‘ഹമാരേ ബാരാ സിനിമ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കും’; റിലീസ് വിലക്കി കര്‍ണ്ണാടക സര്‍ക്കാര്‍; മഹാരാഷ്ട്രയിലെ വിലക്ക് നീക്കി ബോംബെ ഹൈക്കോടതി

ബോളീവുഡ് ചിത്രം ഹമാരേ ബാരായുടെ റിലീസ് വിലക്കി കര്‍ണ്ണാടക സര്‍ക്കാര്‍. സിനിമ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും എന്നാരോപിച്ചാണ് വിലക്കിയത്. ചിത്രം ഇന്ന് റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ നിശ്ചയിച്ചിരുന്നത്. ചിത്രത്തിനെതിരെ മുസ്ലിം സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് റിലീസ് വിലക്കിയത്.
ബോംബെ ഹൈക്കോടതി മഹാരാഷ്ട്രിയില്‍ ചിത്രം റിലീസ് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയിട്ടുണ്ട്. ചിത്രത്തിലെ ചില സംഭാഷണങ്ങള്‍ നീക്കം ചെയ്യാമെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് വിലക്ക് നീക്കിയത്. ചിത്രത്തിന് അടിയന്തരമായി റിലീസ് ചെയ്യാനുള്ള അനുമതിയും ഹൈക്കോടതി നല്‍കിയിട്ടുണ്ട്.
മന്‍സൂര്‍ അലി ഖാന്‍ സഞ്ചാരി എന്ന മുസ്ലിം കുടുംബനാഥന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. പ്രസവസമയത്ത് ആദ്യ ഭാര്യയെ നഷ്ടപ്പെട്ടെങ്കിലും രണ്ടാമത് വീണ്ടും വിവാഹം കഴിച്ച് കൂടുതല്‍ കുട്ടികള്‍ വേണമെന്ന് വാശി പിടിക്കുകയാണ്. എന്നാല്‍ ആറാമത്തെ ഗര്‍ഭധാരണം ഭാര്യയുടെ ജീവന്‍ അപകടത്തിലാക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുമ്പോഴും ഗര്‍ഭച്ഛിദ്രം നടത്താന്‍ ഖാന്‍ വിസമ്മതിക്കുന്നു. ഇതിനെതിരെ ആദ്യ ഭാര്യയിലെ മകളായ അല്‍ഫിയ നടത്തുന്ന നിയമപോരാട്ടമാണ് ചിത്രം പറയുന്നത്. അന്നൂ കപൂര്‍, അശ്വിനി കല്‍സേക്കര്‍, മനോജ് ജോഷി തുടങ്ങിയ താരനിരയാണ് ചിത്രത്തിലുള്ളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here