ഹരിയാന സംഘർഷം; 116 പേര്‍ അറസ്റ്റില്‍, മരണം ആറായി

ഹരിയാനയിലെ നുഹ് ജില്ലയിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ സംഘർഷത്തില്‍ മരണം ആറായി. ഹരിയാന ഹോംഗാർഡിലെ രണ്ട് അംഗങ്ങളും മറ്റു നാലു പേരുമാണ് സംഘർഷത്തില്‍ കൊല്ലപ്പെട്ടത്. ഒരാൾ  ബജ്രംഗ്ദൾ പ്രവർത്തകനാണെന്ന് സംഘടന സ്ഥിരീകരിച്ചു. ഗുരുഗ്രാമിലെ മസ്ജിദിലുണ്ടായ അക്രമത്തിൽ ഒരു ഇമാമും കൊല്ലപ്പെട്ടു. സംഭവത്തില്‍ ഇതുവരെ 116 പേർ അറസ്റ്റിലായി. 90 പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഘർഷവുമായി ബന്ധപ്പെട്ട് 41 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. പൽവാൽ, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ 14 യൂണിറ്റ് അർദ്ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ 20 അർധസൈനിക വിഭാഗങ്ങൾ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നുഹ്, ഗുരുഗ്രാം, സമീപ പ്രദേശങ്ങളിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി എന്നീ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നോട്ടീസയച്ചു. സംഘർഷ ബാധിത പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും വിദ്വേഷ പ്രസംഗങ്ങളോ അക്രമങ്ങളോ നടക്കുന്നില്ലെന്ന് ഉറപ്പാക്കാനും സുപ്രീം കോടതി കേന്ദ്രത്തോട് നിർദേശിച്ചു. ആവശ്യമായാല്‍ കൂടുതൽ പൊലീസിനെയോ അർധസൈനിക വിഭാഗത്തെയോ വിന്യസിക്കാനും, പ്രദേശത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി ഭാട്ടി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

നിർമൺ വിഹാർ മെട്രോ സ്റ്റേഷന് സമീപം വിഎച്ച്പിയുടെയും ബജ്‌റംഗ്ദളിന്റെയും പ്രതിഷേധം പ്രതീക്ഷിക്കുന്നതിനാൽ ഡൽഹി അതീവ ജാഗ്രതയിലാണ്. വിഎച്ച്പി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇരു സംഘടനകളും മനേസറിൽ മഹാപഞ്ചായത്തും നോയിഡയിൽ പ്രകടന ജാഥ നടത്താനും പദ്ധതിയിടുന്നുണ്ട്.

പശുക്കടത്ത് ആരോപിച്ച് രണ്ട് രാജസ്ഥാൻ സ്വദേശികളെ ചുട്ടുകൊന്ന കേസിലെ പ്രതിയും ബജ്റം​ഗ്ദൾ നേതാവുമായ മോനുമനേസർ ഘോഷയാത്രക്കെത്തുമെന്ന് ദിവസങ്ങൾക്ക് മുന്‍പ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചിരുന്നു. യാത്രയ്ക്കിടെ മേവാത്തിൽ തങ്ങുമെന്ന് മോനു മനേസർ പരസ്യമായി വീഡിയോയിലൂടെ വെല്ലുവിളിക്കുകയും ചെയ്തു. ഇതിനുപിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇരുവിഭാ​ഗങ്ങൾ തമ്മിൽ വാക്പോര് രൂക്ഷമായിരുന്നു.

ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അക്രമത്തെ പ്രതിരോധിക്കാന്‍ പൊലീസ് ജാ​ഗ്രത കാട്ടിയില്ലെന്ന വിമർശനം ശക്തമാണ്. ഏറ്റുമുട്ടലിൽ ബജ്‌റംഗ്ദൾ അംഗം മോനു മനേസറിന്റെ പങ്ക് പരിശോധനയിലാണെന്നാണ് പൊലീസിന്റെ പ്രതികരണം. നൂഹിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പ്രദേശത്ത് കർഫ്യൂവിന് താൽക്കാലിക ഇളവ് നൽകിയതായും സംസ്ഥാന പൊലീസ് മേധാവി പി കെ അഗർവാൾ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top