ഇന്ത്യയിലെ ശതകോടീശ്വരി; ബിജെപി എംപി നവീന്‍ ജിന്‍ഡലിന്റെ അമ്മ ഹരിയാനയില്‍ ബിജെപി വിമത; സാവിത്രി മത്സരിക്കുന്നത് സ്വതന്ത്രയായി
ബിജെപി എംപി നവീന്‍ ജിന്‍ഡലിന്റെ അമ്മ ഹരിയാനയില്‍ ബിജെപി വിമതയായി മത്സര രംഗത്ത്. ഹിസാറില്‍ ബിജെപി സീറ്റ് നിഷേധിച്ചതോടെയാണ് സാവിത്രി ജിന്‍ഡല്‍ ഹിസാറില്‍ വിമതവേഷം കെട്ടി അരങ്ങത്ത് എത്തിയത്. ഹരിയാന മന്ത്രി കമല്‍ ഗുപ്തയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി. നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസമായ ഇന്നാണ് അവര്‍ പത്രിക നല്‍കിയത്. “എന്നെ പിന്തുണയ്ക്കുന്നവര്‍ ഞാന്‍ ഹിസാറില്‍ മത്സരിക്കണം എന്ന് ആവശ്യപ്പെടുന്നു. ഇത് തള്ളാന്‍ എനിക്ക് കഴിയില്ല.” സാവിത്രി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും സമ്പന്ന വനിതയായ സാവിത്രി ജിന്‍ഡല്‍ ഗ്രൂപ്പിന്റെ ചെയര്‍ പേഴ്സണാണ്. മകന്‍ നവീന്‍ ജിന്‍ഡല്‍ കുരുക്ഷേത്രയില്‍ നിന്നുള്ള ബിജെപി എംപിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പാണ് നവീന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്. ഇതോടെ രണ്ട് തവണ കുരുക്ഷേത്രയില്‍ കോണ്‍ഗ്രസ് സീറ്റില്‍ വിജയിച്ച നവീന്‍ ഇതേ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുകയായിരുന്നു. ഇതോടെയാണ് സാവിത്രിയും ബിജെപിയില്‍ എത്തിയത്. ഔദ്യോഗികമായി താന്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നാണ് സാവിത്രി ഇപ്പോള്‍ അവകാശപ്പെടുന്നത്.
സാവിത്രിയുടെ ഭർത്താവും ജിൻഡൽ ഗ്രൂപ്പ് സ്ഥാപകനുമായ ഓം പ്രകാശ് ജിൻഡൽ 1991, 2000, 2005 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഹിസാറിൽ നിന്ന് വിജയിച്ചിരുന്നു. 2005ൽ ഹെലികോപ്റ്റർ അപകടത്തിൽ മരിക്കുന്ന സമയത്ത് ഭൂപീന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിലും മന്ത്രിയായിരുന്നു. ഭർത്താവിൻ്റെ മരണശേഷമാണ് സാവിത്രി രാഷ്ട്രീയത്തിൽ എത്തിയത്. 2005ൽ ഹിസാറിൽ നിന്ന് ഉപ തിരഞ്ഞെടുപ്പിൽ വിജയിച്ച അവർ ഹൂഡ സർക്കാരിൽ മന്ത്രിയായി. 2009ലെ തിരഞ്ഞെടുപ്പിൽ വീണ്ടും ഹിസാർ സീറ്റിൽ വിജയിച്ചു. 2013ൽ ഹൂഡ സർക്കാരിൽ വീണ്ടും മന്ത്രിയാകുകയും ചെയ്തു. 2014ൽ ഹിസാറിൽ പരാജയപ്പെട്ടു. ഇപ്പോഴത്തെ ബിജെപി സ്ഥാനാര്‍ഥിയായ കമല്‍ ഗുപ്തയോടാണ് സാവിത്രി പരാജയം രുചിച്ചത്. 2019ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കുരുക്ഷേത്രയിൽ മകൻ നവീനുവേണ്ടി സാവിത്രി പ്രചാരണം നടത്തിയിരുന്നു. ഹിസാർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി രഞ്ജിത് സിങ് ചൗട്ടാലയ്ക്ക് വേണ്ടിയും അവർ പ്രചാരണം നടത്തി. ഇക്കുറി ഹിസാർ സീറ്റിൽ സാവിത്രി സീറ്റ് പ്രതീക്ഷിച്ചതാണ്. എന്നാൽ രണ്ട് തവണ എംഎൽഎയും സെയ്‌നി മന്ത്രിസഭയില്‍ മന്ത്രിയുമായിരുന്ന കമൽ ഗുപ്തക്ക് വീണ്ടും സീറ്റ് നല്‍കുകയാണ് ബിജെപി ചെയ്തത്. തനിക്ക് കമല്‍ ഗുപ്തയില്‍ നിന്നും 2014ല്‍ ഏറ്റ പരാജയത്തിന് പകരം ചോദിക്കാനുള്ള അവസരം കൂടിയായി സാവിത്രിക്ക് സ്ഥാനാര്‍ഥിത്വം മാറുകയാണ്.
ഇക്കുറി നാമനിർദേശ പത്രികയിൽ സാവിത്രി നല്‍കിയ കണക്കുകള്‍ പ്രകാരം ആകെ ആസ്തി 270.66 കോടി രൂപയാണ്. 2009 ലെ തിരഞ്ഞെടുപ്പിൽആസ്തി 43.68 കോടി ആയിരുന്നു. 2014ലെ തിരഞ്ഞെടുപ്പ് സമയത്ത് സ്വത്ത് 113 കോടി വർദ്ധിച്ചു. ഫോബ്സ് മാഗസിന്റെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ ശതകോടീശ്വരയായ ഏക വനിത സാവിത്രിയാണ്. ഈ കഴിഞ്ഞ ഓഗസ്റ്റിൽ ജിൻഡാൽ ഗ്രൂപ്പിൻ്റെ ആസ്തി 39.5 ബില്യൺ ഡോളറായാണ് കണക്കാക്കപ്പെടുന്നത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും ധനികരായ സ്ത്രീകളിൽ ഒന്നാം സ്ഥാനത്തേക്ക് സാവിത്രി എത്തി. ഇന്ത്യയിലെ 10 ശതകോടീശ്വരന്മാരില്‍ ഒരാളും സാവിത്രിയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here