ഹരിയാന തിരിച്ചു പിടിക്കാൻ കോൺഗ്രസിന് ഗുസ്തിക്കാരുടെ പിന്തുണ കിട്ടിയേക്കും; പുതിയ അടവുകളുമായി ഹൂഡയും കൂട്ടരും

ഹരിയാനയിൽ ഇത്തവണ അധികാരം തിരിച്ചുപിടിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊരു ഫോർമുലയും സംസ്ഥാന കോൺഗ്രസ് ഘടകത്തിന് മുന്നിലില്ല. അതിനു വേണ്ടി എല്ലാ ജാതി സമവാക്യങ്ങളും കൂട്ടിക്കെട്ടി ഐക്യത്തോടെ നിൽക്കാനാണ് പാർട്ടി തീരുമാനം. ഒളിമ്പ്യൻ വിനേഷ് ഫോഗട്ടിന് ഡൽഹി വിമാനത്താവളം മുതൽ അവരുടെ ഗ്രാമമായ ചാർഖി ദ്രാദ്രി വരെ നീണ്ട സ്വീകരണ ഘോഷയാത്ര തന്നെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ടേക്ക് ഓഫായിട്ടാണ് കോൺഗ്രസ് കൊണ്ടാടിയത്. മുൻ മുഖ്യമന്ത്രി ഭുപീന്ദർസിംഗ് ഹൂഡയുടെ മകനും ലോക്സഭാ എംപിയുമായ ദീപേന്ദർ ഹൂഡയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം സംഘടിപ്പിച്ചത്. സ്വീകരണ പരിപാടികളിലെ ജനക്കൂട്ടം കണ്ട് ഭരണകക്ഷിയായ ബിജെപി ഞെട്ടിയിരിക്കയാണ്. ഹരിയാനയിലെ പ്രധാന ജാതിയായ ജാട്ടുകൾ, ഗുസ്തിക്കാർ, അഗ്നിവീറുകൾ, കൃഷിക്കാർ, സ്ത്രീകൾ എന്നിങ്ങനെ സമസ്ത മേഖലയിൽ പ്പെട്ടവരേയും ഒരുമിച്ചുനിർത്തി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങാനാണ് പാർട്ടി തീരുമാനം.

ഡൽഹിയിൽനിന്ന് മൂന്നര മണിക്കൂറ് കൊണ്ട് എത്തിച്ചേരാനാവുന്ന ചാർഖി ദാദ്രി ജില്ലയിലെ ബലാലിയിലാണ് വിനേഷിൻ്റെ കുടുംബ വീട്. ഈ ദൂരം താണ്ടാൻ 12 മണിക്കൂർ സമയം വേണ്ടിവന്നു. പാരീസിൽനിന്ന് തിരിച്ചെത്തിയ താരത്തിന് ഡൽഹിയിലും സ്വന്തം നാട്ടിലും ലഭിച്ച വരവേൽപ്പ് അത്രമേൽ മികവുറ്റതായിരുന്നു. കോൺഗ്രസ് ഈ സ്വീകരണത്തിന് രാഷ്ട്രീയ പരിവേഷം നൽകിയതോടെ ബിജെപി സമ്മർദ്ദത്തിലായി. വിനേഷിനെ രാജ്യസഭയിലേക്ക് അയക്കുമെന്ന് ദീപേന്ദർ ഹൂഡ നേരത്തെ തന്നെ പ്രഖ്യാപിച്ചതിന് പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങൾ ഉണ്ടായിരുന്നു.

ഹരിയാനയിൽ നിന്നുള്ള പ്രധാന ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, അൻഷു മാലിക്, വിനേഷ് ഫോഗട്ട്, ബജരംഗ് പൂനിയ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ വർഷം ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡൻ്റ് ബ്രിജ്ഭുഷൺ ശരൺ സിംഗിനെതിരെ ലൈംഗിക പീഡനം ഉന്നയിച്ച് വൻ പ്രതിഷേധം നടത്തിയത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കായിക താരങ്ങളുടെ സമരത്തിന് പിന്തുണ നൽകിയിരുന്നു.

