രാഫിക്കും ഗുരുവായൂരില്‍ കര്‍ശന നിയന്ത്രണം
ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം. വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. ചിത്രകാരി ജസ്ന സലീം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഉത്തരവ്. പി.വേണുഗോപാൽ, ബബിത മോൾ എന്നിവരാണ് ഹർജി നല്‍കിയത്.
ക്ഷേത്രം നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ആരാധനാലയ പരിസരം മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഗുരുവായൂര്‍ ക്ഷേത്രപരിസരവും ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശരിയല്ല.
സെലിബ്രിറ്റികള്‍ക്കൊപ്പമുള്ള വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി. കോടതി ഉത്തരവ് വ്ലോഗര്‍മാരെയും വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്യുന്നവര്‍ക്കും തിരിച്ചടിയാകും. സെലിബ്രിറ്റികള്‍ എത്തുമ്പോള്‍ വീഡിയോഗ്രാഫര്‍മാരുടെ തിരക്കാണ് ഗുരുവായൂരില്‍. ഇവര്‍ക്കെല്ലാം ഇനി പിടി വീഴും.
ശ്രീകൃഷ്ണ ചിത്രങ്ങൾ വരച്ച് ഏറെ പ്രശസ്തി നേടിയ ചിത്രകാരിയാണ് ജസ്ന. കൃഷ്ണ ചിത്രങ്ങളുമായി ഇവര്‍ ഗുരുവായൂര്‍ നടയില്‍ എത്താറുണ്ട്. ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കണ്ണന്റെ ചിത്രം സമ്മാനിച്ചിരുന്നു. കഴിഞ്ഞവർഷം വിവിധ വലിപ്പത്തിലുള്ള കണ്ണന്റെ 101 ചിത്രങ്ങൾ ഒരുമിച്ച് ഗുരുവായൂരിൽ സമർപ്പിച്ചിരുന്നു. ഗുരുവായൂര്‍ നടയില്‍ വച്ച് ജസ്ന കേക്ക് മുറിച്ചത് പക്ഷെ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ഇതിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമാണെന്ന് ജസ്ന പരാതിപ്പെട്ടിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here