‘ഹമാസ് ആലപ്പുഴയിൽ’; വിദ്യാര്‍ത്ഥികളുടെ ‘ഫാന്‍സി ഡ്രസ്സി’നെ ദേശീയ ചര്‍ച്ചയാക്കാന്‍ ബിജെപി; തീവ്രവാദമെന്ന് ശോഭാ സുരേന്ദ്രന്റെ പോസ്റ്റ്‌; ടാഗുചെയ്തത് അമിത് ഷായെയും എന്‍ഐഎയെയും

കായംകുളം: കായംകുളം എംഎസ്എം കോളജ് വിദ്യാര്‍ത്ഥികള്‍ ആര്‍ട്സ് ഡേയുമായി ബന്ധപ്പെട്ട് നടത്തിയ ആഘോഷത്തിൽ നിന്നുള്ള ദൃശ്യം ഹമാസ് അനുകൂലമെന്ന വ്യാഖ്യാനത്തോടെ പുറത്തുവിട്ട് ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രൻ. പരമ്പരാഗത ഇൻഡ്യൻ വേഷങ്ങളടക്കം വിവിധ വേഷങ്ങളിട്ട് യുവാക്കൾ നടത്തിയ ആഘോഷ പരിപാടിയിൽ നിന്ന് ഹമാസ് യൂണിഫോമിനെ അനുകരിച്ചുള്ളതിൻ്റെ ദൃശ്യമെടുത്താണ് എക്സിൽ പോസ്റ്റുചെയ്തിരിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായെയും ദേശീയ അന്വേഷണ ഏജൻസിയെയും (എന്‍ഐഎ) ടാഗ് ചെയ്താണ് പോസ്റ്റ്‌. സമാന അടിക്കുറിപ്പിട്ട് ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യമാണിത്.

“ഹമാസ് ആലപ്പുഴയിലോ? വോട്ടിനുവേണ്ടി കോണ്‍ഗ്രസും സിപിഎമ്മും തീവ്രവാദ സംഘടനയായ എസ്ഡിപിയെ പിന്തുണക്കുകയും അവർ ഹമാസ് തീവ്രവാദികളുടെ വേഷമിട്ട് പരസ്യമായി രംഗത്തുവരികയും ചെയ്യുന്നു. സൗമ്യ സുരേഷ് പോലുള്ള മലയാളികൾ ഹമാസ് ആക്രമണത്തില്‍ മരിക്കുകയും ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തീവ്രവാദ സ്വഭാവമുള്ള ആലപ്പുഴയിലെ സ്ലീപ്പര്‍ സെല്ലുകള്‍ ഒരു മുന്നറിയിപ്പാണ്.” ഇതാണ് ശോഭാ സുരേന്ദ്രന്റെ പോസ്റ്റ്‌.

പോസ്റ്റില്‍ ഒരിടത്തും കോളജ് പരിപാടിയാണെന്നോ, വേഷമിട്ടവര്‍ വിദ്യാര്‍ത്ഥികളാണെന്നോ ഒരു സൂചനയും നല്‍കിയിട്ടില്ല. കറുത്ത നീളൻ കുപ്പായമണിഞ്ഞ് ഹമാസിൻ്റേതിനോട് സാദൃശ്യമുള്ള കൊടിയേന്തി, കളിത്തോക്കുമായി ചെറുപ്പക്കാർ മുദ്രാവാക്യം വിളിച്ച് നടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. മാര്‍ച്ച് 4 മുതല്‍ 7 വരെ നടന്ന കോളജ് ആര്‍ട്സ് ഡേയിലാണ് ഇത് ഉണ്ടായത്. പുരാണ കഥാപാത്രങ്ങളുടെ അടക്കം വേഷങ്ങൾ അണിഞ്ഞ കുട്ടികളുടെ ദൃശ്യങ്ങൾ വിദ്യാർത്ഥികളുടെ ഇൻസ്റ്റഗ്രാം പേജുകളിൽ കാണാം.

ഒരു തരത്തിലുള്ള തീവ്രവാദ ചിന്തയുമില്ലാതെ നടത്തിയ പരിപാടിയാണെന്ന് പ്രിന്‍സിപ്പാള്‍ ഡോ.എ.മുഹമ്മദ് താഹ മാധ്യമ സിന്‍ഡിക്കറ്റിനോട് വിശദീകരിച്ചു. “കുട്ടികള്‍ സ്വന്തം നിലയിലാണ് പരിപാടി അവതരിപ്പിച്ചത്. മുസ്ലിങ്ങൾ മാത്രമല്ല, എല്ലാ മതവിഭാഗത്തിലും പെട്ടവർ വേഷമിട്ടവരിൽ ഉണ്ടായിരുന്നു. വസ്തുതകൾ പലരും മറച്ചുവെക്കുകയാണ്. ഇത് മാത്രമല്ല, നാടൻ കലാരൂപങ്ങളും നാടോടി നൃത്തവേഷങ്ങളുമെല്ലാം കുട്ടികൾ അണിഞ്ഞിരുന്നു. മറ്റ് അവതരണങ്ങളുടെ വീഡിയോകള്‍ കണ്ടാല്‍ അത് മനസ്സിലാക്കാവുന്നതാണ്. അതെല്ലാം പലരുടെയും സോഷ്യൽ മീഡിയ പേജുകളിലുണ്ട്. ആർക്ക് വേണമെങ്കിലും നോക്കാവുന്നതാണല്ലോ.” – മുഹമ്മദ് താഹ പറയുന്നു.

എംഎസ്എം കോളജിലെ കുട്ടികളുടെ പരിപാടിയുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ല. അതിനാല്‍ അന്വേഷണം നടത്തിയിട്ടില്ല- കായംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.എല്‍.സുധീര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top