പലസ്തീനെ പുനർനിർമ്മിക്കുക ഏറെക്കുറെ അസാധ്യം; യുദ്ധം തീരുമ്പോൾ 19 ലക്ഷം പേർ വീടില്ലാതെ അലയുന്നു; സ്കൂളുകളും ആശുപത്രികളും ഇല്ല
ഗാസയിൽ 15 മാസം നീണ്ടു നിന്ന യുദ്ധത്തിന് താൽക്കാലിക വിരാമം. യുദ്ധം സൃഷ്ടിച്ച നാശങ്ങൾ, മുറിവുകൾ, മരണങ്ങൾ ഇതിനൊന്നും വിലയിടാനാവാത്ത വിധം തകർന്നടിഞ്ഞ അവസ്ഥയാണ് ഗാസയിലേത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സർവനാശകാരിയായ യുദ്ധം തീർന്നു എന്ന നെടുവീർപ്പിലാണ് ലോകം.
2023 ഒക്ടോബർ ഏഴിന് ഹമാസ് സംഘം അതിർത്തി കടന്ന് ഇസ്രയേലിൽ ബോംബുവർഷം നടത്തി 1200 ലധികം പേരെ കൊല്ലുകയും 251 പേരെ തടവിലാക്കുകയും ചെയ്തതാണ് യുദ്ധത്തിന് കാരണമായത്. ഇസ്രയേൽ രാഷ്ട രൂപീകരണത്തിന് ഇടയാക്കിയ 1948ലെ യുദ്ധത്തിന് ശേഷം ഇത്ര നീണ്ട യുദ്ധത്തിൽ ആ രാഷ്ട്രം പങ്കെടുത്തിട്ടില്ല.
ഒക്ടോബർ ഏഴിന് ഉണ്ടായ തികച്ചും അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ചുപോയ ഇസ്രയേൽ, ഹമാസിൻ്റേയും ഗാസയുടേയും അടിവേരറുക്കുന്ന തിരിച്ചടിയിലേക്ക് നീങ്ങുന്നതാണ് 15 മാസം ലോകം കണ്ടത്. യുദ്ധ മര്യാദകളുടെ സകല സീമകളും ലംഘിച്ചു ഇസ്രയേൽ. വംശഹത്യയാണ് ഗാസയിൽ നടന്നത്. സ്ത്രീകളേയും കുഞ്ഞുങ്ങളേയും കൊന്നുതള്ളി. ഹമാസിനുമേൽ പൂർണ വിജയം നേടാതെ പിൻമാറില്ലെന്നാണ് ഇസ്രയേൽ പ്രധാന മന്ത്രി തുടക്കം മുതൽ പറഞ്ഞത്.
വംശഹത്യക്ക് സമാനമായ യുദ്ധക്കുറ്റങ്ങളാണ് തൻ്റെ രാജ്യം നടത്തുന്നതെന്ന് ഇസ്രയേൽ മുൻ സേനാംഗവും ഡിഫൻസ് ഹിസ്റ്റോറിയനുമായ ഒമർ ബർത്തോവ് കഴിഞ്ഞ വർഷം എഴുതിയിരുന്നു. യാതൊരു മനുഷ്യത്വവുമില്ലാതെ ഒരു ജനതയെത്തന്നെ തുടച്ചു നീക്കുന്ന ഹീനമായ പ്രവർത്തികളാണ് ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സൈന്യം ചെയ്തുകൂട്ടിയത് എന്നാണ് അദ്ദേഹം എഴുതിയത്. ആയിരക്കണക്കിന് സാധാരണക്കാരെ കൊന്നുതള്ളിയ യുദ്ധം കൊണ്ട് ഇസ്രയേൽ എന്ത് നേടിയെന്നാണ് ലോകം ചോദിക്കുന്നത്.
