സിപിഎം ഹരിയാനയിൽ കോൺഗ്രസിനൊപ്പം; ഒരു സീറ്റിൽ മത്സരിക്കും

അടുത്ത മാസം അഞ്ചിന് നടക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഒരു സീറ്റ് നൽകി കോൺഗ്രസ്. 89 സീറ്റിൽ കോൺഗ്രസും ഒരു സീറ്റിൽ സിപിഎമ്മും സഖ്യമായി മത്സരിക്കും. ഭിവാനി സീറ്റാണ് സിപിഎമ്മിന് വിട്ട് നൽകിയത്. പ്രാദേശിക സിപിഎം നേതാവ് ഓം പ്രകാശ് സ്ഥാനാർത്ഥിയാവും. ഇദ്ദേഹം സിപിഎം സംസ്ഥാന കമ്മറ്റി അംഗവും ഭിവാനി ജില്ലാ സെക്രട്ടറിയുമാണ്.

എന്നാൽ സമാജ് വാദി പാർട്ടി സഖ്യത്തിൻ്റെ ഭാഗമായി മത്സരിക്കാൻ തയ്യാറായില്ല. അവർ ഒറ്റയ്ക്ക് മത്സരിക്കാനിടയുണ്ട്. സോ​ഹ്ന മ​ണ്ഡ​ല​മാ​യി​രു​ന്നു സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി​ക്ക് മാ​റ്റി​വെ​ച്ചത്. എന്നാൽ അവസാന നിമിഷം ജെജെപി വിട്ട് കോൺഗ്രസിലെത്തിയ റോഷ് തേഷിന് ഈ മണ്ഡലം വിട്ടു കൊടുക്കയായിരുന്നു. കൂടുതൽ സീറ്റ് വേണമെന്ന് കടുംപിടിത്തം പിടിച്ചതിനെ തുടർന്ന് ആം ആദ്മി പാർട്ടിയുമായുള്ള സഖ്യം കോൺഗ്രസ് നേരത്തെ ഉപേക്ഷിച്ചിരുന്നു.

90 അംഗ നിയമ നിയമസഭയിൽ കോൺഗ്രസ് 89 സീറ്റിലാണ് മത്സരിക്കുന്നത്. 89 സീറ്റിലും ആം ആദ്മിയും മത്സരിക്കുന്നുണ്ട്. പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുന്നത് തിരിച്ചടിയാകുമോ എന്ന് കോൺഗ്രസ് ഭയപ്പെടുന്നുണ്ട്. ബിജെപിക്കെതിരെ ഭരണ വിരുദ്ധ വികാരം ശക്തമായതിനാൽ ഭരണം പിടിക്കാനാവുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. 2019ൽ 46 സീറ്റിൽ ആപ്പ് മത്സരിച്ചെങ്കിലും ഒന്നും നേടാനായില്ല.

37 വർഷം മുമ്പാണ് ഹരിയാനയിൽ ഒരു സ്ഥാനാർത്ഥി സിപിഎം ടിക്കറ്റിൽ ഏറ്റവും ഒടുവിൽ മത്സരിച്ച് ജയിച്ചത്. മുൻ മന്ത്രിയും ബിജെപി സിറ്റിംഗ് എംഎൽഎയുമായ ഘനശ്യാമാണ് ഭിവാനിയിൽ സിപിഎമ്മിൻ്റെ മുഖ്യ എതിരാളി. യുകോ ബാങ്കിലെ മാനേജരായിരുന്ന ഓം പ്രകാശ് 2014 വിആർഎസ് എടുത്താണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ബാങ്ക് ജീവനക്കാരുടെ സംഘടനാ നേതാവായിരുന്നു ഇദ്ദേഹം.

1987 ൽ തൊഹാന മണ്ഡലത്തിൽ നിന്ന് വിജയിച്ച ഹർപാൽ സിംഗാണ് ഏറ്റവും ഒടുവിൽ വിജയിച്ച ഹരിയാനയിലെ സിപിഎം നിയമസഭാംഗം. അതിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലൊന്നു പാർട്ടി സ്ഥാനാർത്ഥികൾ വിജയിച്ചിട്ടില്ല. ഇത്തവണ കോൺഗ്രസ് സഖ്യത്തിനൊപ്പം മത്സരിക്കുന്നതു കൊണ്ട് സിപിഎം സ്ഥാനാർത്ഥി രക്ഷപ്പെടുമെന്നാണ് കണക്കുകൂട്ടൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top