ഹരിയാനയിലെ ഗ്രാമങ്ങളിലെ പ്രധാന കായിക വിനോദമാണ് ഗുസ്തി. ആൺ-പെൺ വ്യത്യാസമില്ലാതെ ചെറുപ്പക്കാരെല്ലാം ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കുന്നത് പതിവാണ്. ഗുസ്തിക്ക് ഹരിയാന രാഷ്ടീയത്തിൽ വലിയ സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ വനിതാ ഗുസ്തി താരങ്ങൾക്കെതിരായി നടന്ന അതിക്രമത്തിൽ പൊതുസമൂഹത്തിൽ വലിയ പ്രതിഷേധമുണ്ട്. ഈ രോഷം പരമാവധി മുതലെടുക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റും വോട്ടിംഗ് ശതമാനവും ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. 10 വർഷത്തിനിടയിൽ ഇതാദ്യമായി അഞ്ചു സീറ്റും 43 ശതമാനം വോട്ടും നേടി ബിജെപിയെ വിറപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. ആകെയുള്ള 10 ലോക്സഭാ സീറ്റിൽ അഞ്ചും നേടിയത് ശുഭ സൂചനയായിട്ടാണ് പാർട്ടി വിലയിരുത്തുന്നത്. ഒക്ടോബർ ഒന്നിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഈ ഗുസ്തിക്കാരിലൂടെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് പാർട്ടി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 90 സീറ്റിൽ 41 സീറ്റ് നേടിയ ബിജെപി ദുഷ്യന്ത് ചൗത്താലയുടെ പാർട്ടിയായ ജെജെപിയുടെ ഏഴ് അംഗങ്ങളുടെ സഹായത്തോടെയാണ് ഇപ്പോൾ ഭരിക്കുന്നത്. 29 സീറ്റുമായി കോൺഗ്രസ് പ്രതിപക്ഷത്തുണ്ട്. ആം ആദ്മി പാർട്ടിക്ക് നാല് സീറ്റുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ രൂപീകരിച്ച പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യമായിട്ടല്ല നിയമസഭയിൽ കോൺഗ്രസ് മത്സരിക്കുന്നത്. ഒറ്റക്കൊറ്റക്കാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും മത്സര രംഗത്തുള്ളത്.

ഗുസ്തിക്കാർക്ക് പുറമെ, കഴിഞ്ഞ രണ്ട് വർഷമായി സമരരംഗത്തുള്ള കർഷകരുടെ വോട്ടും പെട്ടിയിലാക്കാമെന്ന പ്രത്യാശയിലാണ് കോൺഗ്രസ്. 24 കാർഷിക ഉൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില നൽകണമെന്ന ആവശ്യത്തോട് കോൺഗ്രസ് പിന്തുണ അറിയിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി മറികടക്കാൻ ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സെയ്നി അഞ്ചര ലക്ഷം വരുന്ന കർഷകർക്കായി 525 കോടി രൂപയുടെ ബോണസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഈ നീക്കത്തിലൂടെ ഭരണവിരുദ്ധ വികാരം മറികടക്കാമെന്ന പ്രത്യാശയിലാണ് ബിജെപി.

രാജ്യത്തെ സൈനിക വിഭാഗങ്ങളിൽ നല്ലൊരു പങ്കും ഹരിയാനയിൽ നിന്നുള്ള യുവാക്കളാണ്. സൈനിക സേവനത്തിനായി ഹൃസ്വകാല പദ്ധതിയായ അഗ്നിപഥ് സ്കീം നടപ്പാക്കിയതിനെതിരെ ഹരിയാനയിൽ കടുത്ത പ്രതിഷേധമുണ്ട്. പ്രതിവർഷം 5,500 മുതൽ 6,000 വരെ യുവാക്കളാണ് സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിരുന്നത്. അഗ്നിപഥ് വന്നതോടെ റിക്രൂട്ട്മെൻ്റ് 900 ആയി കുറഞ്ഞു. അവരിൽ നൂറോ ഇരുന്നൂറോ പേർക്കാണ് സ്ഥിരം നിയമനം കിട്ടുന്നത്. ബാക്കിയുള്ളവർ നാലഞ്ച് വർഷം കഴിയുമ്പോൾ തൊഴിൽ രഹിതരായി അലയേണ്ടി വരുന്നു. കേന്ദ്രത്തിൻ്റെ പുതിയ നയത്തിനെതിരെ യുവാക്കൾക്കിടയിൽ കടുത്ത പ്രതിഷേധമുണ്ട്. ഈ പ്രതിഷേധം ആളിക്കത്തിക്കാനും കോൺഗ്രസ് മുന്നിലുണ്ട്.

പാർലമെൻ്റിൽ അഗ്നിവീറുകളുടെ ദുരവസ്ഥയെക്കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കടുത്ത വിമർശനങ്ങൾ ഉയർത്തിയിരുന്നു. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ അഗ്നിപഥ് സ്കീം എടുത്തുകളയുമെന്ന് കോൺഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ചിരുന്നു. സർക്കാർ ജോലികളിൽ 10 ശതമാനം സംവരണം അഗ്നിവീറുകൾക്ക് നൽകികൊണ്ട് ഹരിയാന സർക്കാർ ഉത്തരവ് ഈയടുത്ത കാലത്ത് പുറപ്പെടുവിച്ചിരുന്നു. എന്നാലും ഗ്രാമങ്ങളിലെ ചെറുപ്പക്കാരുടെ പ്രതിഷേധം തണുപ്പിക്കാൻ ഇത്തരം പൊടിക്കൈകൾ ഫലവത്താകില്ലെന്നാണ് ബിജെപിക്കാരും പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top