46,000 പലസ്തീൻ പൗരന്മാരാണ് ഗാസയിൽ മരിച്ചത്. ഇതിൽ 40,000 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ 13,319 കുഞ്ഞുങ്ങളുണ്ട്. ജനിച്ച് മിനിറ്റുകൾക്കുള്ളിൽ ഇസ്രയേൽ ബോംബിംഗിൽ ജീവൻ നഷ്ടപ്പെട്ടവരുണ്ട്. കൊല്ലപ്പെട്ടവരിൽ പ്രായം കൂടിയത് 101കാരനായ മുത്തച്ഛനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒന്നേകാൽ ലക്ഷം പേർ മുറിവേറ്റ് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടിൽ ഗാസയിലും പരിസരങ്ങളിലുമായി കഴിയുന്നുണ്ട്.
ശത്രുരാജ്യത്തിൻ്റെ ബോംബിംഗിൽ കൊല്ലപ്പെട്ട 11,000ത്തിലധികം പേരുടെ മൃതദേഹങ്ങൾ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങളുടെ ഇടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവ നീക്കം ചെയ്യാനുള്ള ആധുനിക ഉപകരണങ്ങൾ ഇല്ലാത്തതാണ് കാരണം. യുദ്ധക്കെടുതികൾക്ക് പുറമെ വിശപ്പും പകർച്ച വ്യാധികളും മൂലം നരകിക്കുന്ന ആയിരങ്ങളുണ്ട്. ഭക്ഷണവും വെള്ളവുമില്ലാതെ ജീവനു വേണ്ടി കഷ്ടപ്പെടുന്നവരാണ് യുദ്ധം അവസാനിക്കുമ്പോൾ ബാക്കിയാവുന്നത്. ജനസംഖ്യയിലെ 19 ലക്ഷം പേർ, അതായത് ഏതാണ്ട് 90 ശതമാനം പേർ വീടും കൂടുമില്ലാതെ അലയുകയാണ്.
യുദ്ധം തുടങ്ങിയ 2023 ഒക്ടോബർ എഴിന് ഗാസയിൽ 564 സ്കൂളുകൾ ഉണ്ടായിരുന്നു. വെടിനിർത്തൽ പ്രഖ്യാപിക്കുമ്പോൾ 534 സ്കൂളുകൾ പൂർണമായി തകർന്നു. 12 എണ്ണം ഭാഗികമായി തകർന്ന അവസ്ഥയിലാണ്. അവശേഷിക്കുന്ന 18 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവസ്ഥ എന്താണെന്ന് ആർക്കും അറിയില്ലെന്നാണ് യുനിസെഫ് അധികൃതർ വ്യക്തമാക്കിയത്. 66,000 കുട്ടികളാണ് സ്കൂൾ പഠനം നിഷേധിക്കപ്പെട്ട അവസ്ഥയിൽ കഴിയുന്നത്.
വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഗാസയുടെ പുനർനിർമ്മാണം ആരംഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അത് എളുപ്പത്തിൽ നടക്കുമെന്ന് തോന്നുന്നില്ല. ഏതാണ്ട് 40 ലക്ഷം ടൺ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുക എന്നത് അത്ര എളുപ്പമല്ല എന്നാണ് വിലയിരുത്തൽ. ഇതിനും പുറമെ വിനാശകരമായ സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ, മൈനുകൾ എന്ന് വേണ്ട മനുഷ്യ ജീവനുകൾക്ക് ഹാനികരമായ വസ്തുക്കൾ അവശേഷിക്കുന്നുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഗാസയിലെ 654 ആരോഗ്യ സ്ഥാപനങ്ങൾ ബോംബിട്ട് തകർത്തു. 1050 ലധികം ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. ആരോഗ്യ പ്രവർത്തകരിൽ മുറിവേറ്റതും അംഗഭംഗം വന്നതുമായ നിരവധി പേരുണ്ട്. നിലവിൽ ഗാസയിൽ പത്തില്‍ താഴെ താല്കാലിക ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്. ഇസ്രയേലി സൈന്യത്തിൻ്റെ സമ്പൂർണ നിയന്ത്രണത്തിലാണ് ഇവ പ്രവർത്തിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here