ആത്മഹത്യ ചെയ്താല്‍ ഉത്തരവാദി ബാങ്ക്; ലേലംപിടിച്ച ഭൂമി സ്വന്തം പേരിൽ കിട്ടാൻ ബാങ്കിന് മുന്നില്‍ സമരം ചെയ്ത് വയോധിക; ചര്‍ച്ചയ്ക്ക് തയ്യാറാകാതെ അധികൃതര്‍

പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്ന് ലേലത്തില്‍ പിടിച്ച എട്ട് സെന്റ് ഭൂമിക്കായി പ്രത്യക്ഷ സമരവുമായി വയോധിക. 12 ലക്ഷത്തോളം നല്‍കി ലേലത്തില്‍ പിടിച്ച ഭൂമി സ്വന്തം പേരിലാക്കി കിട്ടാന്‍ മാസങ്ങളായി ബാങ്കിന്റെ ഓഫീസിലും കോടതിയിലും കയറി ഇറങ്ങിയിട്ടും പരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ടി.കെ.രാധാമണിയെന്ന അറുപത്തിയേഴുകാരി സമരവുമായി രംഗത്തെത്തിയത്. ഇരവിപേരൂരിലെ ബാങ്കിന്റെ ഹെഡ് ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ‘ലേലത്തില്‍ പിടിച്ച ഭൂമിയോ പണമോ തിരികെ തരൂ… ആത്മഹത്യ ചെയ്താല്‍ ഉത്തരവാദി TECB മാത്രം’ എന്ന ബാനറുമായിട്ടായിരുന്നു പ്രതിഷേധം. ഭൂമി ലഭ്യമാക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്ന് രാധാമണി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

കഴിഞ്ഞ് വര്‍ഷം ഏപ്രില്‍ 25നാണ് രാധാമണി തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ലേലത്തില്‍ വച്ച ഭൂമി ലേലത്തില്‍ പിടിച്ചത്. വിജയന്‍ എന്നയാള്‍ ബാങ്കില്‍ നിന്ന് ഭൂമി ഈടുവച്ച് എടുത്ത വായ്പ തിരിച്ചടയ്ക്കാത്തിനെ തുടര്‍ന്നാണ് ഭൂമി പിടിച്ചെടുത്ത് ബാങ്ക് ലേലം ചെയ്തത്. 11,48,550 രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. മുഴുവന്‍ ലേല തുകയും നല്‍കിയ അന്ന് മുതല്‍ ഭൂമി തന്റെ പേരില്‍ കിട്ടുന്നതിനായി ബാങ്കില്‍ കയറിയിറങ്ങുകയാണ് രാധാമണിയും കുടുംബവും. ഇതിനിടയിൽ രാധാമണിയുടെ ഭര്‍ത്താവ് കഴിഞ്ഞ വര്‍ഷം ജൂലൈ 23ന് അസുഖ ബാധിതനായി മരിക്കുകയും ചെയ്തു. ഭാര്‍ത്താവിന്റെ ചികിത്സയ്ക്കും മറ്റുമായി വാങ്ങിയ കടം തീര്‍ക്കാന്‍ വഴിയില്ലാതെ നട്ടംതിരിയുകയാണ് ഇപ്പോൾ ഈ വിധവയായ വീട്ടമ്മ. നട്ടെല്ലിന് തേയ്മാനം മൂലം നടക്കാന്‍ പോലും ബുദ്ധിമുട്ടുന്ന ഈ വയോധിക ഭൂമിക്കായി കയറിയിറങ്ങാത്ത ഓഫീസുകളില്ല. ബാങ്കില്‍ ദിവസങ്ങളോളം നടന്നിട്ടും അനുകൂല തീരുമാനം ഉണ്ടാകാത്തിനാല്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് അടക്കം പരാതി നല്‍കി. എന്നിട്ടും നടപടി ഉണ്ടാകാത്തതിനാല്‍ കോടതി വഴി നോട്ടീസ് അയച്ചു. ഇതെല്ലാം ബാങ്ക് അവഗണിക്കുകയാണ് ചെയ്യുന്നത്.
രാധാമണിയുടെ ദുരിതം മാധ്യമ സിന്‍ഡിക്കറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ രാധാമണിക്ക് ഭൂമി ലഭ്യമാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ഡോ.ജേക്കബ് ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ലേലംപിടിച്ച ഭൂമിയില്‍ 85 വയസുള്ളയാളും ഭാര്യയുമാണ് താമസിക്കുന്നത്. അതിനാല്‍ ബലം പ്രയോഗിച്ച് ഇറക്കാന്‍ കഴിയില്ല. അതിനാലാണ് ഹൈക്കോടതിയെ സമീപിക്കുന്നത് എന്നാണ് ബാങ്കിന്റെ നിലപാട്. രാവിലെ 11 മണിയോടെയാണ് രാധാമണി ബാങ്കിന് മുന്നില്‍ സമരം തുടങ്ങിയത്. എന്നാല്‍ ഇതുവരെയും ബാങ്കിന്റെ ഭാഗത്തു നിന്നും ചര്‍ച്ചയ്ക്കു പോലും ആരും തയാറായിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here