കോടതിക്ക് മുന്നില്‍വച്ച് അരിവാളുകൊണ്ട് അഭിഭാഷകൻ്റെ കഴുത്തറുത്തു; പിന്നാലെ മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങൽ

കോടതിയുടെ പുറത്തുവച്ച് ജൂനിയർ അഭിഭാഷകനെ വെട്ടി പരുക്കേൽപ്പിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. ആളുകൾ നോക്കി നിൽക്കേ അരിവാളുകൊണ്ടായിരുന്നു ആക്രമണം. സത്യനാരായണൻ എന്ന അഭിഭാഷകൻ്റെ ജൂനിയറായ കണ്ണനാണ് (30) പരുക്കേറ്റത്. മാറ്റൊരു അഭിഭാഷകനായ ആനന്ദ് കുമാർ (39) എന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. സംഭവ ശേഷം ആനന്ദ് ഹൊസൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
മുഖത്തും കഴുത്തിലും ഗുരുതരമായി പരുക്കേറ്റ കണ്ണനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യക്തി വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഹൊസൂർ ടൗൺ പോലീസ് പറഞ്ഞു. ഇരുവരും തമ്മിൽ മുമ്പും വഴക്കുകൾ ഉണ്ടായിട്ടുണ്ടെന്നും അവ ഒത്തുതീർപ്പിൽ എത്തിയിരുന്നതായും പോലീസ് അറിയിച്ചു. സംഭവത്തെപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
അക്രമത്തിന് പിന്നാലെ അഭിഭാഷകർ കോടതിക്ക് പുറത്ത് പ്രതിഷേധിച്ചു. ഡ്യൂട്ടി സമയത്ത് ഡോക്ടർമാർക്ക് വേണ്ടി നടപ്പാക്കിയതിന് സമാനമായി അഭിഭാഷകരെ സംരക്ഷിക്കുന്ന നിയമം വേണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്ന ആരോപണവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ രംഗത്തെത്തി. തഞ്ചാവൂരിലെ സർക്കാർ സ്കൂളിൽ രമണി (26) എന്ന അധ്യാപികയെ കഴുത്തറുത്ത് കൊന്ന സംഭവവും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here