ഹരിയാന ബിജെപിയില്‍ പൊട്ടിത്തെറി; അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രിയാകണമെന്ന് അനില്‍ വിജ്; സെയ്നിക്ക് പിന്നില്‍ നേതൃത്വം

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ബിജെപിയില്‍ പാളയത്തില്‍ പട. ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ നയാബ് സിംഗ് സെയ്‌നി മുഖ്യമന്ത്രിയാകുമെന്ന് പാർട്ടി നേരത്തെ തന്നെ വ്യക്തമാക്കിയ സമയത്താണ് മുതിര്‍ന്ന എംഎല്‍എ അനിൽ വിജ് രംഗത്തുവന്നത്. ബിജെപി വിജയിച്ചാല്‍ തന്നെ മുഖ്യമന്ത്രിയാക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. “എന്നെ മുഖ്യമന്ത്രിയാക്കിയാൽ ഞാൻ ഹരിയാനയുടെ ചിത്രം മാറ്റും.” – വിജ് പറഞ്ഞു. അംബാല കന്റോണ്‍മെന്റ് സീറ്റിൽ നിന്നാണ് അദ്ദേഹം വീണ്ടും ജനവിധി തേടുന്നത്.

മുൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിൻ്റെ മന്ത്രിസഭയിൽ നിര്‍ണായക വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന വിജ് നയാബ് സിംഗ് സെയ്‌നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതുമുതൽ അസ്വസ്ഥനായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സീനിയോറിറ്റി പരിഗണിക്കണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നിയുടെ നേതൃത്വത്തിൽ ഹരിയാനയില്‍ വിജയിക്കാന്‍ ബിജെപിക്ക് കഴിയുമെന്ന് ജൂണിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. കുരുക്ഷേത്രയിലെ റാലിയിൽ പ്രധാനമന്ത്രി മോദിയും സെയ്നിക്ക് വേണ്ടി വോട്ട് തേടിയിരുന്നു. ഈ ഘട്ടത്തിലാണ് വിജിന്റെ പരാമര്‍ശങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.

ആറ് തവണ എംഎൽഎ ആയിട്ടുള്ള നേതാവാണ്‌ വിജ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ അവഗണിക്കാന്‍ നേതൃത്വത്തിന് പെട്ടെന്ന് കഴിയില്ല. ഹരിയാനയില്‍ വിജിന്റെ പ്രഖ്യാപനവും നീക്കങ്ങളും ബിജെപി കേന്ദ്രനേതൃത്വത്തില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഒക്ടോബർ അഞ്ചിന് നടക്കും. വോട്ടെണ്ണൽ ഒക്ടോബർ എട്ടിനുമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top