ജിമ്മുകളിലെ ഉത്തേജക മരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്നു; 50 ജിമ്മുകളില്‍ നിന്നു മാത്രം പിടിച്ചത് ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍

സംസ്ഥാനത്തെ ജിമ്മുകളില്‍ ഉത്തേജക മരുന്ന് ഉപയോഗം അപകടകരമാംവിധം വര്‍ദ്ധിക്കുന്നു. ശരീര സൗന്ദര്യ വര്‍ദ്ധനവിനും മറ്റുമായി യാതൊരു ശാസ്ത്രീയ പരിശോധനയും നടത്താതെ മരുന്നുകള്‍ ഉപയോഗിക്കുകയാണ്. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ഇന്ന് നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ നിരവധി കേസുകളാണ് പിടികൂടിയത്. സംസ്ഥാനത്തെ 50 ജിമ്മുകളില്‍ പരിശോധന നടത്തിയപ്പോള്‍ പിടിച്ചെടുത്തത് ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകളാണ്. പല രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളും ഇത്തരത്തില്‍ വിതരണം ചെയ്യുകയാണ്.

ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ഡിസംബര്‍ മാസത്തില്‍ ജിമ്മുകള്‍ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകള്‍ അനധികൃതമായി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതായി ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം നടത്തിയശേഷമാണ് ഇന്ന് റെയ്ഡ് നടത്തിയത്. അനധികൃതമായി മരുന്ന് വിതരണം ചെയ്യുന്ന ജിമ്മുകള്‍ക്കെതിരെ കേസെടുത്ത് കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

തൃശൂരിലെ ഒരു ജിം ട്രെയിനറുടെ വീട്ടില്‍ നിന്ന് വന്‍തോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു. എല്ലാം സ്റ്റിറോയ്ഡുകള്‍ അടങ്ങിയവയാണ്. ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം കഴിക്കേണ്ട മരുന്നുകളാണ് ഇവ. ഇത്തരം മരുന്നുകള്‍ അംഗീകൃത ഫാര്‍മസികള്‍ക്ക് മാത്രമേ വില്‍ക്കാന്‍ അധികാരമുള്ളൂ. ഇത്തരത്തിലുള്ള മരുന്നുകളുടെ ഉപയോഗം കൊണ്ട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജിമ്മുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധനക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യുവജനങ്ങളില്‍ ഇത്തരത്തിലുള്ള മരുന്നുകളുടെ ദൂഷ്യഫലങ്ങളെപ്പറ്റി ബോധവത്ക്കരണം നല്‍കാനായി അവബോധ ക്ലാസുകള്‍ നടത്താനും തീരുമാനമായിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top