വനിതാ സംവരണം വന്നാലും സീറ്റുകള്‍ ലഭിക്കുക ചൊല്‍പ്പടിയിലുള്ളവര്‍ക്ക് മാത്രം; പാര്‍ട്ടിയില്‍ 33 ശതമാനം വനിതാ പ്രാതിനിധ്യം വരുന്നതുവരെ ആണധികാരം തുടരുമെന്ന് ഹമീദ് ചേന്ദമംഗലൂർ

തിരുവനന്തപുരം: വനിതാ സംവരണ ബില്‍ വന്നതുകൊണ്ട് മാത്രം സാമൂഹിക ശ്രേണിയിലെ പുരുഷ മേധാവിത്തത്തിന് ഇളക്കം വരാന്‍ പോകുന്നില്ലെന്ന് എഴുത്തുകാരനും സാമൂഹിക വിമർശകനുമായ ഹമീദ് ചേന്ദമംഗല്ലൂർ. വനിതാ സംവരണ ബില്ലില്‍ പറയുന്നത് 33 ശതമാനം സംവരണമാണ്. അല്ലാതെ 50 ശതമാനം സംവരണമല്ല. വനിതാ സംവരണം വന്നാലും സീറ്റുകള്‍ പാര്‍ട്ടി നേതൃത്വത്തിനു ഹിതകരമായ വനിതകള്‍ക്ക് മാത്രമാകും ലഭിക്കുക. അതുകൊണ്ട് തന്നെ പുരുഷന്മാര്‍ പറയുന്നത് കേള്‍ക്കാനും അവര്‍ പറയുന്നിടത്ത് നില്‍ക്കാനും മാത്രമാണ് വനിതകള്‍ക്ക് കഴിയുകയെന്നും ഹമീദ് ചേന്ദമംഗല്ലൂർ മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു.

പാര്‍ട്ടികളുടെ തലപ്പത്ത് ആണ്‍ മേധാവിത്തമാണ്. ഇവരാണ് രാഷ്ട്രീയ പാര്‍ട്ടികളില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളില്‍ 33 ശതമാനം സംവരണം വന്നാല്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ വനിതകള്‍ക്കും സ്വാധീനമുണ്ടാകുമായിരുന്നു. എന്നാല്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍ വനിതകള്‍ക്ക് സംവരണം നല്‍കണം എന്ന ഒരാവശ്യം ഇതുവരെ ഉയര്‍ന്നിട്ടില്ല. അതുകൊണ്ട് തന്നെ ആണധികാരമാകും തീരുമാനമെടുക്കുകയെന്നും അവര്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുക മാത്രമാണ് വനിതകള്‍ക്ക് ചെയ്യാന്‍ കഴിയുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ പാര്‍ട്ടികളിലും പുരുഷകേന്ദ്രീകൃത അവസ്ഥയാണ്. സ്ത്രീകളാണ് കാര്യങ്ങള്‍ നിയന്തിക്കുന്നതെങ്കില്‍ ഗൗരിയമ്മ 1987- ല്‍ കേരളത്തില്‍ മുഖ്യമന്ത്രിയാകേണ്ടതായിരുന്നു. ഗൗരിയമ്മ മുഖ്യമന്ത്രിയായില്ല. പുരുഷമേധാവിത്തം എക്കാലവും സമൂഹത്തില്‍ നിലനില്‍ക്കുമെന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. എംപിയായാലും, എംഎല്‍എയായാലും അതിനു മുകളിലേക്ക് ഉയരാനുള്ള പരിമിതികള്‍ വനിതകള്‍ക്ക് എക്കാലവും നിലനില്‍ക്കും.

