മന്ത്രി ഓഫീസിനെതിരായ ആരോപണം: ഹരിദാസന് അമ്നേഷ്യയോ? ഒന്നും ഓർമ്മയില്ലെന്ന് മൊഴി

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ ഓഫീനെതിരായ നിയമനക്കോഴ വിവാദത്തിൽ ഒന്നും ഓർമ്മയില്ലെന്ന് പോലീസിന് മൊഴി നൽകി പരാതിക്കാരനായ ഹരിദാസൻ. ഒരാഴ്ചയായി ഒളിവിലായിരുന്ന ഹരിദാസൻ ഇന്ന് രാവിലെയാണ് കൻ്റോൺമെൻ്റ് സ്റ്റേഷനിൽ ഹാജരായത്. പണം വാങ്ങിയ ആളിനെ കൃത്യമായി ഓർക്കുന്നില്ലെന്നാണ് മൊഴി. എവിടെ വച്ചാണ് പണം നല്‍കിയതെന്നതും ഓര്‍മയില്ലെന്നും ഹരിദാസൻ മൊഴി നല്‍കി. കന്റോണ്‍മെന്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഹരിദാസനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

താൻ ഒളിൽ പോയിട്ടില്ലെന്നും ആരോഗ്യപരമായ കാരണങ്ങളാലാണ് ചോദ്യം ചെയ്യലിന് എത്താതിരുന്നതെന്നും ഹരിദാസൻ പോലീസിനെ അറിയിച്ചു. കേസിൽ പോലീസ് തെളിവെടുപ്പിനായി വിളിപ്പിച്ച എഐവൈഎഫ് നേതാവും അഭിഭാഷകനുമായ ബാസിത്‌ ഇതുവരെ ഹാജരായിട്ടില്ല. ചെങ്കണ്ണായതിനാൽ എത്താനാകില്ലെന്നും തിങ്കളാഴ്ച സ്റ്റേഷനിലെത്താമെന്നും ഇയാൾ നേരത്തേ അറിയിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഹരിദാസന്‍റെ മകന്‍റെ ഭാര്യക്ക് ജോലി ആവശ്യമുണ്ടെന്ന കാര്യം കേസിലെ പ്രതികളിലൊരാളായ ലെനിൻ രാജിനെ അറിയിച്ചത് ബാസിതാണ്. ബാസിത് എത്തിയാൽ ഹരിദാസനോടൊപ്പം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും എന്നാണ് സൂചന. ചോദ്യം ചെയ്യലിൽ കൂടുതൽ തെളിവുകൾ കണ്ടെത്തിയാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കാനുള്ള സാധ്യതയുമുണ്ട്. ബാസിതിന് കേസിൽ പങ്കുണ്ടെന്ന് പ്രധാന പ്രതി അഖിൽ സജീവ് മൊഴി നൽകിയിട്ടുണ്ട്.

ഹരിദാസന്റെ മരുമകള്‍ക്ക് ജോലിക്കായി അഖില്‍ സജീവും മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പണം വാങ്ങിയെന്നാണ് ഹരിദാസൻ്റെ പരാതിയിലെ ആരോപണം. അഖില്‍ സജീവിന് 75000 രൂപയും അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും നല്‍കി. നിയമനത്തിനായി ഇവര്‍ 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും നിയമനം ലഭിക്കുമെന്നറിയിച്ച് ആയുഷില്‍ നിന്ന് ഇമെയില്‍ സന്ദേശം ലഭിച്ചുവെന്നുമാണ് ഹരിദാസൻ നൽകിയ പരാതിയില്‍ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top