മോശം പെരുമാറ്റം; ഹര്‍മൻപ്രീതിനെതിരെ വിലക്ക് അടക്കം കൂടുതല്‍ അച്ചടനടപടികള്‍ക്ക് സാധ്യത

ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹര്‍മൻപ്രീത് കൗറിനെതിരെ കൂടുതൽ അച്ചടക്ക നടപടികൾക്ക് സാധ്യത. മാച്ച് ഫീയുടെ 75 ശതമാനം പിഴ ചുമത്തിയിട്ടുണ്ടെങ്കിലും ഹർമൻപ്രീതിന് മത്സരവിലക്കും നേരിടേണ്ടിവരും. താരത്തെ രണ്ട് മത്സരങ്ങളിൽനിന്ന് സസ്പെൻഡ് ചെയ്യാനാണ് ഐസിസിയുടെ തീരുമാനം. നാലു ഡീമെറിറ്റ് പോയിന്റുകളും ഹർമൻപ്രീതിനുമേൽ ഐസിസി ചുമത്തിയിട്ടുമുണ്ട്.
ഇതോടെ, ഏഷ്യന്‍ ഗെയിംസ് അടക്കം ഇന്ത്യയുടെ രാജ്യാന്തര മത്സരങ്ങളില്‍ ഹർമന്‍പ്രീതിന് വിലക്ക് വിലങ്ങാകും. ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യ നേരിട്ട് ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയിരുന്നു. റാങ്കിങ്ങിലെ ആദ്യ നാലു ടീമുകൾക്കാണ് ക്വാർട്ടർ ഫൈനൽ യോഗ്യതയുള്ളത്. ക്വാർട്ടർ പോരാട്ടവും, സെമിയിലെത്തിയാൽ ആ കളിയും ഇന്ത്യൻ ക്യാപ്റ്റനു നഷ്‍ടമാകും. ഹർമൻപ്രീത് കളിക്കാതിരുന്ന പക്ഷം, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയായിരിക്കും ഈ മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുക.
ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയിലെ മുന്നാം മത്സരത്തില്‍ പുറത്തായതിന് പിന്നാലെ ബാറ്റുകൊണ്ടു വിക്കറ്റ് തല്ലിയൊടിച്ച ഹര്‍മന്‍പ്രീത് അമ്പയറുടെ തീരുമാനത്തിനെതിരേ രൂക്ഷമായി പ്രതികരിച്ചിരുന്നു. മത്സരശേഷം ബംഗ്ലാദേശ് താരങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ നിങ്ങള്‍ക്ക് ട്രോഫി നേടിത്തരാന്‍ സഹായിച്ച അമ്പയര്‍മാരെ കൂടി വിളിക്കൂ എന്ന ഹര്‍മന്റെ പ്രതികരണവും വിവാദത്തിന് വഴിവെച്ചു. ഇതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് ടീമംഗങ്ങള്‍ ഫോട്ടോ എടുക്കാതെ ഗ്രൗണ്ട് വിടുകയും ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here