ഗ്യാനേഷ് കുമാറും സുഖ്‌ബിർ സിംഗ് സന്ധുവും തിരഞ്ഞെടുപ്പ് കമ്മിഷണർമാർ; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി; എതിർത്ത് കോണ്‍ഗ്രസ്
ഡല്‍ഹി: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറും സുഖ്‌ബിർ സിംഗ് സന്ധുവും പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാർ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ സമിതിയാണ് കമ്മിഷണർമാരെ നിയമിച്ചത്. ഇതംഗീകരിച്ച് രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി. കോണ്‍ഗ്രസ് എതിർപ്പ് അവഗണിച്ചാണ് നിയമനം നടത്തിയിരിക്കുന്നത്. സമിതി അംഗവും ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവുമായ അധിര്‍ രഞ്ജന്‍ ചൗധരിയാണ് പുതിയ കമ്മിഷണര്‍മാരുടെ നിയമനത്തെ എതിർത്തത്.
പ്രധാനമന്ത്രിക്കും അധിര്‍ രഞ്ജന്‍ ചൗധരിക്കും പുറമേ ആഭ്യന്തരമന്ത്രി അമിത് ഷായാണ് സമിതിയിലെ മൂന്നാമത്തെ അംഗം. കമ്മിഷണര്‍ സ്ഥാനത്തേക്ക് പരിഗണിച്ചവരുടെ ചുരുക്ക പട്ടിക ആവശ്യപ്പെട്ട് നിയമമന്ത്രിക്ക് കത്ത് നല്‍കിയിരുന്നെങ്കിലും അത് ലഭിച്ചില്ലെന്ന് അധിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. 1988 ബാച്ച് കേരളാ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍. 1988 ബാച്ച് ഉത്തരാഖണ്ഡ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് സന്ധു.
അരുൺ ഗോയൽ, അനുപ് പാണ്ഡെ എന്നിവർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ പുതിയ കമ്മിഷണർമാരെ നിയമിച്ചിരിക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമനത്തിൽ കേന്ദ്രം ഇടപെടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ഡോ. ജയ ഠാക്കൂർ നൽകിയ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷണർ ആക്ട് , 2023 നെതിരായ ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. പുതിയ ആക്ട് പ്രകാരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷണർമാരെയും തിരഞ്ഞെടുക്കുന്ന പാനലിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി, ഒരു കേന്ദ്രമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരാണ് പാനലിലെ അംഗങ്ങൾ. പാനലിലെ ഭരണപക്ഷത്തിന്റെ ആധിപത്യം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here