ഭർത്താവ് നിർബന്ധമല്ല; സന്തോഷകരമായ വിവാഹ മോചനത്തിന്റെ നേർചിത്രമായി ഹാപ്പിലി ഡിവോഴ്‌സ്ഡ്
ദുബായ്: വിവാഹ മോചനം സ്ത്രീയുടെ ജീവിതത്തിന്റെ അവസാനമാണെന്ന് കണക്കാക്കിയിരുന്ന ഒരു സമൂഹമാണ് ഇന്ത്യയിലേത് പ്രത്യേകിച്ച് കേരളത്തിൽ. എന്നാൽ ഈ സങ്കൽപ്പത്തെ ചോദ്യം ചെയ്ത് ധാരാളം സ്ത്രീകൾ ഇന്ന് മുന്നോട്ട് വരുന്നുണ്ട്. എന്നിരുന്നാലും ഇപ്പോഴും സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ ചിന്താഗതിയിൽ മാറ്റം വന്നിട്ടില്ല. ഇവിടെയാണ് ‘ഹാപ്പിലി ഡിവോഴ്‌സ്ഡ്’ എന്ന ഡോക്യുമെന്ററി പ്രസക്തമാകുന്നത്. വിവാഹമോചനത്തിന് സ്വന്തം സന്തോഷം എന്നൊരു അർത്ഥം കൂടെയുണ്ടെന്ന് സമൂഹത്തോട് പറയുകയാണ് ‘ഹാപ്പിലി ഡിവോഴ്‌സ്ഡ്’ എന്ന മലയാളം ഡോക്യുമെന്ററി. വിവാഹമോചിതരായ സ്ത്രീകളുടെ ജീവിതം ദുരിതം നിറഞ്ഞതാണെന്നുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിനെതിരാണ് ഈ സൃഷ്ടിയെന്ന് സംവിധായക നിഷ രത്‌നമ്മ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
നരകതുല്യമായ വിവാഹത്തിൽ ജീവിക്കുന്ന സ്ത്രീകൾക്ക് വിവാഹമോചനം ജീവിതത്തിലേക്കുള്ള പുതിയ വെളിച്ചമാണ്. എന്നാൽ സ്വന്തം മാതാപിതാക്കളും കുടുംബവുമാണ് സ്ത്രീയെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. പരുഷമേധാവിത്തമുള്ള കേരളീയ സമൂഹത്തിൽ അച്ഛന്റെയും സഹോദരന്മാരുടെയും അഭിമാനം സംരക്ഷിക്കാൻ സ്ത്രീകളുടെ ജീവിതം ത്യാഗം ചെയ്യുകയാണ്. കുടുബത്തിന്റെ അഭിമാനത്തിനായി പെൺമക്കളെ നരകിക്കാൻ വിടുന്നതിനെ സ്നേഹമെന്ന് ഒരിക്കലും വിളിക്കാൻ കഴിയില്ലെന്നാണ് നിഷയുടെ പക്ഷം. ഈ അടുത്ത് നടന്ന സർവേയിൽ കേരളത്തിലെ ഭൂരിഭാഗം പെൺകുട്ടികൾക്കും വിവാഹം കഴിക്കാൻ താത്പര്യമില്ലെന്നാണ് റിപ്പോർട്ട്. അതിനർത്ഥം ആ സംവിധാനത്തിൽ അവരെ ഭയപ്പെടുത്തുന്ന എന്തോ ഉണ്ടെന്നാണ്. ഇന്നത്തെ സമൂഹത്തിലെ സ്ത്രീകൾ എല്ലാ അർത്ഥത്തിലും സ്വയം പര്യാപ്തരാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ സഹാനുഭൂതി ആവശ്യമില്ല. കേരളത്തിൽ വിവാഹമോചനം കൂടുന്നതിന് പ്രധാന കാരണം സ്വന്തം സന്തോഷമാണ് എല്ലാത്തിലും വലുതെന്ന തിരിച്ചറിവ് അവർക്കുണ്ടാകുന്നത് കൊണ്ടാണെന്നും നിഷ പറയുന്നു.
