‘സഞ്ജു എത്ര റൺസ് അടിച്ചാലും ഒഴിവാക്കും’; മലയാളി താരത്തിനോടുള്ള അവഗണനക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ
ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർമാരിൽ നിന്നും തുടർച്ചയായി അവഗണന നേടുന്ന മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് മുൻ താരം ഹർഭജൻ സിംഗ്. സഞ്ജുവിൻ്റെ കാര്യമോർക്കുമ്പോൾ തനിക്ക് വിഷമമുണ്ടെന്നാണ് ഭാജിയുടെ പ്രതികരണം. താരം എങ്ങനെയാണ് ഈ സാഹചര്യം അതിജീവിക്കുന്നതെന്ന് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“സത്യം പറഞ്ഞാല്‍ സഞ്ജുവിൻ്റെ കാര്യത്തിൽ എനിക്ക് സങ്കടമുണ്ട്. എത്ര റൺസ് നേടിയാലും അവനെ ഒഴിവാക്കും. ചാമ്പ്യൻസ് ട്രോഫി ടീമില്‍ 15 പേരെ മാത്രമേ പരമാവധി ഉള്‍പ്പെടുത്താനാവൂ എന്ന് എനിക്കറിയാം. പക്ഷേ സഞ്ജുവിന്‍റെ കളിശൈലിക്ക് ഏറ്റവും കൂടുതല്‍ യോജിക്കുന്ന ഫോര്‍മാറ്റ് ഏകദിനമാണ്. മധ്യനിരയിൽ റൺ കുറയുമ്പോൾ ആശ്രയിക്കാവുന്ന ചുരുക്കം താരങ്ങളിൽ ഒരാളാണ് സഞ്ജു” – ഹർബജൻ സിംഗ് പറഞ്ഞു.
ഏകദിന ഫോര്‍മാറ്റില്‍ സഞ്ജുവിന് 55 റൺസിന്‍റെ ബാറ്റിങ് ശരാശരിയുമുണ്ട്. അവസാന മത്സരത്തിൽ സെഞ്ച്വറിയും നേടി. ഒടുവിൽ കളിച്ച ടി 20 പരമ്പരകളിലും ഇപ്പോൾ കളിക്കുന്ന പരമ്പരയിലും താരം മിന്നുന്ന ഫോമിൽ തന്നെ. എന്നിട്ടും രണ്ടാം വിക്കറ്റ് കീപ്പറായിപ്പോലും ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് പരിഗണിക്കാത്തത് മോശമാണെന്നും മുൻ സ്പിന്നർ കുറ്റപ്പെടുത്തി.
സഞ്ജുവിനെ ടീമിലെടുക്കുന്നതിനെക്കുറിച്ച് ചോദിക്കുമ്പോൾ ആരുടെ സ്ഥാനത്ത് എന്നതാണ് പലരും ചോദിക്കുന്നത്. സ്ഥാനങ്ങളൊക്കെ വിചാരിച്ചാല്‍ ഉണ്ടാക്കാവുന്നതേയുള്ളൂ. സ്പെഷ്യലിസ്റ്റ് കീപ്പറായി അല്ലാതെ ടീമിൽ ഉൾപ്പെടുത്തിയാൽ എന്താണ് പ്രശ്‌നമെന്ന് എനിക്ക് മനസിലാകുന്നില്ലെന്നും ഹർഭജൻ തുറന്നടിച്ചു.
അതേസമയം നിലവിൽ ഇംഗ്ലണ്ടിനെതിരെയുള്ള ടി ട്വൻ്റി പരമ്പരയിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ആദ്യ മത്സരത്തിൽ 20 പന്തിൽ നിന്നും 26 റൺസ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ചൈന്നൈ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here