20 മണ്ഡലങ്ങളിലെ ഇവിഎം അട്ടിമറിയുടെ കൂടുതൽ തെളിവുകൾ കൈമാറിയെന്ന് സ്ഥാനാർത്ഥികൾ; ഹരിയാന ഫലം കോടതി കയറുമോ

ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഇവിഎം ക്രമക്കേട് ആരോപണത്തിൽ ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങാൻ കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാൽ, ജയറാം രമേശ്, പവൻ ഖേഡ, അജയ് മാക്കൻ എന്നിവർ തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടിരുന്നു. വോട്ടെണ്ണൽ വേളയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം കോൺഗ്രസ് കൂടുതൽ പരാതികളും സമർപ്പിച്ചു. പരാതി ഉന്നയിക്കപ്പെട്ട വോട്ടിങ് മെഷീനുകൾ സീൽ ചെയ്യണമെന്ന് കമ്മിഷനോട് നേരത്തേ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

മൂന്ന് ജില്ലകളിലെ വോട്ടിങ് മെഷീനുകളിൽ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. 20 മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നെന്നാണു പരാതികളിൽ പറയുന്നത്. നേരത്തെ ഏഴ് മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നെന്നാണ് കോൺഗ്രസ് ആരോപിച്ചിരുന്നത്. 13 പരാതികളാണ് പുതുതായി തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയത്. ക്രമക്കേട് ആരോപിക്കപ്പെടുന്ന ഇവിഎമ്മുകളിൽ ബിജെപിക്കാണു കൂടുതൽ വോട്ട് ലഭിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞിട്ടും ഇവിഎമ്മിൽ എങ്ങനെ 99 ശതമാനം ചാർജ് എങ്ങനെ വന്നുവെന്ന പ്രധാനമായ ആരോപണമാണ് ഉന്നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകളും സമർപ്പിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികള്‍ പറഞ്ഞു .

കോൺഗ്രസ് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉയർത്തുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ പ്രതികരിച്ചിരുന്നത്. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറി ജയറാം രമേശ് എന്നിവർ നൽകിയ പരാതിയോട് പ്രതികരിച്ചായിരുന്നു വിമർശനം. ഇവിഎം ചാർജിങ്ങുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നവുമില്ലെന്നും കമ്മിഷൻ പറഞ്ഞു.

ഒക്ടോബർ എട്ടിനാണ് ഹരിയാന തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. 90 അംഗ നിയമസഭയിൽ 48 സീറ്റുകൾ നേടി ബിജെപി മൂന്നാം തവണയും അധികാരം നിലനിർത്തി. 37 സീറ്റാണ് കോൺഗ്രസിനു ലഭിച്ചത്. എക്സിറ്റ് പോളുകൾ എല്ലാം കോൺഗ്രസിൻ്റെ വൻ വിജയമാണ് പ്രഖ്യാപിച്ചതെങ്കിലും പ്രവചനങ്ങൾ എല്ലാം തെറ്റുകയായിരുന്നു. ഫലപ്രഖ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ കോൺഗ്രസ് മുന്നേറ്റമാണ് ഉണ്ടായത്. ഡൽഹിയിലെ കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് ഉൾപ്പെടെ വിജയം ഉറപ്പിച്ച് ആഘോഷങ്ങൾ തുടങ്ങിയപ്പോഴായിരുന്നു ബിജെപിയുടെ അപ്രതീക്ഷിത തിരിച്ചുവരവുണ്ടായത്. അന്തിമഫലം വന്നപ്പോൾ കേവല ഭൂരിപക്ഷവും കടന്ന് ഭരണകക്ഷി ഒറ്റയ്ക്ക് അധികാരം നിലനിർത്തുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top