മോദിയുടെ ആത്മാവ് അദാനിക്കൊപ്പം; ഫോണ്‍ ചോർത്തൽ കള്ളന്മാരുടേയും ക്രിമിനലുകളുടേയും പ്രവൃത്തി: രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ഫോണുകൾ ഹാക്ക് ചെയ്യപ്പെടുന്നുണ്ടെന്ന ആരോപണത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഫോണ്‍ ചോർത്തുന്നത് കള്ളന്മാരുടേയും ക്രിമിനലുകളുടേയും പ്രവൃത്തിയാണ്. തന്റെ ഓഫീസിലെ എല്ലാവർക്കും സന്ദേശമെത്തി. കെ.സി. വേണു​ഗോപാലിനും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഭയപ്പെട്ട് പിന്നോട്ടില്ല. എത്ര വേണമെങ്കിലും ചോർത്തിക്കോളൂ എന്നും രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നരേന്ദ്രമോദിയുടെ ആത്മാവ് അദാനിക്കൊപ്പമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒന്നാമത് പ്രധാനമന്ത്രിയും രണ്ടാമത് അദാനിയും മൂന്നാമത് അമിത് ഷായും ആണ് എന്നായിരുന്നു തൻ്റെ ധാരണ. എന്നാൽ ആ ധാരണ തെറ്റായിരുന്നു. ഇന്ത്യയിൽ ഒന്നാമൻ അദാനിയാണെന്ന് തിരിച്ചറിയുന്നെന്നും രാഹുൽ പരിഹസിച്ചു.

അദാനിക്കെതിരെ ആരെങ്കിലും മിണ്ടിയാൽ കേസെടുക്കും. അദ്ദേഹത്തിന്റെ ശബ്ദമാണ് പ്രധാനമന്ത്രി. വിമാനത്താവളങ്ങളും വ്യവസായങ്ങളും അദാനിക്ക് തീറെഴുതി. രാജ്യത്തിന്റെ സ്വത്തുക്കൾ അദാനിക്ക് കീഴ്പ്പെടുത്തുന്ന പ്രവൃത്തികളാണ് നടക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.

“സമയമാകുമ്പോൾ അദാനി സർക്കാരിനെ എങ്ങനെ നീക്കംചെയ്യണമെന്ന് ഞങ്ങൾ കാണിച്ചുതരാം. സർക്കാരിനെ ഒഴിവാക്കുന്നതിലൂടെ അദാനിയെ നീക്കംചെയ്യുമെന്ന് കരുതരുത്. നിലവിൽ രാജ്യത്തുടനീളം നടക്കുന്ന കുത്തകവല്‍കരണത്തിന്റെ പ്രതീകമാണ് അദ്ദേഹം. ബിജെപിയുടെ സാമ്പത്തിക വ്യവസ്ഥ ആദാനിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു”-രാഹുൽ പറഞ്ഞു.

സർക്കാർ പിന്തുണയോടെയുള്ള ഹാക്കർമാർ നിങ്ങളുടെ ഐഫോൺ ലക്ഷ്യമിടുന്നുവെന്ന് ആപ്പിൾ മുന്നറിയിപ്പ് നൽകിയെന്നാണ് പ്രതിപക്ഷ പാർട്ടി നേതാക്കൾ ആരോപിക്കുന്നത്. ആപ്പിൾ അയച്ച സന്ദേശത്തിൻ്റെ സ്ക്രീൻ ഷോട്ടുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ നേതാക്കൾ പങ്കുവെച്ചു.

കോൺഗ്രസ് നേതാവായ ശശി തരൂർ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി, ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ,സി പി എം ജനറൽ സെക്രട്ടറി. സീതാറാം യെച്ചൂരി, കോൺഗ്രസ് വക്താവ് പവൻ ഖേര, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരാണ് പരാതിയുമായി രംഗത്തുള്ളത്.
മാധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജൻ, ശ്രീറാം കാരി, തിങ്ക് ടാങ്ക് ഒആർഎഫ് ഇന്ത്യയുടെ പ്രസിഡന്റ് സമീർ ശരൺ എന്നിവരും ആപ്പിളിൽ നിന്ന് ഇതേ മുന്നറിയിപ്പ് ലഭിച്ചതായി ഇന്ന് എക്സ് പ്ലാറ്റ്‌ഫോമിൽ ട്വീറ്റു ചെയ്തു. എന്നാൽ ഇതിനോട് പ്രതികരിക്കൽ ആപ്പിൾ തയ്യാറായിട്ടില്ല എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top