ഹരിയാന കയ്യിലായി; ബിജെപി നോട്ടം മഹാരാഷ്ട്രയിലേക്ക്; ലോക്സഭാ തിരഞ്ഞെടുപ്പിലെ മേല്‍ക്കൈ ഇന്ത്യാ സഖ്യത്തിന് നഷ്ടമാകുമോ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ആഞ്ഞുവീശിയത് കോണ്‍ഗ്രസ് കൊടുങ്കാറ്റായിരുന്നു. ബിജെപിയുടെ കോട്ടകൊത്തളങ്ങള്‍ തകര്‍ത്താണ് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാവികാസ് അഘാഡി  നേട്ടം കൊയ്തത്. 48 ലോക്സഭാ സീറ്റുകളില്‍ 30 സീറ്റുകളാണ് കോണ്‍ഗ്രസ് സഖ്യം പൊരുതി നേടിയത്. അതുകൊണ്ട് തന്നെ നിയമസഭാ തിരഞ്ഞെടുപ്പിന് അങ്കലാപ്പോടെയാണ് മഹാരാഷ്ട്രയില്‍ ബിജെപി ഒരുക്കം തുടങ്ങിയത്. പക്ഷെ ഹരിയാനയിലെ വിജയം ബിജെപി മഹാരാഷ്ട്ര ഘടകത്തിന് ആശ്വാസം പകര്‍ന്നിരിക്കുന്നു.

ഹരിയാന തിരഞ്ഞെടുപ്പ് ഫലം മോദിയിലുള്ള ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണെന്നാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചത്. മഹാരാഷ്ട്രയിലും ബിജെപി അധികാരത്തിലേക്ക് തിരിച്ചുവരും. ഫഡ്നാവിസ് പറഞ്ഞു. ഇതേ ശബ്ദം തന്നെയാണ് ബിജെപി മഹാരാഷ്ട്ര ഘടകം അധ്യക്ഷന്‍ ചന്ദ്രശേഖർ ബവൻകുലെയുടെതും. ഹരിയാന മഹാരാഷ്ട്രയില്‍ ആവര്‍ത്തിക്കും.- ബവൻകുലെ പറഞ്ഞു.

കോണ്‍ഗ്രസ് ഹരിയാനയില്‍ അധികാരത്തിലേറിയെങ്കില്‍ ചിത്രം തിരിച്ചാകുമായിരുന്നു. ഇന്ത്യ സഖ്യത്തിന് ആത്മവിശ്വാസം കൂടുമായിരുന്നു. കേന്ദ്രത്തിന് എതിരെ ശക്തമായി ആഞ്ഞടിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസും ആശങ്കയിലായി.പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ വാടിപ്പോയ ബിജെപി അണികള്‍ക്ക് ഉത്തേജനം നല്‍കാന്‍ ഹരിയാന സഹായിക്കും. ബിജെപി വിലയിരുത്തുന്നു.

മഹാരാഷ്ട്ര സർക്കാരിൻ്റെ അഞ്ച് വർഷത്തെ ഭരണത്തിൻ്റെ പകുതിയും ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയായിരുന്നു മുഖ്യമന്ത്രി. അതുകൊണ്ട് തന്നെ ഹരിയാന പോലെ ഭരണവിരുദ്ധ വികാരം വലിയ വിഷയമാകുമെന്ന് ബിജെപി നേതാക്കൾ പ്രതീക്ഷിക്കുന്നുമില്ല.

പക്ഷെ മഹാരാഷ്ട്രയില്‍ മറ്റ് പ്രശ്നങ്ങള്‍ പാര്‍ട്ടി നേരിടുന്നുണ്ട്. ഹരിയാനയില്‍ ബിജെപി-കോണ്‍ഗ്രസ് നേരിട്ടുള്ള പോരാട്ടമാണ് നടന്നത്. ഇവിടെ ആറ് പാർട്ടികൾ ഉൾപ്പെടുന്ന രണ്ട് സഖ്യങ്ങൾ തമ്മിലുള്ള മത്സരം. മഹാവികാസ് അഘാഡിയും മഹായുതി സഖ്യവുമാണ് ഏറ്റുമുട്ടുന്നത്. ഇരു മുന്നണികളിലും പാർട്ടികൾ തമ്മില്‍ സീറ്റ് വിഭജനത്തെച്ചൊല്ലി തർക്കമുണ്ട്. വലിയ വിഭാഗം നേതാക്കള്‍ക്ക് സീറ്റ് നഷ്ടം വരും. വിമത പ്രശ്നങ്ങള്‍ ഇരുമുന്നണികള്‍ക്കും പ്രശ്നം സൃഷ്ടിക്കും. ഇത് ഓരോ മണ്ഡലത്തിലെയും വിജയത്തെയും സ്വാധീനിച്ചേക്കാം.

മുന്നണിയിലെ തര്‍ക്കം ഒഴിവാക്കാന്‍ ഓരോ പാര്‍ട്ടിയും സിറ്റിംഗ് സീറ്റുകളില്‍ മത്സരിക്കാനാണ് ബിജെപി നിര്‍ദ്ദേശം. ആകെയുള്ള 288 സീറ്റുകളിൽ ബിജെപി 155 മുതൽ 160 വരെ സീറ്റുകളില്‍ മത്സരിക്കാനാണ് സാധ്യത. ഇതും മുന്നണിയില്‍ അസ്വസ്ഥയുണ്ടാകും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടുതവണ മുംബൈയില്‍ ചര്‍ച്ചയ്ക്ക് എത്തിയിരുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ബിജെപി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തിയത് നിങ്ങൾ ഓർക്കണമെന്നാണ് ഷാ പറഞ്ഞത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വോട്ടുചെയ്യാന്‍ അവരെ പ്രേരിപ്പിക്കണം എന്ന നിര്‍ദ്ദേശമാണ് അദ്ദേഹം നേതാക്കള്‍ക്ക് നല്‍കിയത്. മുഴുവന്‍ പരിവാര്‍ സംഘടനകളുടെയും സഹായം ബിജെപി തേടിയിട്ടുമുണ്ട്. എന്തായാലും ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനാണ് മഹാരാഷ്ട്രയില്‍ അരങ്ങൊരുങ്ങുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top