ആത്യന്തികമായി എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം പുരുഷന്മാരുടെ കൈകളില്‍ തന്നെയാണ്. തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം 50 ശതമാനമായിരുന്നെങ്കില്‍ ഈ അവസ്ഥകള്‍ക്ക് മാറ്റം വന്നേനെ. അതില്ലാത്തതുകൊണ്ട് പുരുഷന്മാരുടെ ആജ്ഞാനുവര്‍ത്തിയായി സ്ത്രീകള്‍ മാറും. വനിതകള്‍ ഒരു പാര്‍ട്ടിയായല്ല വരുന്നത്. വിവിധ പാര്‍ട്ടികളുടെ സീറ്റുകളില്‍ അവരുടെ പങ്കാളിത്തം വര്‍ധിക്കുക മാത്രമാണ് ചെയ്യുന്നത്. നേതൃത്വം പുരുഷന്മാരുടെ കൈവശം തന്നെയാകും. ഇതാണ് ഒരു ദൗര്‍ബല്യം.

ഇനി 50 ശതമാനം സംവരണം വന്നാലും സ്ത്രീകള്‍ പുരുഷമേധാവിത്തത്തിന് കീഴില്‍ തന്നെയാകും തുടരുക. അതിനു മാറ്റം വരണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാരവാഹിത്വത്തില്‍ 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കണം. അപ്പോള്‍ പാര്‍ട്ടിയില്‍ അവരുടെ തീരുമാനങ്ങള്‍ക്ക് വിലയുണ്ടാകും. അത് നടപ്പിലായിട്ടില്ല. രാഷ്ട്രീയ നേതൃത്വത്തില്‍ 33 ശതമാനം അല്ലെങ്കില്‍ 50 ശതമാനം വനിതാ സംവരണം വേണം എന്ന ആവശ്യം ഇപ്പോള്‍ മുഴങ്ങുന്നില്ല. പാര്‍ട്ടിയ്ക്കുള്ളില്‍ വരെ സംവരണം നടക്കുമ്പോഴാണ് സ്ത്രീകളുടെ ശബ്ദത്തിനു ശക്തി വരുന്നത്. അതില്ലാത്ത കാലത്തോളം സമൂഹത്തില്‍ ആണ്‍മേധാവിത്തം തന്നെയാണ് തുടരുക.

പാര്‍ട്ടി നേതൃത്വത്തിന്റെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്ന സ്ത്രീകള്‍ തന്നെയാകും പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ എത്തുന്നത്. ഇനി മുസ്ലിം സമുദായത്തിന്റെ കാര്യമെടുത്താല്‍ മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയെ നിയന്ത്രിക്കുന്നതും പുരുഷന്മാരാണ്. അവിടെയും സ്ത്രീകള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയില്ല.

തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കാന്‍ ലീഗും നിര്‍ബന്ധിക്കപ്പെടും. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും കഴിഞ്ഞാല്‍ മൂന്നാമത്തെ പാര്‍ട്ടിയാണ് ലീഗ്. ഇതുവരെ ലീഗില്‍ ഒരു വനിതാ എംഎല്‍എ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ലീഗില്‍ നിന്നും ഒരു വനിതാ എംഎല്‍എ വന്നാല്‍ അതൊരു വലിയ പുരോഗമനപരമായ മാറ്റമാകും.

ബില്‍ വന്നതോടെ ലഭിക്കുന്ന സീറ്റിന്റെ മൂന്നിലൊന്നു വനിതകള്‍ക്ക് അവര്‍ നല്‍കേണ്ടി വരും. ഹിന്ദു മതം കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ മതം ഇസ്ലാം മതമാണ്‌. അതുകൊണ്ട് തന്നെ ഹിന്ദു കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ നേതാക്കള്‍ തിരഞ്ഞെടുക്കപ്പെടേണ്ടത് മുസ്ലിം സമുദായത്തില്‍ നിന്നാവണം. എന്നാല്‍ അങ്ങനെ ഒരവസ്ഥ 75 വര്‍ഷമായി നിലവിലില്ല. പക്ഷെ വനിതാ സംവരണ ബില്‍ വന്നതോടെ ലോക്സഭയിലും നിയമസഭകളിലും മുസ്ലിം സ്ത്രീകളുടെ എണ്ണം വളരെ വര്‍ദ്ധിക്കും. ഇതും ശ്രദ്ധേയമായ കാര്യമാണ്-ഹമീദ് ചേന്ദമംഗലൂര്‍ പറയുന്നു.

Logo
X
Top