ഭാരംകുറയ്ക്കാൻ വിനേഷ് ഫോഗട്ടിൻ്റെ കഠിനശ്രമങ്ങൾ; ‘മുടി മുറിച്ചു, ജലപാനമില്ലാതെ ദിവസങ്ങളോളം’… എല്ലാം വെള്ളത്തിലായപ്പോൾ
പാരിസ് ഒളിമ്പിക്സിൽ ഗുസ്തി ഇനത്തിൽ രാജ്യത്തിന്റെ മെഡൽ പ്രതീക്ഷകൾ വാനോളം ഉയർത്തിയാണ് വിനേഷ് ഫോഗട്ട് ഫൈനലിൽ എത്തിയത്. എന്നാൽ, ഇന്നു രാവിലെ നടന്ന ഭാരപരിശോധനയിൽ താരം പരാജയപ്പെട്ടു. അനുവദനീയമായതിനേക്കാൾ 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിലാണ് 50 കിലോ വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ചിരുന്ന വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്.
സാധാരണയായി 53 കിലോഗ്രാം വിഭാഗത്തിലാണ് ഫോഗട്ട് മത്സരിച്ചിരുന്നത്. എന്നാല്‍ പാരീസ് ഒളിമ്പിക്സില്‍ 50 കിലോ വിഭാഗത്തിൽ മത്സരിക്കാൻ ഫോഗട്ട് തീരുമാനിക്കുകയായിരുന്നു. ശരീരത്തിൻ്റെ സ്വാഭാവിക ഭാരം അതിലും കൂടുതലായതിനാൽ അത് കുറയ്ക്കാൻ കഠിനശ്രമങ്ങൾ വേണ്ടിവരുമെന്ന് അറിയാമായിരുന്നു. അതിനായാണ് അവസാനനിമിഷം മുടി മുറിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
ചൊവ്വാഴ്‌ച രാത്രി ശരീരഭാരം ഒരുകിലോ വർധിച്ചതിനെ തുടർന്നാണ് വിനേഷിന് ഇത്തരം കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വന്നതെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച മത്സരങ്ങൾ പൂർത്തിയാക്കിയശേഷം ഫോഗട്ട് നേരെ പരിശീലനത്തിന് പോയി, വെള്ളമോ ഭക്ഷണമോ കഴിച്ചില്ല. രാത്രി മുഴുവൻ വർക്ക്ഔട്ട് ചെയ്തു. ബുധനാഴ്ച രാവിലെ വീണ്ടും പരിശീലനത്തോടെയാണ് തുടങ്ങിയത്. ഇതിലൂടെ 900 ഗ്രാം ഭാരം കുറയ്ക്കാൻ കഴിഞ്ഞു, പക്ഷേ ബാക്കിനിന്ന 100 ഗ്രാം താരത്തിന്റെ മെഡൽ പ്രതീക്ഷകളെ തകർത്തു.
പാരീസ് ഒളിമ്പിക്‌സിൽ 50 കിലോഗ്രാം വിഭാഗത്തിൽ മൽസരിക്കാനായി അതികഠിനമായ പരിശീലനങ്ങൾ നടത്തിയിരുന്നതായി വിനേഷ് മുൻപ് വെളിപ്പെടുത്തിയിരുന്നു. ഭക്ഷണം അത്യാവശ്യത്തിന് മാത്രമാക്കി. വെള്ളം പോലും തുലോം പരിമിതമായി മാത്രമേ കുടിച്ചിരുന്നുള്ളൂ. 50 ഗ്രാം കുറയ്ക്കാൻ മുടി മുറിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് ഫോഗട്ടിന്റെ പരിശീലകൻ വെളിപ്പെടുത്തി. പക്ഷേ, അപ്പോൾ അത് വേണ്ടിവന്നില്ല. എന്നാൽ, പാരീസ് ഒളിമ്പിക്‌സിൽ മെഡൽ പ്രതീക്ഷിച്ച് ഏറ്റവും ഒടുവിൽ വിനേഷിന് അത് വേണ്ടിവന്നു. എന്നിട്ടും എല്ലാം വൃഥാവിലായതാണ് ഏറ്റവും നിരാശപ്പെടുത്തുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here