ഫഹദിന്റെ ‘ഹനുമാന്‍ ഗിയര്‍’ ഉപേക്ഷിച്ചോ? സംവിധായകന്‍ സുധീഷ് ശങ്കര്‍ പറയുന്നു

‘മാമന്നന്‍’ എന്ന സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രത്തിനു പിന്നാലെ ഫഹദ് ഫാസിലും തമിഴ് നടന്‍ വടിവേലുവും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ച് കഴിഞ്ഞദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മലയാളി സംവിധായകന്‍ സുധീഷ് ശങ്കറാണ് ചിത്രം ഒരുക്കുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ബി ചൗധരി ചിത്രം നിര്‍മിക്കുന്നു. എന്നാല്‍ ഇതേ കൂട്ടുകെട്ടില്‍ പ്രഖ്യാപിച്ച ‘ഹനുമാന്‍ ഗിയര്‍’ എന്ന ചിത്രത്തെ കുറിച്ചാണ് ഇപ്പോള്‍ ചോദ്യങ്ങള്‍ ഉയരുന്നത്.

ഫഹദ് ഫാസിലിന്റെ കരിയറിലെ ആദ്യ മാസ് ചിത്രം, സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 96ാം ചിത്രമായി ഒരുങ്ങേണ്ടിയിരുന്ന ‘ഹനുമാന്‍ ഗിയര്‍’ ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് സംവിധായകന്‍ സുധീഷ് ശങ്കര്‍.

“ഞങ്ങള്‍ ഹനുമാന്‍ ഗിയര്‍ ഉപേക്ഷിച്ചിട്ടില്ല. ഒന്ന് തള്ളിവച്ചു എന്നേ ഉള്ളൂ. ആദ്യം തമിഴ് സിനിമ ചെയ്യാമെന്നു കരുതി. ‘ഹനുമാന്‍ ഗിയറി’ന് വലിയ തോതിലുള്ള വിഎഫ്എക്‌സ് വര്‍ക്ക് ആവശ്യമാണ്. മൂന്ന് മാസം ഷൂട്ട് ചെയ്ത് ആറ് മാസത്തോളം സിജിഐയില്‍ വര്‍ക്ക് ചെയ്യാനാണ് പ്ലാന്‍. എന്നാല്‍ തമിഴ് ചിത്രം ഞങ്ങള്‍ക്ക് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒരു പ്രോജക്ടാണ്, അതിനാലാണ് ഞങ്ങള്‍ ഇതുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.”

തമിഴില്‍ ഒരുക്കുന്നത് ഒരു റിയലിസ്റ്റിക് ചിത്രമാണെന്ന് സംവിധായകന്‍ പറയുന്നു. നര്‍മം ഉണ്ടെങ്കിലും അതൊരു കോമഡി ചിത്രമായിരിക്കില്ല. എന്നാൽ തീര്‍ച്ചയായും പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യിക്കും. തിയറ്ററുകളില്‍ നിന്ന് സന്തോഷത്തോടെയായിരിക്കും പ്രേക്ഷകര്‍ പുറത്തിറങ്ങുകയെന്നും സുധീഷ് പറഞ്ഞു. ചിത്രത്തില്‍ വടിവേലുവും ഫഹദും നായകന്‍മാരായിരിക്കും എന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ജനുവരി 22ന് ഷൂട്ടിങ് ആരംഭിക്കുന്ന തമിഴ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ക്രിയേറ്റീവ് ഡയറക്ടര്‍ കൂടിയായ വി. കൃഷ്ണമൂര്‍ത്തിയാണ്. റോഡ് മൂവിയായി ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം പകരുന്നത് യുവന്‍ ശങ്കര്‍ രാജയായിരിക്കും.

അതേസമയം ‘ഹനുമാന്‍ ഗിയറി’നെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും സുധീഷ് വെളിപ്പെടുത്തിയില്ല. ഓഫ് റോഡ് ജീപ്പ് റേസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങാനിരുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. ജീപ്പിന് മുകളില്‍ തിരിഞ്ഞുനിന്ന് ഒരു കൈ പൊക്കിക്കൊണ്ട് നില്‍ക്കുന്ന ഫഹദായിരുന്നു പോസ്റ്ററില്‍. എന്നാല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി ഏറെ കഴിഞ്ഞെങ്കിലും ചിത്രത്തെക്കുറിച്ച് ഒരു അപ്ഡേറ്റും ഉണ്ടായിരുന്നില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top