14 വർഷത്തെ ദാമ്പത്യത്തിൽ നിന്ന് മോചനം നേടിയ നിഷയുടെ അനുഭവം തന്നെയാണ് ഇങ്ങനെയൊരു ഡോക്യൂമെന്ററിക്ക് പ്രചോദനം. കുടുംബത്തിനകത്തും പുറത്തും നിന്നുള്ള എല്ലാ എതിർപ്പുകളെയും അവഗണിച്ചാണ് നിഷ വിവാഹമോചനം നേടിയത്. ജീവിതത്തിലെ മികച്ച തീരുമാനമായി അത് കണക്കാക്കുകയും ചെയ്യുന്നു. കേരളം, ദുബായ്, ന്യൂസിലൻഡ് എന്നീ മൂന്ന് സ്ഥലങ്ങളിൽ താമസിക്കുന്ന മലയാളി സ്ത്രീകളുടെ അനുഭവം പങ്കുവക്കുന്നതാണ് ഡോക്യുമെന്ററി. 26 മിനിറ്റ് ദൈർഘ്യമുള്ള ‘ഹാപ്പിലി ഡിവോഴ്‌സ്ഡ്’ സ്ത്രീയുടെ കദന കഥയല്ല മറിച്ച് വിവാഹമോചനത്തിന് ശേഷമുള്ള സന്തോഷകരമായ ജീവിതാനുഭവമാണ് കാണിച്ചുതരുന്നതെന്ന് നിഷ പറഞ്ഞു.
ആൺതുണ എന്ന കാഴ്ചപ്പാടിനെ പൊളിച്ചെഴുതാൻ സമൂഹം തയാറാകണം. വിവാഹമോചിതയായ സ്ത്രീയെ മോശമായി ചിത്രീകരിക്കുന്ന പ്രവണത മാറണം. അതിന് സ്വന്തം കുടുംബം സ്ത്രീയുടെ കൂടെ നിൽക്കണം. കുടുംബത്തിന്റെ സ്നേഹവും പിന്തുണയും ലഭിക്കാതെ ആത്മഹത്യ ചെയ്യുന്ന സ്ത്രീകൾ നിരവധിയാണ്. ഭർത്താവും ഭർതൃവീട്ടുകാരും ചെയ്യുന്നതിനേക്കാൾ വലിയ ദ്രോഹമാണ് സ്ത്രീകളോട് സ്വന്തം വീട്ടുക്കാർ ചെയ്യുന്നത്. കുടുംബത്തിന്റെ മാനം രക്ഷിക്കാൻ പെൺമക്കളോട് എന്തും സഹിച്ച് ജീവിക്കാൻ പറയുന്ന മാതാപിതാക്കളും കുടുംബവുമാണ് യഥാർത്ഥ കുറ്റക്കാരെന്നും നിഷ പറയുന്നു.
വിവാഹം എന്നത് പരസ്പര സ്നേഹത്തോടെയുള്ള ഒരു സഹകരണമാണ്. നിസ്വാർത്ഥ സ്നേഹം എന്നത് മിക്കപ്പോഴും പ്രഹസനമാണ്. അഥവാ അങ്ങനെ ഒന്നുണ്ടെങ്കിൽ അത് അമ്മയുടെ സ്നേഹം മാത്രമാണെന്ന് സംവിധായക പറയുന്നു. അതുകൊണ്ടു തന്നെ ഈ ചിത്രം സ്വന്തം അമ്മയ്ക്കുള്ള സമർപ്പണമാണ്. അഞ്ചുവർഷമായി ഷാർജയിൽ സ്ഥിരതാമസമാക്കിയ നിഷ തന്നെയാണ് ഡോക്യൂമെന്ററിയുടെ രചനയും നിർവഹിച്ചിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here