ഹർഷിന സമരം അവസാനിപ്പിച്ചു; പ്രതികളെ ഉടൻ അറസ്റ്റുചെയ്തേക്കും

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി തേടി ഹർഷിന നടത്തിയ സമരം പിൻവലിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുമ്പില്‍ 104 ദിവസമായി നടത്തിവന്ന സമരമാണ് അവസാനിപ്പിച്ചത്. ഡോക്ടര്‍മാരുള്‍പ്പെടെ നാലുപേരെ പ്രതി ചേര്‍ത്ത പോലീസ് നടപടിക്ക് പിന്നാലെയാണ് സമരം നിർത്തിവെയ്ക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.

പ്രസവശസ്ത്രക്രിയക്കിടെ ഡോക്ടര്‍മാരടങ്ങിയ സംഘത്തിന് പറ്റിയ കൈപ്പിഴയില്‍ നീതി തേടിയാണ് കഴിഞ്ഞ 104 ദിവസമായി ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ആരോഗ്യ വകുപ്പിന്‍റെ നടപടികളില്‍ അതൃപ്തിയുണ്ടെങ്കിലും പോലീസ് അന്വേഷണത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് സമരം അവസാനിപ്പിക്കാന്‍ ഹര്‍ഷിന തീരുമാനിച്ചത്. സമരം പൂര്‍ണ്ണ വിജയമാണെന്ന് ഹര്‍ഷിന പറഞ്ഞു. നഷ്പപരിഹാരം നല്‍കുന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പ് അനുകൂല തീരുമാനമെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, മതിയായ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഹര്‍ഷിനയുടെ സമരം. ഹര്‍ഷിനയെ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രസവ ശസ്ത്രക്രിയക്ക് വിധേയമാക്കിയ സംഘത്തിലെ രണ്ട് ഡോക്ടര്‍മാരേയും രണ്ട് നേഴ്സുമാരേയും പ്രതി ചേര്‍ത്ത് ഇന്നലെയാണ് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന് പിന്നാലെ ഇവരുടെ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാന്‍ അന്വേഷണ സംഘം നീക്കവും തുടങ്ങി. ഒരാഴ്ചക്കുള്ളില്‍ അന്വേഷണസംഘത്തിന് മുമ്പില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നാലു പ്രതികള്‍ക്കും നോട്ടീസ് നല്കി. പ്രതികള്‍ മുന്‍ കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായാണ് വിവരം. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം രണ്ടു വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top