ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ കൂട്ടക്കുരുതി; ഗാസയില്‍ മരണം 400 ഇസ്രായേലില്‍ 300; ഗാസയെ വിജനദ്വീപാക്കുമെന്ന് ഇസ്രയേല്‍

ജറുസലം: ഹമാസിന്റെ കടന്നാക്രമണത്തെ തുടര്‍ന്ന് ഇസ്രയേല്‍ നടത്തുന്ന പ്രത്യാക്രമണത്തില്‍ ഗാസ ഇരയാകുന്നത് കൂട്ടക്കുരുതിക്ക്. ഗാസയിലെ ഹമാസ് താവളങ്ങളില്‍ തിരച്ചില്‍ പുരോഗമിക്കുകയാണെന്നും ഇതുവരെ 400 പേരെ വധിച്ചെന്നാണ് ഇസ്രയേല്‍ അറിയിച്ചത്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇതുവരെ 313 പേര്‍ കൊല്ലപ്പെട്ടെന്നാണ് പലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. രണ്ടായിരത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ജനവാസമേഖലകളിലും ശക്തമായ ഏറ്റമുട്ടലുണ്ടായി.

ഇസ്രയേലിലെ ഹമാസ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഞായറാഴ്ചയോടെ 300 കടന്നു. 1864 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഇസ്രയേല്‍ പ്രത്യാക്രമണം കടുപ്പിച്ചത്. ഗാസയെ വിജനദ്വീപാക്കുമെന്നാണ് ഇസ്രയേല്‍ പ്രഖ്യാപനം.

കടല്‍, കര-ആകാശമാര്‍ഗങ്ങളിലൂടെയാണ് ആയിരത്തോളം ഹമാസ് അംഗങ്ങള്‍ ഇസ്രയേലിൽ കടന്നുകൂടിയത്. കണ്ണില്‍കണ്ടവരെയെല്ലാം വെടിവെച്ചിട്ടു. ഇസ്രയേലിനെതിരെ ‘അല്‍ അഖ്‌സ ഫ്ളഡ്’എന്ന പേരില്‍ സൈനിക നടപടി ആരംഭിക്കുന്നതായി ഹമാസ് പരസ്യപ്രസ്താവന ഇറക്കി. 20 മിനിറ്റിലെ ആദ്യ ആക്രമണത്തില്‍ 5000 റോക്കറ്റുകള്‍ മധ്യ-തെക്കൻ ഇസ്രയേലിലേക്ക് വര്‍ഷിച്ചെന്നും അവര്‍ അവകാശപ്പെട്ടു. പിന്നാലെ ഹമാസിനെതിരേ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തുറന്ന യുദ്ധം പ്രഖ്യാപിച്ചു. അവരെ ഉന്മൂലനം ചെയ്യാൻ ഇസ്രയേലിന്റെ സര്‍വശക്തിയും പ്രയോഗിക്കുമെന്നും അറിയിച്ചു.

കെഫര്‍ അസയില്‍ വ്യാപക ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഗാസയെ ഐ.ഡി.എഫ്. അംഗങ്ങള്‍ വളഞ്ഞിരിക്കുകയാണെന്നും സൈന്യം കടന്നുചെല്ലാത്ത ഒരുനഗരംപോലും അവിടെയില്ലെന്നും ഇസ്രയേല്‍ വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര സുരക്ഷായോഗം വിളിച്ചു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ടെല്‍ അവീവിലെത്തി സ്ഥിതിഗതികള്‍ വിശകലനം ചെയ്യുകയാണ്. ഗാസയ്ക്കു സമീപത്തെ പ്രദേശങ്ങളില്‍നിന്ന് ഇസ്രയേല്‍ പൗരന്മാരെ 24 മണിക്കൂറിനുള്ളില്‍ ഒഴിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് സൈന്യം അറിയിച്ചു. ഹമാസിനെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണിതെന്നാണ് കരുതുന്നത്.

ശനിയാഴ്ച ഇസ്രയേലിനു നേരെ അപ്രതീക്ഷിത ആക്രമണം നടത്തിയ നടപടിയെ ന്യായീകരിച്ച് ഹമാസ് തലവന്‍ ഇസ്മായീല്‍ ഹനിയ്യ രംഗത്തെത്തി. അല്‍ അഖ്‌സ പള്ളിയുടെ കാര്യത്തില്‍ തീക്കൊള്ളികൊണ്ട് കളിക്കരുതെന്ന് ഇസ്രയേലിന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അവര്‍ ചെവിക്കൊള്ളാത്തതിലുള്ള തിരിച്ചടിയാണ് നടപടിയെന്നും പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ജൂതന്മാരുടെ വിശേഷ ആഘോഷത്തിനിടെ കിഴക്കന്‍ ജെറുസലേമിലെ അല്‍ അഖ്‌സ പള്ളിയിലേക്ക് എണ്ണൂറോളം ഇസ്രയേലി കുടിയേറ്റക്കാരടങ്ങുന്ന സംഘം എത്തിയിരുന്നു. ഇസ്രയേല്‍ സൈന്യം പലസ്തീന്‍കാര്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഹമാസ് അപ്രതീക്ഷിതനീക്കം നടത്തിയതെന്നാണ് കരുതുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top